ചെമ്പില്‍ അനന്ത പദ്മനാഭന് വലിയ അരയന് കങ്കുമാരന്‍ എന്ന ചെമ്പില്‍ അരയന് തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന അവിട്ടം തിരുനാള്‍ ബാലരാമ വര്‍മ്മയുടെ നാവികസേനാ പടത്തലവനും ബ്രിട്ടീഷുകാര്‍ക്കെതിരെ യുദ്ധം ചെയ്ത തിരുവിതാംകൂറിലെ ആദ്യത്തെ സ്വാതന്ത്ര്യ സമരസേനാ നായകനും ആയിരുന്നു.
കോട്ടയം ജില്ലയിലെ വൈക്കം താലൂക്കില്‍ ചെമ്പില്‍ തൈലംപറമ്പില്‍ വീട്ടില്‍ ഈച്ചരന്കാളി ദമ്പതികളുടെ പുത്രനായിട്ടാണ് 1761 ഏപ്രില്‍ 23 ന് ചെമ്പിലരയന്‍ ജനിച്ചത്. എല്ലാവിധ ആയുധമുറകളുടെയും അഭ്യാസകേന്ദ്രമായിരുന്നു തൈലംപറമ്പ്. തറവാട്ടിലെ സ്ത്രീകള്‍പോലും അഭ്യാസികളായിരുന്നു.
തിരുവിതാംകൂറിന്റെയും, കൊച്ചിയുടെയും, മലബാറിലെയും നാവിക സേനയുടെ സമ്പൂര്‍ണ്ണ നിയന്ത്രണം അരയര്ക്കായിരുന്നു. തിരുവിതാംകൂറിലെയും, കൊച്ചിയിലെയും അരയര്‍ വേലുത്തമ്പി ദളവയുടേയും, ചെമ്പില്‍ അരയന്റെയും നേതൃത്വത്തില്‍ 1808 ല്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പടനയിച്ചു. ഇതായിരുന്നു, കേരളത്തിലെ ബ്രിട്ടീഷ് മേല്ക്കൊയ്മെക്കിതിരെ നടന്ന ആദ്യത്തെ സമരം.
തിരുവിതാംകൂര്‍ ഭരിച്ചിരുന്ന ബാല രാമ വര്‍മ്മ രാജാവും, ബ്രിട്ടീഷ് റസിഡന്റ് ആയ മെക്കാളെയും തമ്മില്‍ കപ്പം നല്‍കുന്നത് സംബന്ധിച്ച് കരാറുണ്ടായിരുന്നു. തിരുവിതാംകൂറിലെ കാര്യങ്ങള്‍ നടത്തിയിരുന്ന വേലുത്തമ്പി ദളവയെ മെക്കാളെക്ക് ഇഷ്ട്ടമായില്ല. തുടര്‍ന്ന് മെക്കാളെ കപ്പം കുത്തനെ ഉയര്‍ത്തി. ജനങ്ങള്‍ ഇതിന്റെ ദുരിതം അനുഭവിച്ചത് ദളവയെ വിഷമിപ്പിച്ചു. തുടര്‍ന്ന് ബ്രിട്ടീഷ് ആധിപത്യം അവസാനിപ്പിക്കാന്‍ ദളവ കുണ്ടറ വിളംബരം പുറപ്പെടുവിച്ചു
. വേലുത്തമ്പി ദളവയുടെ ആഹ്വാനം ഉള്‍ക്കൊണ്ടു ബ്രിട്ടീഷുകാര്‍ക്കെതിരെ ആഞ്ഞടിക്കാന്‍ അരയന് തീരുമാനിച്ചു. 1808 ഡിസംബര്‍ 29 ന് ചെമ്പില്‍ അരയന്റെ നേതൃത്വത്തില്‍ സൈന്യം കൊച്ചിക്കായലിലൂടെ ഓടിവള്ളത്തിലെത്തി ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ അന്നത്തെ റസിഡന്റ് കോളിന് മെക്കാളെയുടെ വസതിയായിരുന്ന കൊച്ചിയിലെ ബോള്‍ഗാട്ടി പാലസ് ആക്രമിച്ചു. മെക്കാളെ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. എന്നാല്‍ പിന്നീട് അരയന് പിടിക്കപ്പെട്ടു. ബ്രിട്ടീഷ് സേനയുടെ ക്രൂരമായ മര്‍ദ്ധനത്തെ തുടര്‍ന്ന് ആ ധീര യോദ്ധാവ് 1811 ജനുവരി 13 ന് നാട് നീങ്ങി.
സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തില്‍ കേരളക്കരയുടെ ധീര സ്വാതന്ത്ര്യ സമര സേനാനി ചെമ്പില്‍ അരയന്റെ ഓര്‍മ്മകള്‍ക്ക് പ്രണാമങ്ങള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: