കേരളത്തെ വീണ്ടെടുക്കാന്‍ കേളപ്പജിയിലേക്ക് മടങ്ങുക എന്ന മുദ്രാവാക്യവുമായി ആരംഭിച്ച ഉപ്പുസത്യഗ്രഹ സ്മൃതിയാത്ര ഇന്ന് പയ്യന്നൂരില്‍ സമാപിക്കുമ്പോള്‍ അത് ഐക്യകേരളത്തിന്റെ ആറര പതിറ്റാണ്ടുകാലത്തെ ചരിത്രത്തില്‍ പുതിയൊരധ്യായം എഴുതിച്ചേര്‍ക്കുകയാണ്. മഹത്തായ പല മാറ്റങ്ങള്‍ക്കും വഴിതെളിച്ച മഹാസംഭവങ്ങള്‍ അരങ്ങേറിയ കോഴിക്കോട്ടെ മുതലക്കുളം മൈതാനിയില്‍നിന്ന് തുടക്കം കുറിച്ച യാത്രയ്ക്ക് ആവേശോജ്വലമായ സ്വീകരണമാണ് തുടര്‍ന്നുള്ള ദിവസങ്ങളില്‍ ജനങ്ങള്‍ നല്‍കിയത്. പതിറ്റാണ്ടുകള്‍ നീണ്ട ഭാരത സ്വാതന്ത്ര്യസമരത്തിന്റെ പ്രേരണ ആര്‍ഷസംസ്കാരമാണെന്നും, നാടിനെ അമ്മയായി കാണുന്ന സംസ്കാരം ഭാരതത്തിനു മാത്രം അവകാശപ്പെട്ടതാണെന്നും യാത്രയുടെ പതാക കൈമാറിക്കൊണ്ട് അഭിപ്രായപ്പെട്ട ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, പതിനായിരക്കണക്കിനാളുകള്‍ വിദ്യാഭ്യാസവും തൊഴിലും ഉപേക്ഷിച്ചും ജീവന്‍തന്നെ നല്‍കിയും സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടാനുള്ള കാരണം ഇതാണെന്നും ചൂണ്ടിക്കാട്ടുകയുണ്ടായി. സ്വാതന്ത്ര്യലബ്ധിയുടെ എഴുപത്തിയഞ്ചാം വാര്‍ഷികം അമൃതോത്സവമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച യാത്രയ്ക്ക് സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരായ നിരവധിപേരുടെ അനുഗ്രഹാശിസ്സുകള്‍ ലഭിച്ചു. കോസ്റ്റ് ഗാര്‍ഡ് മുന്‍ ഡയറക്ടര്‍ പ്രഭാകരന് പലേരി, അമൃതമഹോത്സവ് സംഘാടകസമിതി ചെയര്മാന് റിട്ട. ലഫ്റ്റനന്റ് ജനറല്‍ ശരത്ചന്ദ്, സ്വാതന്ത്ര്യസമര സേനാനി തായാട്ട് ബാലന്, സ്വാതന്ത്ര്യസമരസേനാനി കെ. മാധവന്നായരുടെ പൗത്രി പി. സിന്ധു, നടന്മാരായ ദേവന്, കൃഷ്ണകുമാര്‍ എന്നിങ്ങനെ നിരവധിപേര്‍ യാത്രാപഥങ്ങളില്‍ ഭാഗഭാക്കായി. യാത്ര ഫ്ളാഗ് ഓഫ് ചെയ്യാന്‍ കോഴിക്കോട് മേയര്‍ ബീനാ ഫിലിപ്പ് എത്തിയത് അഭിമാനകരമായ മുഹൂര്‍ത്തമായിരുന്നു.
അടിമുടി ഗാന്ധിയനായിരുന്ന കെ. കേളപ്പന് ഗാന്ധിജിയുടെ ഉറ്റ അനുയായിയായിരുന്നു. കേരളത്തില്‍ ഗാന്ധിയന്മാര് പലരുണ്ടെങ്കിലും കേരളഗാന്ധി ഒന്നേയുള്ളൂ. അത് കേളപ്പജിയായിരുന്നു. കേളപ്പജിയില്‍നിന്ന് അകന്നുപോയതാണ് കേരളത്തിന്റെ അപഥസഞ്ചാരത്തിന് വഴിവെച്ചതെന്ന് പറയാം. കേരളത്തില്‍ സ്വാതന്ത്ര്യസമരത്തിന്റെ നെടുനായകത്വം വഹിച്ച കേളപ്പജി അയിത്തോച്ചാടനവും മദ്യവര്‍ജനവും ഹരിജനോദ്ധാരണവും പോലുള്ള നിര്‍മാണാത്മക പരിപാടികള്‍ ഏറ്റെടുത്തു വിജയിപ്പിച്ചയാളാണ്. മതവര്‍ഗീയശക്തികളുടെ പടയോട്ടത്തില്‍ തകര്‍ന്നുപോയ ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാനും, മാപ്പിളലഹളക്കാലത്ത് നെഞ്ചുവിരിച്ചുനിന്ന് മതഭ്രാന്തന്മാരെ നേരിടാനും, വര്‍ഗീയപ്രീണനത്തിന്റെ ഭാഗമായി മതത്തിന്റെ പേരില്‍ ഒരു ജില്ലതന്നെ നല്കാന് അന്നത്തെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ അതിനെതിരെ പടപൊരുതാനും മടിക്കാതിരുന്ന ദേശീയവാദിയായിരുന്നു കേളപ്പജി. ഭരണത്തിന്റെ തണലില്‍ പരസ്പരം കൈകോര്‍ത്ത കമ്യൂണിസ്റ്റുകാരെയും വര്‍ഗീയവാദികളെയും ഒന്നിച്ച് നേരിട്ട് ഐതിഹാസികമായ സമരത്തിലൂടെ തളിക്ഷേത്രം പുനരുദ്ധരിച്ചത് കേളപ്പജിയുടെ നേതൃത്വത്തിലായിരുന്നു. പില്ക്കാലത്ത് മുന്നണി രാഷ്ട്രീയത്തിന്റെ ചെലവില്‍ വര്‍ഗീയശക്തികള്‍ കരുത്താര്‍ജിക്കാനും, അധികാരത്തിന്റെ ചുക്കാന്‍ പിടിക്കാനും ഇടയായത് കേളപ്പജി വിജയകരമായി മുന്നോട്ടുകൊണ്ടുപോയ പോരാട്ടത്തെ പാതിവഴിക്ക് ഉപേക്ഷിച്ചതിനാലാണ്. ഇന്ന് കേരളത്തിന് വിലപറയുന്ന തരത്തിലേക്ക് വളര്‍ന്നിരിക്കുന്ന വര്‍ഗീയശക്തികളെ നേരിടണമെങ്കില്‍ കേളപ്പജിയില്‍നിന്ന് ഊര്‍ജം സ്വീകരിക്കേണ്ടതുണ്ട്.
കേളപ്പജിയുടെ നേതൃത്വത്തില്‍ കോഴിക്കോട്ടുനിന്ന് പയ്യന്നൂരിലേക്ക് നടന്ന ഉപ്പുസത്യഗ്രഹയാത്ര കേരളത്തിലെ സ്വാതന്ത്ര്യസമരത്തിലെ നാഴികക്കല്ലാണ്. ഗാന്ധിജിയെ അപഹസിക്കുകയും ഭാരതത്തിന്റെ സ്വാതന്ത്ര്യസമരത്തെ അതിന്റെ നിര്‍ണായക ഘട്ടങ്ങളിലെല്ലാം ഒറ്റുകൊടുക്കുകയും ചെയ്ത കമ്യൂണിസ്റ്റുകള്‍ കേളപ്പജിയെ അവഗണിച്ചതിലും തമസ്കരിച്ചതിലും അത്ഭുതപ്പെടാനില്ല. ഒരുഘട്ടത്തില്‍ ആ അഹിംസാവാദിയെ കൊലപ്പെടുത്താന്‍ പോലും അവര്‍ തയ്യാറായെന്ന് അതിന് നിയോഗിക്കപ്പെട്ടയാള്‍തന്നെ പിന്നീട് വെളിപ്പെടുത്തുകയുണ്ടായി. ആരാധനാസ്വാതന്ത്ര്യത്തിനുവേണ്ടി ഗുരുവായൂര്‍ സത്യഗ്രഹം നടത്തിയ കേളപ്പജിയുടെ ശിഷ്യന്മാരായി പൊതുരംഗത്തുവന്നവര്‍ക്ക് പാര്‍ട്ടി പരിഗണന വച്ച് സത്യഗ്രഹത്തിന്റെ പേരില്‍ സ്മാരകം പണിതപ്പോള്‍ കേളപ്പജിയെ അവഗണിച്ചത് ചരിത്രത്തോടു കാണിച്ച വഞ്ചനയായിരുന്നു. നൂറ്റിയമ്പതോളം കിലോമീറ്റര്‍ സഞ്ചരിച്ച ഉപ്പുസത്യഗ്രഹ സ്മൃതിയാത്ര ഒരര്‍ത്ഥത്തില്‍ കേളപ്പജിയിലൂടെയുള്ള യാത്രയായിരുന്നു. യാത്രയ്ക്കിടെ വിഷുദിനത്തില്‍ കേളപ്പജിയുടെ തറവാടായ ഒതയോത്ത് വിഷു സദ്യയൊരുക്കിയതും, സാംസ്കാരികോത്സവം സംഘടിപ്പിച്ചതും ഓര്‍മകളെ വിളിച്ചുണര്‍ത്തി. കേളപ്പജിയുടെ പൗത്രനും ഫോട്ടോഗ്രാഫറുമായ നന്ദകുമാര്‍ മൂടാടി യാത്രയുടെ ഭാഗമായത് തലമുറവിടവിനെ ഇല്ലാതാക്കി. സ്വതന്ത്രഭാരതത്തിന്റെ ഉത്തമതാല്‍പര്യങ്ങളില്‍നിന്നും ഉജ്വലമായ ലക്ഷ്യങ്ങളില്‍നിന്നും വല്ലാതെ വ്യതിചലിച്ചുപോയ സംസ്ഥാനമാണ് കേരളം. ദേശീയശക്തികള്‍ക്ക് ഇവിടെ മേല്‍ക്കൈ ലഭിക്കാതെ പോയതാണ് ഇതിനു കാരണം. കേളപ്പജിയുടെ ആദര്‍ശതീവ്രമായ ജീവിതത്തില്‍നിന്നും, ആ മഹാനുഭാവന് നടത്തിയ പോരാട്ടങ്ങളില്‍നിന്നും പുതിയ കേരളം പടുത്തുയര്‍ത്താനുള്ള നിലമൊരുക്കിയിരിക്കുകയാണ് ഉപ്പുസത്യഗ്രഹ സ്മൃതിയാത്ര.
പ്രതികരിക്കാൻ ഇവിടെ എഴുതുക: