തിരുവനന്തപുരം: കൈരളി ടിഎംടി സ്റ്റീല്‍ കമ്പനി നടത്തിയ 400 കോടിയുടെ വ്യാജ ജിഎസ്ടി ബില്‍ വെട്ടിപ്പ് കേസിലെ ഡയറക്ടര്‍ ഹുമയൂണ്‍ കള്ളിയത്തിന്റെ ജാമ്യഹര്‍ജിയില്‍ സര്‍ക്കാര്‍ നിലപാടറിയിക്കാന്‍ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയാണ് പ്രതിയുടെ ജാമ്യ ഹര്‍ജിയില്‍ നിലപാടറിയിക്കാന്‍ സര്‍ക്കാരിനോടും ജിഎസ്ടി ഇന്റലിജന്റസ് ഓഫീസറോടും നിര്‍ദേശിച്ചത്.
2020 മുതലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാലക്കാട് കഞ്ചിക്കോട്ടും തമിഴ്നാട് സേലത്തും സ്റ്റീല്‍ ബാറുകള്‍ അടക്കമുള്ള കെട്ടിടനിര്‍മാണ ഫാക്ടറിയുള്ള കമ്പനിയാണ് ടിഎംടി. ഒരു വര്‍ഷത്തില്‍ ആയിരം കോടിയുടെ വിറ്റുവരവുള്ള സ്ഥാപനമെന്നാണ് അവകാശപ്പെടുന്നത്. കമ്പനിയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹുമയൂണ്‍ 400 കോടി രൂപയുടെ വ്യാജ വില്‍പ്പന രേഖയുണ്ടാക്കി 43 കോടി രൂപ ജിഎസ്ടി ക്രെഡിറ്റ് അപഹരിച്ചെടുത്ത് സര്‍ക്കാരിനെ വഞ്ചിച്ചുവെന്നാണ് കേസ്.
ഹുമയൂണ്‍ തന്റെ പേരില്‍ ഇല്ലാത്ത ഒരു സ്ഥാപനത്തിന്റെ വ്യാജവിലാസത്തില്‍ ആണ് ബില്ലുകള്‍ ഉണ്ടാക്കി പണം തട്ടിയെടുത്തത്. തിരുവനന്തപുരം ജിഎസ്ടി ഇന്റലിജന്റ്സ് യൂണിറ്റാണ് കുറ്റകൃത്യം കണ്ടെത്തി കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 20 മുതല്‍ റിമാന്‍ഡില്‍ കഴിയുകയാണ് പ്രതി ഹുമയൂണ്‍ കള്ളിയത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: