ആംസ്റ്റര്‍ഡാം:ഇസ്ലാം വിദ്വേഷം നെതര്‍ലാന്റ്സില്‍ പടര്‍ന്നുപിടിക്കുന്നതായി പഠനം. നെതര്ന്റ്സിന്റെ തലസ്ഥാനമായ ആംസ്റ്റര്‍ ഡാമില്‍ കടുത്ത വിവേചനമാണ് മുസ്ലിങ്ങള്‍ക്കെതിരെ നിലനില്‍ക്കുന്നതെന്ന് നെതര്‍ലാന്റ്സിലെ പത്രം എന്‍എല്‍ ടൈംസ് പറയുന്നു.
ഹിജാബ് ധരിക്കയ്ക്കുന്നവരെ വാക്കുകളാല്‍ അധിക്ഷേപിക്കുന്ന അവസ്ഥയുണ്ടെന്നും മുസ്ലിമായതിനാല് കമ്പനികള്‍ ഇന്റേണ്‍ഷിപ്പ് ജോലികള്‍ ലഭിക്കുന്നില്ലെന്നും പറയുന്നു. സമൂഹമാധ്യമങ്ങളില്‍ നിരന്തരം മുസ്ലിംസമുദായത്തിനെതിരായ വിദ്വേഷപ്രസംഗങ്ങള്‍ പതിവാണ്.
അവിടെ ഇസ്ലാം വിദ്വേഷം അവിടുത്തെ സമൂഹത്തിന്റെ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞെന്നും ഇതു സംബന്ധിച്ച് ഗവേഷണം നടത്തിയവര്‍ പറയുന്നതായി എന്‍എല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
നെതര്‍ലാന്റ്സില്‍ രണ്ടാമത്തെ വലിയ മതമാണ് ഇന്ന് ഇസ്ലാം. 2018ലെ കണക്കനുസരിച്ച് അവിടെ അഞ്ച് ശതമാനം പേര് ഇസ്ലാം മതക്കാരാണ്. സുന്നിയാണ് ഭൂരിഭാഗവും. രാജ്യത്തെ നാല് പ്രധാനനഗരങ്ങളായ ആംസ്റ്റര്‍ഡാം, റോട്ടര്‍ഡാം, ഹേഗ്, യുട്രെക്റ്റ് എന്നിവിടങ്ങളില്‍ മുസ്ലിങ്ങള്‍ താമസിക്കുന്നു. മുസ്ലിങ്ങളുടെ ജനസംഖ്യയിലുണ്ടായ അഭൂതപൂര്‍വ്വമായ വളര്‍ച്ചയാണ് അവിടുത്തെ വലതുപക്ഷ പാര്‍ട്ടികളെ ഇസ്ലാമിനെതിരെ തിരിയ്ക്കുന്നത്.
അവിടുത്തെ വലതുപക്ഷ പാര്‍ട്ടിയുടെ നേതാവും എംപിയുമായ ഹീര്‍ത്ത് വെല്‍ഡേഴ്സ് അവിടെ മുസ്ലിം പള്ളികളും മുസ്ലിം കുടിയേറ്റവും വേണ്ടെന്ന് കര്‍ശനമായി അഭിപ്രായപ്പെടുന്ന വ്യക്തിയാണ്. അദ്ദേഹം മുസ്ലിമിനെതിരല്ല, പക്ഷെ ഇസ്ലാമിനെതിരാണ്. ‘ഇസ്ലാം ഒരു മതമല്ല, ഒരു ആശയസംഹിതയാണ്’- ഹീര്‍ത്ത് വെല്‍ഡേഴ്സ് പറയുന്നു.
ഇസ്ലാമിന്റെ വിശുദ്ധ പുസ്തകത്തെ ഹിറ്റലറുടെ മീന്‍ കാഫ് എന്ന ഗ്രന്ഥവുമായാണ് റോമന്‍ കാത്തലിക്കായ ഹീര്‍ത്ത് വെല്‍ഡേഴ്സ് താരതമ്യം ചെയ്യുന്നത്. ഇസ്ലാം ഒരു യഥാര്‍ത്ഥ ഭീഷണിയാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ഇദ്ദേഹത്തിന്റെ പിപ്പിള്‍സ് പാര്‍ട്ടി അവിടെ വളരുകയാണ്. പ്രത്യേകിച്ചും ഇസ്ലാം വിരുദ്ധതയിലൂടെ 15 ശതമാനം വോട്ടുകളാണ് നേടിയത്. ഇദ്ദേഹത്തിന്റെ സ്വാധീനത്തില്‍ യൂറോപ്പിലെങ്ങും തീവ്രവലതുപക്ഷ പാര്‍ട്ടികള്‍ വളര്‍ന്നു പൊങ്ങുകയാണ്.
തിയോഡൊര്‍ വാന്‍ ഗോഗ് എന്ന ഡച്ച് സംവിധായകന്റെ കൊലപാതകം ഹീര്‍ത്ത് വെല്‍ഡേഴ്സിനെ സ്വാധീനിച്ചിരുന്നു. ഇസ്ലാം സ്ത്രീയ്ക്കെതിരെ പുലര്‍ത്തുന്ന വിവേചനത്തെ ശക്തമായി വിമര്‍ശിക്കുന്ന ‘സബ്മിഷന്’ എന്ന ഹ്രസ്വ സിനിമയുടെ സംവിധായകനായ തിയോ വാന്‍ ഗോഗിനെ മുഹമ്മദ് ബുയേരി എന്ന ഇസ്ലാം തീവ്രവാദി ആംസ്റ്റര്‍ഡാമിലെ തെരുവില്‍ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഈ സംഭവം വലിയൊരു ഇസ്ലാം വിരുദ്ധ മുന്നേറ്റത്തിന് കാരണമായി. സ്ത്രീകള്‍ക്കെതിരെ ചില ഇസ്ലാം സമൂഹങ്ങളില്‍ നിലനില്‍ക്കുന്ന പീഢനങ്ങളാണ് 10 മിനിറ്റ് ദൈര്‍ഘ്യമുള്ള സിനിമ തുറന്നുകാട്ടുന്നത്. ഈ കൊലപാതകം വലിയൊരളവില്‍ തീവ്രവലതുപക്ഷ പാര്‍ട്ടികളുടെ വളര്‍ച്ചയ്ക്ക് സഹായകരമായി.
നെതര്‍ലാന്റ്സിലെ സ്കൂളുകളിലും ഇസ്ലാം വിരുദ്ധ പരാമര്‍ശങ്ങള്‍ കുട്ടികള്‍ക്കിടയില്‍ സാധാരണമാണെന്ന് പറയപ്പെടുന്നു. തൊഴിലിടങ്ങളിലും മതത്തിന്റെ പേരില്‍ തിരസ്കരിക്കപ്പെടുന്ന സ്ഥിതിവിശേഷവും നിലനില്‍ക്കുന്നതായി പഠനം പറയുന്നു. ഹിജാബ് ധരിയ്ക്കുന്നവരെ അധിക്ഷേപിക്കുന്നത് പതിവാണത്രെ. ബസുകളിലും പൊതുഇടങ്ങളിലും ഇത്തരം അവഗണന നിരവധി പേര് നേരിടുന്നതായി പഠനം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: