തിരുവനന്തപുരം: കെഎസ്ഇബിയിലെ സിഐടിയു സംഘടനയായ ഓഫീസേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് എം.ജി. സുരേഷ് കുമാറിനെ വീണ്ടും ഷോക്കടിപ്പിച്ച് ചെയര്മാന്. കെഎസ്ഇബിയുടെ വാഹനം ദുരുപയോഗം ചെയ്തതിന് പിഴ ഒടുക്കണമെന്നു കാണിച്ച് നോട്ടീസ് നല്കി. സസ്പെന്‍ഷനും സ്ഥലംമാറ്റത്തിനും പിന്നാലെയാണ് പിഴയടയ്ക്കാന്‍ സുരേഷ് കുമാറിനു നോട്ടീസ് നല്‍കിയത്.
ഇന്ധനച്ചെലവും പിഴയുമടക്കം 6,72,560 രൂപ 21 ദിവസത്തിനകം ഒടുക്കണം. പിഴയടച്ചില്ലെങ്കില്‍ അടുത്ത 12 മാസത്തെ ശമ്പളത്തില്‍ നിന്ന് 12 ശതമാനം പലിശ സഹിതം ഈടാക്കുമെന്നാണ് ഉത്തരവ്. ആക്ഷേപം തെറ്റാണെന്നു തെളിയിക്കാന്‍ 10 ദിവസത്തെ സാവകാശം നല്‍കിയിട്ടുണ്ട്.
മുന്‍ മന്ത്രി എം.എം. മണിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു എം.ജി. സുരേഷ് കുമാര്‍. അപ്പോള്‍ കെഎസ്ഇബിയുടെ വാഹനമാണ് സുരേഷ് കുമാര്‍ ഉപയോഗിച്ചിരുന്നത്. കോഴിക്കോട് കുറ്റ്യാടിയിലെ വീട്ടിലേക്കു നിരവധി തവണ പോയതുള്‍പ്പെടെ 48,640 കിലോമീറ്റര്‍ ഔദ്യോഗിക ആവശ്യത്തിനല്ലാതെ ഉപയോഗിച്ചെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കെഎസ്ഇബിയില്‍ സീനിയര്‍ അസിസ്റ്റന്റായി വിരമിച്ച കെ.കെ. സുരേന്ദ്രന്റെ പരാതിയെ തുടര്‍ന്നാണ് നടപടി.
എം.എം. മണി അറിഞ്ഞിട്ടാണ് വാഹനം ഉപയോഗിച്ചതെന്ന് സുരേഷ് കുമാര്‍ പറഞ്ഞു. കെഎസ്ഇബിയിലെ ഓഫീസര്‍മാരുടെ പ്രശ്നങ്ങള്‍ സംബന്ധിച്ച് കഴിഞ്ഞ ദിവസം മന്ത്രി കെ.കൃഷ്ണന്‍കുട്ടി ചര്‍ച്ച നടത്തിയിരുന്നു. ഒരാഴ്ചയ്ക്കു ശേഷം രമ്യമായി പരിഹരിക്കുമെന്നായിരുന്നു മന്ത്രി വ്യക്തമാക്കിയത്. എന്നാല്‍ വീണ്ടും സുരേഷ് കുമാറിനെതിരേ നടപടി സ്വീകരിച്ചത് ഇടതു യൂണിയനെ ഞെട്ടിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: