തിരുവനന്തപുരം: ഡിവൈഎഫ്ഐ സംസ്ഥാന അധ്യക്ഷയായി ചിന്താ ജെറോമിനെ കൊണ്ടുവരാതിരിക്കാന്‍ നീക്കവുമായി സിപിഎമ്മിലെ ഒരു വിഭാഗം. പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ സംഘടനയിലെ ഉന്നതപദവി കൊടുക്കുന്നത് ഇരട്ടപ്രമോഷന്‍ ആകുമെന്നുള്ള വാദമാണ് ഈ വിഭാഗം ഉയര്‍ത്തുന്നത്. എന്നാല്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ നോമിനിയെ പ്രസിഡന്റ് ആക്കാനുള്ള ഒരുക്കങ്ങളാണ് അണിയറയില്‍ നടക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം.
വി വസീഫിനെ സംഘടനയുടെ പ്രസിഡന്റ് ആക്കണമെന്നാണ് സംസ്ഥാന നേതൃത്വം പാര്‍ട്ടിയോടെ ആവശ്യപ്പെട്ടിരിക്കുന്നത്. ഇപി ജയരാജന്റെ സാന്നിധ്യത്തില്‍ കഴിഞ്ഞദിവസം ചേര്‍ന്ന ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ഫ്രാക്ഷന് യോഗത്തിലാണ് വസീഫിന്റെ പേര് മുന്നോട്ടുവെച്ചത്. ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ പ്രസിഡന്റ് ആയിരുന്ന വസീഫ് മന്ത്രി മുഹമ്മദ് റിയാസിന്റെ വിശ്വസ്തന് കൂടിയാണ്.
അടുത്തയാഴ്ച പത്തനംതിട്ടയിലാണ് ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം നടക്കുക. അതിലാകും പുതിയ ഭാരവാഹികളെ പ്രഖ്യപിക്കുക. ആറുമാസം മുന്‍പ് സെക്രട്ടറി പദവിയിലേക്കെത്തിയ വി കെ സനോജ് സെക്രട്ടറി പദവയില്‍ തുടരുമെന്നാണ് ലഭിക്കുന്ന സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: