ശ്രീകാകുളം: ‘പ്രേതബാധയെ’ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് ആന്ധപ്രദേശിലെ ഒരു ഗ്രാമം. ഒരു മാസംകൊണ്ട് ഗ്രാമത്തിലെ നാല് പേര് മരിച്ചിരുന്നു. നിഗൂഢമായ മരണത്തിന് പ്രേതബാധയാകാം കാരണം എന്ന് കരുതിയാണ് ഏട്ട് ദിവസത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.
ആന്ധ്ര പ്രദേശിലെ വെണ്ണലവലസ എന്ന ഗ്രാമത്തിലാണ് വിചിത്രമായ നടപടി. പൊതുവെ ‘പ്രേതബാധകള്‍ക്ക് ഹോമം, മന്ത്രവാദം തുടങ്ങിയ നടപടികളാണ് ‘പ്രയോഗിക്കാറുള്ളത്’. എന്നാല്‍ ഗ്രാമം മൊത്തം അടച്ചിട്ടാണ് വെണ്ണലവലസ ഗ്രാമവാസികള്‍ ‘പിശാചിനെ’ നേരിടുന്നത്. ഒരു മാസത്തിനിടെ ഗ്രാമത്തില്‍ നാല് പേര് മരിച്ചതാണ് ഗ്രാമവാസികള്‍ക്ക് പ്രേതബാധ എന്ന സംശയം ബലപ്പെടാന്‍ കാരണം. ഇതോടെ ഗ്രാമത്തിലെ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ അടക്കം എല്ലാ സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്. പുറത്ത് നിന്നുള്ള ആളുകളെ തടയാന്‍ ഗ്രാമത്തിന് ചുറ്റും വേലി കെട്ടിയിട്ടുണ്ട്. ജീവനക്കാരെയും മെഡിക്കല്‍ സ്റ്റാഫിനെയും അധ്യാപകരെയും അനുവദിക്കാത്തതിനാല്‍ സ്കൂളും അങ്കണവാടികളും പോലും അടഞ്ഞ് കിടന്നു. ശ്രീകാകുളം ജില്ലയിലെ സരുബുജ്ജിലി മണ്ഡലത്തിന് കീഴിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.
ഗ്രാമത്തിലെ ജനങ്ങളുടെ പാരമ്പര്യങ്ങളും ആചാരങ്ങളും അനുസരിച്ച് അമാവാസി ദിവസങ്ങളില്‍ പ്രത്യേക ആചാരങ്ങള്‍ നടത്തണം. എന്നാല്‍, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇത് നടന്നിരുന്നില്ല. അതിനുശേഷം കഴിഞ്ഞ ഒരു മാസത്തിനിടെ ഞങ്ങളുടെ ഗ്രാമത്തില്‍ കുറഞ്ഞത് നാല് പേരെങ്കിലും മരിച്ചു. അവര്‍ക്ക് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഏതോ തിന്മശക്തി ഈ ഗ്രാമത്തെ വേട്ടയാടുന്നതായി ഞങ്ങള്‍ സംശയിക്കുന്നു,” ഗ്രാമവാസിയായ സവര ഈശ്വരറാവു ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞത്.
ഗ്രാമത്തിലെ ചിലര്‍ക്ക് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പനി ബാധിച്ചിട്ടുണ്ടെന്നും ഇതിനകം നാല് ജീവനുകള്‍ പൊലിഞ്ഞതായും നാട്ടുകാര്‍ പറയുന്നു. ഗ്രാമത്തില്‍ അലഞ്ഞ് തിരിയുന്ന ‘ദുഷ്ടാത്മാക്കള്‍’ മൂലമാണ് ഇത് സംഭവിച്ചതെന്ന് ഗ്രാമവാസികള്‍ വിശ്വസിക്കുന്നു. ഗ്രാമത്തിലെ മുതിര്‍ന്നവര്‍ ഒഡീഷയില്‍ നിന്നും അയല്പക്കത്തെ വിജയനഗരം ജില്ലയില്‍ നിന്നുമുള്ള പുരോഹിതന്മാരുമായി ആലോചിച്ചു. അവര്‍ ലോക്ക്ഡൗണ്‍ നിര്‍ദ്ദേശിച്ചു. ലോക്ക്ഡൗണ്‍ ദുരാത്മാക്കള്‍ക്കെതിരെ പ്രവര്‍ത്തിക്കും എന്നാണ് ഗ്രാമവാസികള്‍ വിശ്വസിക്കുന്നത്. ഏപ്രില്‍ 17 മുതല്‍ 25 വരെയാണ് വൈദികരുടെ ഉപദേശ പ്രകാരം ഗ്രാമത്തില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. സംഭവം ജില്ലയില്‍ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്.
ഈ നടപടി അധികാരികളെ വളരെ അധികം അമ്പരപ്പിച്ചിരിക്കുകയാണ്. സറുബുജില്ലി പോലീസ് സബ് ഇന്‍സ്പെക്ടര്‍ കൃഷ്ണ പ്രസാദ് ഗ്രാമവാസികളുമായി സംസാരിച്ച് സ്കൂളും സര്‍ക്കാര്‍ സ്ഥാപനങ്ങളും തുറക്കാന്‍ അനുവാദം വാങ്ങിയിട്ടുണ്ട്. താല്കാലികമായി സ്ഥാപിച്ച വേലികള്‍ മാറ്റി ബുധനാഴ്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും ഗ്രാമത്തില്‍ പ്രവേശിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: