ചാത്തന്നൂര്‍: പാരിപ്പള്ളി മെഡിക്കല്‍ കോളേജിന് സമീപത്ത് താമസിക്കുന്നവര്‍ക്ക് വീട്ടിലും മാസ്ക് മാറ്റാന്‍ നിര്‍വാഹമില്ലാതായി. കൊവിഡ് ജാഗ്രതയാണെന്നു കരുതിയെങ്കില്‍ തെറ്റി, തോട്ടില്‍ നിന്നുള്ള അതിരൂക്ഷ ദുര്‍ഗന്ധം സഹിക്കാനാവാതെ മാസ്ക് ധരിച്ച് പോകുന്നതാണ്. മെഡിക്കല്‍ കോളേജിന്റെ ശുചിമുറികളില്‍ നിന്നും ടാങ്കുകളിലേക്ക് പോകുന്ന പൈപ്പുകള്‍ പൊട്ടിയൊഴുകുന്നത് മൂലമുള്ള ദുര്‍ഗന്ധം കാരണം 24 മണിക്കൂറും മൂക്കുപൊത്തി കഴിയേണ്ട അവസ്ഥയിലാണ് സമീപത്തുള്ള വീട്ടുകാരും, ഹോസ്റ്റലിലും ക്വാര്‍ട്ടേഴ്സ് പരിസരത്തും താമസിക്കുന്നവരും.
ദുര്‍ഗന്ധത്തില്‍ നിന്നും രക്ഷതേടിയാണ് രാത്രിയും പകലും മാസ്ക് ധരിക്കുന്നത്. മിക്കപ്പോഴും ചീമുട്ടയുടെ ഗന്ധമാണ് ഇവിടെ നിന്ന് ഉയരുന്നത്. ചിലപ്പോള്‍ വിസര്‍ജ്യത്തിന്റെ അതിരൂക്ഷ ദുര്‍ഗന്ധവും. മെഡിക്കല്‍കോളേജിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള പൊതുവഴിയിലൂടെ മൂക്ക് പൊത്താതെ നടക്കാന്‍ കഴിയില്ല.
ഒാക്സിജന്‍ പ്ലാന്റിന് സമീപം കക്കൂസ് മാലിന്യം തോട് പോലെയാണ് ഒഴുകുന്നത്. ഇന്റേണ്‍സ് ഹോസ്റ്റലിന്റെ പരിസരത്ത് ഒരു ചെറിയ മാലിന്യക്കുളം തന്നെ രൂപപ്പെട്ടു. കൂടാതെ ജീവനക്കാരും ഡോക്ടര്‍മാരും താമസിക്കുന്ന ക്വാര്‍ട്ടേഴ്സ് പരിസരത്ത് ദുര്‍ഗന്ധം കാരണം പലരും വാടക വീടുകളിലേക്ക് മാറി. കാന്റീനില്‍ നിന്നുള്ള മലിനജലം ടാങ്കുകള്‍ നിറഞ്ഞും പൈപ്പ് പൊട്ടിയും ഒഴുകുകയാണ്. കൂടാതെ മെഡിസിന് സ്റ്റോര്‍ പരിസരത്ത് മലിനജലത്തില്‍ ചവിട്ടി വേണം സ്റ്റോറില്‍നിന്നും മരുന്നുകള്‍ വാങ്ങാന്‍.
ഔട്ട് പേഷ്യന്റ് വിഭാഗത്തിലെ മൂന്ന് നിലകളിലെ ബാത്ത് റൂം പൈപ്പുകള്‍ ഒരേ പോലെ പൊട്ടി ഒഴുകുകയാണ്. ഒരു തുള്ളി വെള്ളം പോലും ടാങ്കിലേക്ക് ഒഴുകുന്നില്ല. രോഗികളുടെ വാര്‍ഡിന്റെ പുറകിലെ പൈപ്പുകള്‍ പൊട്ടി ഒഴുകിയിട്ട് ഒരു മാസമായി. ഇവിടെ രോഗികള്‍ മൂക്കുപൊത്തിയിട്ടും രക്ഷയില്ല.
ആശുപത്രി വളപ്പില്‍ പലയിടത്തും മുട്ടൊപ്പം ഉയരത്തിലാണ് മലിനജലം കെട്ടി നില്‍ക്കുന്നത്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിതെളിക്കുന്നതാണിത്. പ്രശ്നത്തിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ഡോക്ടര്‍മാര്‍ തന്നെ ആവശ്യപ്പെടുന്നു. മാലിന്യവും ദുര്‍ഗന്ധവും ഒഴിവാക്കാന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് മെഡിക്കല്‍ കോളേജ് അധികൃതര്‍ക്ക് നാട്ടുകാര്‍ നിവേദനം നല്‍കിയിട്ടും ഫലപ്രദമായ നടപടിയായില്ല. പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ വിവിധ ഭാഗങ്ങളില്‍ പൈപ്പുകള്‍ പൊട്ടി മാലിന്യം ഒഴുകിയിട്ടും നടപടിയെടുക്കാത്ത മെഡിക്കല്‍ കോളേജ് അധികൃതരുടെ നടപടിയില്‍ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: