മഞ്ചേരി: സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍പ്പിലെ ഏറ്റവും വാശിയേറിയ പോരാട്ടത്തിനൊടുവില്‍ കേരളവും മേഘാലയയും സമനിലയില്‍ പിരിഞ്ഞു. രണ്ട് ഗോള്‍ വീതം നേടിയാണ് രണ്ട് ടീമുകളും തുല്യത പാലിച്ചത്. കേരളത്തിനായി മുഹമ്മദ് സഫ്നാദും മുഹമ്മദ് സഹീഫും ലക്ഷ്യം കണ്ടപ്പോള്‍ മേഘാലയയ്ക്കായി കിന്‍സെയ്ബോര്‍ ഹുയിഡെ, ഫിഗോ ഷിന്‍ഡെയും ലക്ഷ്യം കണ്ടു. ഈ ചാമ്പ്യന്‍ഷിപ്പില്‍ കേരളം ആദ്യമായാണ് ഗോള്‍ വഴങ്ങിയത്. സമനിലയില്‍ കലാശിച്ചെങ്കിലും മൂന്ന് കളിയില്‍ നിന്ന് ഏഴ് പോയിന്റുമായി കേരളം സെമി സാധ്യത സജീവമാക്കി.
ബംഗാളിനെതിരെയുള്ളതില്‍ നിന്ന് ഒരു മാറ്റവുമായാണ് മേഘാലയക്കെതിരെ കേരളം ഇറങ്ങിയത്. അണ്ടര്‍ 21 താരം മുഹമ്മദ് സഫ്നാദ് ആദ്യ ഇലവനില്‍ തിരിച്ചെത്തിയപ്പോള്‍ ഷിഗില്‍ പകരക്കാരുടെ ബെഞ്ചിലേക്ക് മാറി. 17-ാം മിനിറ്റില്‍ ആരാധകരെ ആവേശത്തിലാഴ്ത്തി കേരളം ആദ്യ നിറയൊഴിച്ചു. വലതുവിങ്ങില്‍ക്കൂടി സോയല്‍ ജോഷി പന്തുമായി മുന്നേറിയ ശേഷം പന്ത് സഞ്ജുവിന് കൈമാറി. സഞ്ജു അത് നിജോ ഗില്‍ബര്‍ട്ടിനും. പന്ത് കിട്ടിയ നിജോ പോസ്റ്റിന് മുന്നിലേക്ക് നല്കിയ അളന്നുമുറിച്ച പാസ് സഫ്നാദ് നല്ലൊരു ഷോട്ടിലൂടെ മേഘാലയ വലയില്‍ അടിച്ചുകയറ്റി.
28-ാം മിനിറ്റില്‍ സോയല്‍ ജോഷിയുടെ ക്രോസില്‍ വിഘ്നേഷ് കിടിലന്‍ ഷോട്ടിലൂടെ മേഘാലയ വല കുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. ആദ്യ പകുതി അവസാനിക്കുന്നതിന് മുന്‍പ് മിസോറാം സമനില ഗോള്‍ കണ്ടെത്തി. നല്ലൊരു മുന്നേറ്റത്തിനൊടുവില്‍ കിന്‍സെയ്ബോര്‍ ഹുയിഡാണ് മിഥുനെ കീഴടക്കി പന്ത് വലയിലെത്തിച്ചത്.
49-ാം മിനിറ്റില്‍ കേരളത്തിന് പെനാല്‍റ്റി. പന്തുമായി എതിര് താരങ്ങളെ വകഞ്ഞ് മുന്നേറി ബോക്സില്‍ പ്രവേശിച്ച ജെസിനെ മേഘാലയ താരം ഫൗള്‍ ചെയ്തതിനാണ് പെനാല്‍റ്റി ലഭിച്ചത്. എന്നാല്‍ കിക്കെടുത്ത ജിജോ ജോസഫിന് പിഴച്ചു. ജിജോയുടെ കിക്ക് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. 55-ാം മിനിറ്റില്‍ കേരളത്തെ ഞെട്ടിച്ച് മേഘാലയ ലീഡ് നേടി. നല്ലൊരു നീക്കത്തിനൊടുവില്‍ ബോക്സിലുണ്ടായ കൂട്ടപ്പൊരിച്ചിലിനിടെ ഫിഗോ ഷിന്‍ഡെയാണ് മിഥുനെ കീഴടക്കി കേരള ഗോള്‍ വല കുലുക്കിയത്. എന്നാല്‍ ലീഡ് നേടിയതിന്റെ ആഹ്ലാദം ഏറെ നീണ്ടുനിന്നില്ല. തൊട്ടുപിന്നാലെ കേരളം സമനില ഗോളും കണ്ടെത്തി. മുഹമ്മദ് സഹീഫാണ് ഗോള്‍ നേടിയത്. 65-ാം മിനിറ്റില്‍ സോയല്‍ ജോഷിയുടെ ഷോട്ട് മേഘാലയ ഗോളി കൈയിലൊതുക്കി. അവസാന കളിയില്‍ കേരളം നാളെ പഞ്ചാബിനെ നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: