മലപ്പുറം: സന്തോഷ് ട്രോഫിയില്‍ പഞ്ചാബിന് ആദ്യ ജയം. രാജസ്ഥാനെ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്തു. തുടര്‍ച്ചയായ മൂന്നാം തോല്‍വിയോടെ രാജസ്ഥാന് സെമി കാണാതെ പുറത്തായപ്പോള്‍ പഞ്ചാബ് സെമി പ്രതീക്ഷ നിലനിര്‍ത്തി. വിജയികള്‍ക്കുവേണ്ടി പകരക്കാരനായി കളത്തിലിറങ്ങിയ തരുണ്‍ സ്ലാതിയ രണ്ട് ഗോള്‍ നേടി. അമര്‍പ്രീത് സിങ്, പരംജിത്ത് സിങ് എന്നിവര്‍ ഓരോ ഗോള്‍ വീതം നേടി.
ആദ്യ മത്സരത്തില്‍ പശ്ചിമ ബംഗാളിനെതിരെ ഇറങ്ങിയ ആദ്യ ഇലവനില്‍ മൂന്ന് മാറ്റങ്ങളുമായാണ് പഞ്ചാബ് ഇന്നലെ കളിക്കാനിറങ്ങിയത്. രാജസ്ഥാന് നിരയിലും രണ്ട് മാറ്റങ്ങളുണ്ടായിരുന്നു. തുടക്കത്തില്‍ പഞ്ചാബ് ഗോള്‍ മുഖത്തേക്ക് രാജസ്ഥാന് തുടര്‍ച്ചയായി മുന്നേറി. മൂന്നാം മിനിറ്റില്‍ അവരുടെ അമിത് ഗോദര ബോകസിന് പുറത്തു നിന്ന് ഒരു ലോങ് റേഞ്ചര്‍ പായിച്ചെങ്കിലും പഞ്ചാബ് ഗോളി ഡൈവ് ചെയ്ത് രക്ഷപ്പെടുത്തി. തൊട്ടുപിന്നാലെ അണ്ടര്‍ 21 താരം സഹില്‍ ഖാന് വലതു കാലുകൊണ്ട് പായിച്ച ബുള്ളറ്റ് ഷോട്ട് പഞ്ചാബ് ഗോളി ഹര്‍പ്രീത് സിങ് കോര്‍ണറിന് വഴങ്ങി രക്ഷപ്പെടുത്തി. തുടര്‍ച്ചയായി രണ്ട് കോര്‍ണറുകള്‍ ലഭിച്ചിട്ടും മുതലാക്കാന്‍ രാജസ്ഥാന് കഴഞ്ഞില്ല.
പതിനഞ്ച് മിനിറ്റ് ആയപ്പോഴേക്കും പഞ്ചാബ് കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. 22-ാം മിനിറ്റില്‍ നായകന് പരംജിത് സിങ് രാജസ്ഥാന് വലയില്‍ പന്തെത്തിച്ചെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. 38-ാം മിനിറ്റില്‍ പഞ്ചാബ് സമനിലക്കെട്ട് പൊട്ടിച്ചു. പ്രതിരോധ താരം ബോക്സിലേക്ക് ഉയര്‍ത്തി നല്കിയ പാസില്‍ നിന്ന് ലഭിച്ച അവസരം മന്‍വീര്‍ സിങ് അമര്‍പ്രീതിന് ഹെഡ് ചെയ്ത് നല്കി. കിട്ടിയ അവസരം ഇടതുകാലുകൊണ്ട് പായിച്ച് അമര്‍പ്രീത് ഗോളാക്കി.
രണ്ടാം പകുതിയുടെ തുടക്കം മുതല്‍ പഞ്ചാബ് ആക്രമിച്ചു കളിച്ചു. 63-ാം മിനിറ്റില്‍ പഞ്ചാബ് ലീഡ് ഉയര്‍ത്തി. ഇടതു വിങ്ങിലൂടെ പന്തുമായി മുന്നേറിയ മന്‍വിര്‍ സിങ്ങിനെ ബോക്സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി മധ്യനിരതാരം പരംജിത്ത് സിങ് ഗോളാക്കി. 70-ാം മിനിറ്റില്‍ മൂന്നാം ഗോള്‍ നേടി. 81-ാം മിനിറ്റില്‍ പഞ്ചാബ് പട്ടിക പൂര്‍ത്തിയാക്കി. ഒരു ലോങ് ത്രോയ്ക്കൊടുവില്‍ പന്ത് നെഞ്ചില്‍ സ്വീകരിച്ചശേഷം തരുണ്‍ സ്ലാതിയ പ്രതിരോധ താരങ്ങള്‍ക്കിടയിലൂടെ പായിച്ച തകര്‍പ്പന്‍ ഹാഫ്വോളി രാജസ്ഥാന് ഗോളിയെയും കീഴടക്കി വലയില്‍ കയറി. 24ന് ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ രാജസ്ഥാന് എതിരാളികള്‍ ബംഗാളാണ്. അന്ന് തന്നെ പഞ്ചാബ് മേഘാലയെയും നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: