അടിമാലി: കലര്‍പ്പില്ലാത്ത സ്വര്‍ണ്ണം തനി 916 ഹോള്‍ മാര്‍ക്കായി വിറ്റ് അടിമാലിയുടെ പേരിനൊപ്പം ഉരച്ച് ചേര്‍ക്കപ്പെട്ട തങ്കപ്പന്‍സ് ജ്വല്ലറിയുടെ ഉടമ എം. തങ്കപ്പന്റെ വിയോഗം നാടിനാകെ വേദനയായി. ടൗണിലെ ആദ്യ സ്വര്‍ണ്ണ വ്യാപാര സ്ഥാപനമായ തങ്കപ്പന്‍സ് ജുവല്ലറി ഉടമ, ശ്രീ വിവേകാനന്ദ വിദ്യാ സദന് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ ഉടമ, ആദ്യ പെട്രോളിയം ഡീലര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
വ്യാപാരി വ്യവസായി ഏകോപന സമിതി സ്ഥാപക സെക്രട്ടറി, നാഷണല്‍ ലൈബ്രറിയുടെ ആദ്യ ആജീവനാന്ത അംഗം, അടിമാലി സര്‍വീസ് സഹകരണ ബാങ്ക് ആദ്യകാല സഹകാരി, കവി, ചെറുകഥാകൃത്ത്, സാംസ്കാരിക പ്രവര്ത്തകന് തുടങ്ങിയ രംഗങ്ങളില്‍ സ്തുത്യര്‍ഹ സേവനം നടത്തി സമൂഹത്തിന് മാതൃകയായി മാറുകയായിരുന്നു.
ഒറ്റവരി കവിതകള്‍ ആക്ഷേപ ഹാസ്യമായി എഴുതിയിരുന്നു. ഒരു കവിതാപുസ്തകം പുറത്തിറക്കിയിട്ടുണ്ട്. പഴയ നാണയങ്ങള്‍ ശേഖരിക്കുന്ന ഹോബിയുമുണ്ടായിരുന്നു. വീട്ടില്‍ നടന്ന സംസ്കാര ചടങ്ങില്‍ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ള നിരവധിപേര്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: