കൊച്ചി: കൊടും ഭീകരന്‍ തടിയന്റവിടെ നസീറുള്‍പ്പെടെയുള്ളവര്‍ പ്രതികളായ കശ്മീര്‍ ഭീകര റിക്രൂട്ട്‌മെന്റ് കേസില്‍ ഹൈക്കോടതി സാക്ഷി വിസ്താരം നടത്തി. ശിക്ഷിക്കപ്പെട്ട പ്രതികളും എന്‍ഐഎയും സമര്‍പ്പിച്ച അപ്പീലുകളിലാണ് അപൂര്‍വ്വമായ തെളിവെടുപ്പ് ജസ്റ്റിസ് കെ.വിനോദ് ചന്ദ്രന്‍, ജസ്റ്റിസ് സി.ജയചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിനു മുന്‍പാകെ നടന്നത്.
വിചാരണക്കോടതിയില്‍ സമര്‍പ്പിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് സാധാരണ അപ്പീലുകളില്‍ വാദം നടക്കുക. ഹൈക്കോടതിയില്‍ അത്യപൂര്‍വ്വമായി മാത്രമേ ക്രിമിനല്‍ കേസുകളില്‍ സാക്ഷി വിസ്താരം നടക്കാറുള്ളൂ. കശ്മീരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്നതിനു മുന്‍പുള്ള ദിവസങ്ങളില്‍ ജമ്മു കാശ്മീരിലെ ഒരു ബിഎസ്എല്‍എല്‍ മൊബൈല്‍ നമ്പറില്‍ നിന്ന് കൊല്ലപ്പെട്ട മലയാളി ഭീകരര്‍ കേരളത്തിലെ പങ്കാളികളുമായി ബന്ധപ്പെട്ടതായി എന്‍ഐഎ കണ്ടെത്തിയിരുന്നു.
വിചാരണക്കോടതിയില്‍ ജമ്മു കശ്മീര്‍ മൊബൈല്‍ നമ്പറിന്റെ കോള്‍ രേഖ ഹാജരാക്കിയിരുന്നു. എന്നാല്‍ തെളിവു നിയമപ്രകാരം വേണ്ട സാക്ഷ്യപ്പെടുത്തല്‍ ജമ്മു കശ്മീര്‍ ബിഎസ്എല്‍എല്‍ ഉദ്യോഗസ്ഥര്‍ നടത്തിയിട്ടില്ലെന്ന് അപ്പീലുകളിലെ വാദത്തിനിടയില്‍ പ്രതിഭാഗം അഭിഭാഷകര്‍ തര്‍ക്കം ഉന്നയിച്ചു. തുടര്‍ന്ന് എന്‍ഐഎ ക്കു വേണ്ടി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ എസ്.മനു ജമ്മുവില്‍ നിന്നുള്ള ബിഎസ്എല്‍എല്‍ ഉദ്യോഗസ്ഥനെ സാക്ഷിയാക്കി വിസ്തരിക്കാന്‍ അനുമതി തേടി ഫയല്‍ ചെയ്ത പ്രത്യേക ഹര്‍ജി അനുവദിച്ചാണ് സാക്ഷി വിസ്താരത്തിന് ഡിവിഷന്‍ ബെഞ്ച് പ്രത്യേക സിറ്റിങ് നടത്തിയത്.
ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന തടിയന്റവിടെ നസീര്‍ ഉള്‍പ്പെടെയുള്ള പ്രതികളെ വീഡിയോ കോണ്‍ഫറന്‍സ് വഴിയും ജാമ്യത്തിലുള്ള പ്രതികളെ നേരിട്ടും ഹാജരാക്കി. എന്‍ഐഎ ക്കു വേണ്ടി അസി. സോളിസിറ്റര്‍ ജനറല്‍ എസ്. മനു, സീനിയര്‍ പ്രോസിക്യൂട്ടര്‍ അര്‍ജുന്‍ അമ്പലപ്പറ്റ എന്നിവരും പ്രതികള്‍ക്കായി അഭിഭാഷകരായ സുരേഷ് ബാബു തോമസ്, എസ്. രാജീവ് തുടങ്ങിയവരും ഹാജരായി. ബിഎസ്എല്‍എല്‍ ഉദ്യോഗസ്ഥന്റ മൊഴി രേഖപ്പെടുത്തിയ കോടതി തെളിവു നിയമ പ്രകാരം ജമ്മു കശ്മീര്‍ ബിഎസ്എല്‍എല്‍ നല്‍കിയ കോള്‍ രേഖാ സര്‍ട്ടിഫിക്കറ്റ് അധികത്തെളിവായി സ്വീകരിച്ചു. കേസിലെ നാലാഴ്‌ച്ചയോളം നീണ്ടു നിന്ന വാദം പൂര്‍ത്തിയായതിനെ തുടര്‍ന്ന് വിധി പറയാനായി കേസ് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: