അന്ന് കാരാട്ട് ഫൈസല്‍, ഇന്നാകട്ടെ സിദ്ധിക്ക്. സിപിഎം നേതാക്കള്‍ക്ക് പാരവീഴാന്‍ ഓരോരോ വഴികള്‍. പാര്‍ട്ടി പരിപാടികള്‍ കൊഴുപ്പേകാന്‍ മുന്തിയ കാറ് തന്നെ വേണമെന്ന് ചിന്തിച്ചാലെന്ത് ചെയ്യും? കാറുള്ളവന്റെ കാലുപിടിക്കുകതന്നെ. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സംസ്ഥാന യാത്രയ്‌ക്ക് കോഴിക്കോട്ടെത്തിയപ്പോഴാണ് സഞ്ചാരത്തിന് പകിട്ട് പോരെന്ന തോന്നലുണ്ടായത്. ഉടനെവിളിച്ചു കാരാട്ട് ഫൈസലിനെ. അദ്ദേഹത്തിന്റെ ‘മിനികൂപ്പര്‍’ കാറ് വേണം. സംസ്ഥാന സെക്രട്ടറിക്ക് സഞ്ചരിക്കാന്‍. അത് വലിയ കുണ്ടാമണ്ടിയായതാണ്. കണ്ടാല്‍ പഠിക്കാത്തവര്‍ കൊണ്ടാല്‍ പഠിക്കുമെന്നൊരു ചൊല്ലുണ്ട്. ഏഴുവര്‍ഷം കഴിഞ്ഞപ്പോള്‍ ആ പഴഞ്ചൊല്ലുപോലും പഴയതായി.
പാര്‍ട്ടി കോണ്‍ഗ്രസിനെത്തിയ അഖിലേന്ത്യാ സെക്രട്ടറി സീതാറാം യച്ചൂരിയുടെ യാത്രമൊത്തം ‘K-L18 AB 5000’ നമ്പറുള്ള വണ്ടിയില്‍. ഒന്നാന്തരം വണ്ടി. സഞ്ചാരി കേരളം വിട്ടപ്പോഴാണ് അത് എസ്ഡിപിഐക്കാരന്റെ വണ്ടിയാണെന്നറിഞ്ഞത്. ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എന്‍.ഹരിദാസനാണ് ഈ സത്യം പുറത്തുവിട്ടത്. ഉടനെ വന്നു തിരുത്ത്, കാറുടമ സിദ്ധിഖിന്റെ വകയായി. ഞാന്‍ എസ്ഡിപിഐക്കാരനല്ല, ലീഗുകാരനാണെന്ന്. പകല്‍ ലീഗുകാരനാണെങ്കിലും രാത്രി എസ്ഡിപിഐക്കാരനാണെന്ന് സംസാരം. ഏതായാലും അഖിലേന്ത്യാ സെക്രട്ടറിക്ക് സഞ്ചരിക്കാന്‍ ‘ലീഗ്’ കാരന്റെ കാറുതന്നെ തരപ്പെടുത്തികൊടുത്തതിന്റെ ഗുട്ടന്‍സ് എന്തായാലും നന്നായി.
കേരളത്തില്‍ ഒരുപാട് ഭീകരന്മാരുണ്ട്. പല പേരിലും പേരില്ലാതെയും. നിരോധിച്ച സിമി, ഐഎസ്എസ് എന്നീ സംഘടനയില്‍പ്പെട്ടവര്‍ പേരും വേഷവും മാറ്റി പ്രവര്‍ത്തിക്കുന്നു. അതില്‍ കുറേ പേര്‍ ലീഗിലുണ്ട്. കുറേപ്പേര്‍ പോപ്പുലര്‍ ഫ്രണ്ട് എന്ന പേരിലും എസ്ഡിപിഐ എന്ന നാമത്തിലുമൊക്കെ പ്രത്യക്ഷപ്പെടുന്നു. ഇവര്‍ക്കൊക്കെ തരംപോലെ സംരക്ഷണം ലഭിക്കുന്നു എന്നതിനാല്‍ കൊല്ലും കൊലയും നിര്‍ബാധം നടത്താന്‍ കഴിയുന്നു. പ്രത്യേകിച്ച് സിപിഎമ്മിന്റെയും പോലീസിലെ ഒരു വിഭാഗത്തിന്റേയും സഹകരണം. അതിഭീകരം ഭൂരിപക്ഷവര്‍ഗീയതയാണെന്ന് മന്ത്രി എം.വി. ഗോവിന്ദന്‍ തന്നെ പ്രസ്താവിച്ചതും അതിന്റെ ഭാഗമാണ്. ഭൂരിപക്ഷവര്‍ഗീയതയാണ് ന്യൂനപക്ഷ വര്‍ഗീയത ഉണ്ടാക്കുന്നതെന്നുകൂടി പറഞ്ഞാല്‍ സംഗതി കുശാലായി. ഇത് ഗോവിന്ദന്റെ വ്യക്തിപരമായ അഭിപ്രായമല്ല, പാര്‍ട്ടിയുടെ സുചിന്തിതമായ നിഗമനമാണ്. പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഭാഗമാണല്ലോ ഗോവിന്ദന്‍.
പിണറായി വിജയന്‍ സര്‍ക്കാര്‍ മതഭീകരവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന് എല്ലാ സഹായങ്ങളും ഒത്താശയും നല്‍കുകയാണ്. പോപ്പുലര്‍ ഫ്രണ്ടിനെതിരായ കേസുകളില്‍ സിബിഐ അന്വേഷണം നടത്തുന്നതിനെ പിണറായി സര്‍ക്കാര്‍ എതിര്‍ക്കുന്നത് അക്കാരണത്താലാണ്. തനി മതഭീകരവാദ സംഘടനയെ ആര്‍എസ്എസുമായി താരതമ്യം ചെയ്യുന്നത് അവരെ വെള്ളപൂശാനാണെന്ന് വ്യക്തമാണല്ലൊ.
ആര്‍എസ്എസ് മണ്ഡലം ബൗദ്ധിക് പ്രമുഖ് സഞ്ജിത്തിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്ക് പരസ്യമായ പിന്തുണ നല്‍കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. സഞ്ജിത്തിന്റെ ഭാര്യയുടെ ഹര്‍ജിയില്‍ വാദം കേള്‍ക്കുമ്പോള്‍ അഡ്വക്കേറ്റ് ജനറല്‍ നേരിട്ടുവന്ന് പ്രതികളുടെ വാദം കേള്‍ക്കണമെന്നാണ് ആവശ്യപ്പെട്ടത്. ഇതിനായി കേട്ടുകേള്‍വിയില്ലാത്ത ന്യായമാണ് കോടതിയില്‍ ഉന്നയിച്ചത്. ഏത് ഏജന്‍സി അന്വേഷിക്കണമെന്ന് പ്രതികള്‍ക്ക് അഭിപ്രായം പറയാനുള്ള അവകാശം ഇന്ത്യന്‍ ന്യായവ്യവസ്ഥയിലില്ല. പ്രതികള്‍ക്ക് അനുകൂല നിലപാടാണ് അഡ്വക്കേറ്റ് ജനറല്‍ സ്വീകരിച്ചത്. സിബിഐ വന്നാല്‍ ഗൂഢാലോചന പുറത്തുവരുമെന്ന ഭയത്താല്‍ തീവ്രവാദികളെ സഹായിക്കാനാണ് സര്‍ക്കാര്‍ ഇത്തരത്തിലുള്ള നിലപാട് സ്വീകരിച്ചതെന്നതില്‍ സംശയത്തിനവകാശമില്ലല്ലോ. കേരളത്തില്‍ മാത്രമാണ് പോപ്പുലര്‍ ഫ്രണ്ടിന് പരസ്യ പിന്തുണ ലഭിക്കുന്നത്. സംസ്ഥാനത്ത് നടന്ന സമാന കൊലപാതകങ്ങളുടെ ഭാഗമാണ് പാലക്കാട് നടന്ന കൊലപാതകങ്ങളും.
ഇടതുസര്‍ക്കാരിന്റെ രാഷ്‌ട്രീയ നിലപാടാണ് പോപ്പുലര്‍ഫ്രണ്ടിനെ സഹായിക്കുക എന്നത്. ഇതാണ് പട്ടാപകല്‍ ക്രൂരമായ കൊലപാതകങ്ങള്‍ നടത്താന്‍ അവര്‍ക്ക് ധൈര്യം നല്‍കുന്നതും. പോലീസിന്റെ കൈകളില്‍ സിപിഎം വിലങ്ങുവച്ചിരിക്കുകയാണ്. ഭീകരവാദ കേസുകള്‍ അന്വേഷിക്കുന്നതില്‍ കേരള പോലീസ് ദയനീയമായി പരാജയപ്പെട്ടെങ്കില്‍ അതിന്റെ കുറ്റം എല്‍ഡിഎഫിനാണ്. സര്‍ക്കാര്‍ പ്രതികളെ സംരക്ഷിക്കുന്നു. കേരളത്തില്‍ രൂപപ്പെട്ടിട്ടുള്ള ഗുരുതര സ്ഥിതിവിശേഷം മറ്റൊരു സംസ്ഥാനത്തുമില്ല. രാജ്യത്തിനുമുഴുവന്‍ ഭീഷണിയാണിത്.
പാലക്കാട്ടെയും ആലപ്പുഴയിലെയും കൊലപാതകങ്ങളെ ഒറ്റപ്പെട്ട സംഭവങ്ങളായി ചൂണ്ടിക്കാട്ടി ലഘൂകരിക്കാനാണ് നീക്കം. രാജ്യം നേരിടുന്ന വലിയ വിപത്താണിത്. അത് കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവരുന്നില്ലെങ്കില്‍ അതിന്റെ ഭവിഷ്യത്ത് ഗുരുതരമായിരിക്കും. അതിനുപകരം പാലക്കാട് കൃഷ്ണന്‍കുട്ടി മന്ത്രി പറഞ്ഞതുപോലെ ബിജെപിയെ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്നതാണ് കഷ്ടം.
കഴിഞ്ഞ ആറുവര്‍ഷമാണല്ലോ എഴുതാനും വായിക്കാനും എളുപ്പം. പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയിട്ട് ആറുവര്‍ഷം കഴിഞ്ഞല്ലൊ. ഈ കാലയളവില്‍ സംസ്ഥാനത്ത് 24 ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടു. ഏഴുപേരെ കൊന്നത് പോപ്പുലര്‍ ഫ്രണ്ടുകാരാണ്. ബിജെപിയെ ഭീഷണിപ്പെടുത്തുന്നവര്‍ക്ക് പോപ്പുലര്‍ ഫ്രണ്ടിന്റെ കൈയടി കിട്ടിയേക്കും. അങ്ങിനെ മതിയോ? മതിയെങ്കില്‍ നന്നായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: