കേരളത്തില്‍ ഇസ്ലാമിക തീവ്രവാദികള്‍ പ്രവര്‍ത്തിക്കുന്നത് ഇടതുഭരണത്തിന്റെ ഒത്താശയോടെയാണെന്ന് സര്‍ക്കാരിനുതന്നെ സമ്മതിക്കേണ്ടിവന്നിരിക്കുന്നു. മതതീവ്രവാദികള്‍ നടത്തുന്ന ആസൂത്രിതമായ ആക്രമണങ്ങള്‍ തടയാന്‍ സര്‍ക്കാരിന് കഴിയില്ലെന്ന് മന്ത്രിമാരായ എം.വി. ഗോവിന്ദനും കെ.കൃഷ്ണന് കുട്ടിയും എഡിജിപി വിജയ് സാഖറെയും പാലക്കാട്ടെ ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ പരോക്ഷമായി പറഞ്ഞിരിക്കുകയാണ്. പാലക്കാട്ട് ഒരു പോപ്പുലര്‍ ഫ്രണ്ടുകാരന്‍ കൊല്ലപ്പെട്ടതിനു പിന്നാലെ മണിക്കൂറുകള്‍ക്കകം ആര്‍എസ്എസ് മുന്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസന് കൊലചെയ്യപ്പെട്ടത് പോലീസിന്റെ അനാസ്ഥമൂലമാണെന്നും, തൊട്ടുമുന്‍പ് സ്ഥലത്തെ പോലീസ് കാവല്‍ പിന്‍വലിച്ചത് കൊലപാതകികളായ മതതീവ്രവാദികളെ സഹായിക്കാനാണെന്നും വിമര്‍ശനമുയരുകയുണ്ടായി. ആലപ്പുഴയില്‍ ബിജെപി നേതാവ് രണ്‍ജീത് ശ്രീനിവാസന്റെ കൊലപാതകത്തിനിടയാക്കിയതും പോലീസിന്റെ ഭാഗത്തെ വീഴ്ചയാണെന്ന് ആരോപണമുയര്‍ന്നിരുന്നു. ആസൂത്രിതമായ കൊലപാതകങ്ങള്‍ തടയാനാവില്ലെന്ന് വിജയ് സാഖറെ പറഞ്ഞത് മതതീവ്രവാദികള്‍ക്ക് പച്ചക്കൊടി കാട്ടുന്നതാണ്. ഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനോട് പോലീസ് മൃദുസമീപനമാണ് പുലര്‍ത്തുന്നത്. പോലീസ് വിചാരിച്ചാല്‍ ഇവരെ അടിച്ചമര്‍ത്താനും, ഇവര്‍ നടത്തുന്ന കൊലപാതകങ്ങളെ ഒഴിവാക്കാനും കഴിയും. എന്നാല്‍ ഇക്കാര്യത്തില്‍ പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നില്ല എന്നതാണ് പ്രശ്നം. പോപ്പുലര്‍ ഫ്രണ്ടുകാരുള്‍പ്പെടുന്ന കൊലക്കേസുകളില്‍ പ്രതികളെ കണ്ടെത്താനും ശിക്ഷ ഉറപ്പ് വരുത്തുന്നതിനും പോലീസ് താത്പര്യം കാണിക്കുന്നില്ലെന്ന് ആവര്‍ത്തിച്ചു തെളിയുകയാണ്.
പോപ്പുലര്‍ ഫ്രണ്ടിന് സഹായമാവുന്ന വിധത്തിലാണ് പാലക്കാട് ഒരു മന്ത്രിയുടെ നേതൃത്വത്തില്‍ സമാധാന യോഗം സംഘടിപ്പിച്ചത്. ഇങ്ങനെയൊരു യോഗം നടക്കുന്ന ദിവസംതന്നെ മന്ത്രി എം.വി. ഗോവിന്ദന് പ്രകോപനമായ പ്രസ്താവന നടത്തിയത് കരുതിക്കൂട്ടിയാണ്. ന്യൂനപക്ഷ വര്‍ഗീയതയെക്കാള്‍ അപകടകരം ഭൂരിപക്ഷ വര്‍ഗീയതയാണെന്ന മന്ത്രിയുടെ പ്രസ്താവന വസ്തുതകള്‍ക്ക് നിരക്കാത്തതും അങ്ങേയറ്റം നിരുത്തരവാദപരവുമാണ്. ന്യൂനപക്ഷവര്‍ഗീയത എന്നുമാത്രം പറഞ്ഞ് ഇസ്ലാമിക മതഭീകരതയെ ലളിതവല്‍ക്കരിക്കുകയാണ് മന്ത്രി ചെയ്യുന്നത്. പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടുന്ന നിരവധി കൊലപാതകങ്ങളും മറ്റ് ഭീകരപ്രവര്‍ത്തനങ്ങളും നടന്നിട്ടും മന്ത്രിയുടെ പാര്‍ട്ടിയായ സിപിഎം ഇപ്പോഴും അവരെ മതതീവ്രവാദികളായോ ഭീകരവാദികളായോ കാണുന്നില്ല എന്നത് അതിശയകരമാണ്. കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ട് നടത്തുന്ന കൊലപാതകങ്ങള്‍ക്ക് അന്തര്‍സംസ്ഥാന ബന്ധമുണ്ടെന്നും അതിനാല്‍ സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെടുന്ന ഹര്‍ജിയെ ഹൈക്കോടതിയില്‍ എതിര്‍ത്തത് അസുഖകരമായ സത്യങ്ങള്‍ പുറത്തുവരരുതെന്ന ഉദ്ദേശ്യത്തോടെയാണ്. മതതീവ്രവാദികള്‍ നടത്തുന്ന കൊലപാതകങ്ങളില്‍ പ്രതികളെ പിടികൂടാന്‍ പോലീസ് താത്പര്യം കാണിക്കാത്തതും കൊലചെയ്യപ്പെടുന്നത് സംഘപരിവാര്‍ പ്രവര്‍ത്തകരാണെങ്കില്‍ സമാധാന യോഗം വിളിക്കാത്തതുമൊക്കെ സര്‍ക്കാര്‍ ആരുടെ താത്പര്യമാണ് സംരക്ഷിക്കുന്നതെന്ന് വ്യക്തമാക്കുന്നു. സിപിഎമ്മും സര്‍ക്കാരുമായി മതഭീകരര്‍ ഉണ്ടാക്കുന്ന രഹസ്യധാരണയുടെ അടിസ്ഥാനത്തിലാണ് അക്രമങ്ങളും കൊലപാതകങ്ങളും നടത്തുന്നതെന്ന് വിശ്വസിക്കേണ്ടിവരുന്ന സ്ഥിതിവിശേഷമാണുള്ളത്.
ആസൂത്രിതമായ കൊലപാതകങ്ങള്‍ തടയാനാവില്ലെന്ന് ഒരു പോലീസ് മേധാവിതന്നെ പറയുന്ന സാഹചര്യം അത്യന്തം ഗുരുതരമാണ്. ഇത് വലിയ പ്രത്യാഘാതങ്ങള്‍ ക്ഷണിച്ചുവരുത്തും. ഔദ്യോഗികമായി ശേഖരിക്കുന്ന രഹസ്യവിവരങ്ങള്‍ പോലീസുകാര്‍തന്നെ മതതീവ്രവാദ സംഘടനയ്ക്ക് ചോര്‍ത്തി നല്‍കുകയും അഗ്നിരക്ഷാ സേന ഇത്തരക്കാര്‍ക്ക് പരിശീലനം നല്‍കുകയും ചെയ്യുന്നതിന്റെ പശ്ചാത്തലത്തില്‍ വേണം ഇക്കൂട്ടര്‍ക്ക് കീഴടങ്ങുന്ന തരത്തിലുള്ള വാക്കുകള്‍ പോലീസ് മേധാവിയില്‍നിന്ന് ഉണ്ടായിരിക്കുന്നതിനെ കാണാന്‍. യഥാര്‍ത്ഥത്തില്‍ മതതീവ്രവാദികളെ അടിച്ചമര്‍ത്താന്‍ പോലീസിന് കഴിയാഞ്ഞിട്ടില്ല. അതിനുള്ള സ്വാതന്ത്ര്യം കൊടുക്കാത്തതുകൊണ്ടാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെയാണ് പോപ്പുലര്‍ ഫ്രണ്ട് പിന്തുണച്ചത്. സംഘടനയുടെ പേരില്‍തന്നെയാണ് മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് മതതീവ്രവാദികള്‍ വോട്ടുപിടിച്ചത്. തെരഞ്ഞെടുപ്പ് വിജയാഘോഷവും ഒരുമിച്ചായിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പിലും പോപ്പുലര്‍ ഫ്രണ്ടുമായി സിപിഎം കൈകോര്‍ത്തു. പത്തനംതിട്ട നഗരസഭയിലും മറ്റ് ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഇരുപാര്‍ട്ടികളും ഒരുമിച്ചാണ് ഭരിക്കുന്നത്. ഇതിനൊന്നും മടിക്കാത്തവര്‍, അക്രമവും കൊലപാതകവും നടത്തുന്നതില്‍ നിന്ന് തീവ്രവാദികളെ തടയാനാവില്ലെന്ന് പറയുന്നതിന്റെ പൊരുള്‍ വ്യക്തമാണല്ലോ. കുറ്റസമ്മതത്തെക്കാള്‍ ഒരു കുതന്ത്രമാണ് ഇതിനു പിന്നിലുള്ളത്. ഈ അവിശുദ്ധ ബന്ധത്തെ തുറന്നുകാട്ടി ജനങ്ങള്‍ക്കിടയില്‍ രണ്ടുകൂട്ടരെയും ഒറ്റപ്പെടുത്തുകയാണ് വേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: