സ്റ്റോക്ക് ഹോം: സ്വീഡനില്‍ പുറത്തുനിന്നെത്തുന്ന കുടിയേറ്റക്കാര്‍ക്കെതിരെ അക്രമാസക്തസമരം. ഈസ്റ്റര്‍ ആഴ്ചയിലാണ് തെക്കന്‍ സ്വീഡനിലെ നഗരത്തില്‍ മുസ്ലിങ്ങളുടെ വിശുദ്ധഗ്രന്ഥമായ ഖുറാന് കത്തിച്ചുകൊണ്ട് കുടിയറ്റ വിരുദ്ധ പ്രതിഷേധക്കാര്‍ തെരുവുകളില്‍ അക്രമാസക്തമായ പ്രതിഷേധം നടത്തിയത്.
കുടിയേറ്റ വിരുദ്ധ പാര്‍ട്ടിയായ സ്ട്രാം കുര്‍സ് എന്ന തീവ്രവാദ പാര്‍ട്ടിയാണ് സമരത്തിന് ചുക്കാന്‍ പിടിക്കുന്നത്. ഏപ്രില്‍ 14ന് ഖുറാന്റെ ഒരു പ്രതി കത്തിക്കുമെന്ന് പാര്‍ട്ടി പ്രഖ്യാപിച്ചു. അടുത്ത ദിവസം അക്രമാസക്തരായ ജനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ ഒമ്പത് പൊലീസുദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. തുടര്‍ന്ന് മധ്യ സ്വീഡനിലെ ഒറെബ്രൊ നഗരത്തില്‍ തീവെപ്പുണ്ടായി.
ഖുറാന് കത്തിച്ചതിനെ തുടര്‍ന്നുണ്ടായ പ്രകടനത്തില്‍ ഏറ്റുമുട്ടലും കലാപവും ഉണ്ടായി. ഇതോടെ അധികൃതര്‍ക്ക് ക്രമസമാധാന പാലനം തലവേദനയായി. സ്വീഡനെതിരെ നയതന്ത്ര പ്രശ്നങ്ങളുണ്ടാകുമെന്ന് ഇസ്ലാമിക രാജ്യങ്ങള്‍ താക്കീത് ചെയ്തതോടെ സ്വീഡനിലെ സര്‍ക്കാര്‍ കൂടുതല്‍ സമ്മര്‍ദ്ദത്തിലായി.
തുടര്‍ന്ന് നോര്‍കോപിങ് നഗരത്തിലെ ലിങ്കോപിങ്ങില്‍ പൊലീസ് സമരക്കാര്‍ക്ക് നേരെ താക്കീത് എന്ന നിലയില്‍ നിറയൊഴിക്കുകയുണ്ടായി. പിന്നീട് സ്ട്രാം കുര്‍സ് പാര്‍ട്ടിയുടെ നേതാവ് റസ്മൂസ് പെല്ഡൊന് ലിങ്കോംപിങ്ങില് ഖുറാന്റെ ഒരു കോപ്പി കത്തിക്കുമെന്ന് പ്രഖ്യാപനം നടത്തി. മുസ്ലിങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണ് ലിങ്കോംപിങ്ങ്. ഇത് മതനിന്ദയാണെന്ന് ആരോപിച്ച് നഗരത്തിലെ ചത്വരത്തില്‍ മുസ്ലിങ്ങള്‍ വലിയൊരളവില്‍ പ്രതിഷേധവുമായി തിങ്ങിക്കൂടി.
കുടിയേറ്റ വിരുദ്ധ തീവ്രവാദ പാര്‍ട്ടിയായ സ്ട്രാം കുര്‍സിന്റെ നേതാവ് റസ്മസ് പളൂഡന് വിശുദ്ധഖുറാന്റെ പ്രതി കത്തിക്കുന്നു:
പ്രതിഷേധം പൊലീസിനെതിരായ കല്ലേറിലേക്ക് മാറി. ജനക്കൂട്ടം തീവെപ്പും തുടര്‍ന്നു. മുസ്ലിങ്ങള്‍ക്ക് ആധിപത്യമുള്ള നഗരപ്രദേശങ്ങളിലെ പല റോഡുകളിലും വാഹനഗതാഗതം നിലച്ചു. ഇതിനിടെ സ്ട്രാം കുര്‍സ് പാര്‍ട്ടിയിലെ പ്രതിഷേധക്കാര്‍ പോലീസ് വലയം ഭേദിച്ച് നാല് വാഹനങ്ങള്‍ കത്തിച്ചു.
26 പൊലീസുകാര്‍ക്കും 14 സാധാരണക്കാര്‍ക്കും അക്രമത്തില്‍ പരിക്കേറ്റതായി സ്വീഡിഷ് പൊലീസ് പറഞ്ഞു. 20 വാഹനങ്ങള്‍ കത്തിച്ചു. ഇനിയും ഖുറാന് കത്തിക്കുമെന്ന പ്രഖ്യാപനവുമായി റസ്മൂസ് പെല്ഡൊന് വിവിധ നഗരങ്ങളില്‍ രാഷ്ട്രീയപിന്തുണ തേടി പര്യടനം നടത്തുകയാണ്.
സ്വീഡനെതിരെ മധ്യേഷ്യയിലെ ഇസ്ലാമിക രാഷ്ട്രങ്ങള്‍ പ്രതിഷേധിച്ചു. മുസ്ലിങ്ങള്‍ക്കെതിരെ രാജ്യത്തെ മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളുടെ ബോധപൂര്‍വ്വമുള്ള പ്രകോപനം അവസാനിപ്പിക്കണെന്ന് സൗദി അറേബ്യ ആവശ്യപ്പെട്ടു. സ്വീഡനിലെ ചില തീവ്രവാദികള്‍ വിശുദ്ധ ഖുറാന് കത്തിച്ച് നടത്തുന്ന മനപൂര്‍വ്വമുള്ള അധിക്ഷേപം മുസ്ലിങ്ങള്‍ക്കെതിരായ പ്രകോപനമാണെന്നും സൗദി പറഞ്ഞു.
പ്രതിഷേധത്തിന്റെ ഭാഗമായി ഇറാഖിലെ വിദേശകാര്യമന്ത്രാലയം സ്വീഡന്റെ ഉപസ്ഥാനപതിയായ ഹകന്‍ റൂത്തിനെ വിളിച്ചുവരുത്തി നീരസം അറിയിച്ചു. സ്വീഡന്റെ മുസ്ലിങ്ങളുമായുള്ള ബന്ധത്തില്‍ വലിയ പ്രത്യാഘാതം സൃഷ്ടിക്കുന്ന നടപടിയാണിതെന്നും ഇറാഖ് പറഞ്ഞു.
ടെഹ്റാനില്‍ ഇറാന്റെ വിദേശകാര്യമന്ത്രാലയവും അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരില്‍ ഖുറാന് കത്തിക്കുന്ന ദൈവനിന്ദയെ അപലപിച്ചു.
മുസ്ലിം പ്രതിഷേധക്കാരും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്ന് ഏകദേശം 40 അക്രമികളെ അറസ്റ്റ് ചെയ്തു. ലിങ്കോപിങ്ങില്‍ നിന്നും 18 പേരെയും നോര്കോപിങ്ങില് നിന്നും എട്ട് പേരെയും അറസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: