മോസ്കോ:ഉക്രൈന് വേണ്ടി യുദ്ധം ചെയ്തിരുന്ന രണ്ട് ബ്രിട്ടീഷ് പട്ടാളക്കാരെ ഉക്രൈനിലെ മരിയുപോളില്‍ നിന്നും റഷ്യന്‍ സേന പിടികൂടി. ബ്രിട്ടീഷ് പട്ടാളക്കാരായ ഷോണ്‍ പിന്നറെയും എയ്ഡന്‍ അസ്ലിനെയുമാണ് പിടികൂടിയത്. ഇരുവരും കടുത്ത യുദ്ധം നടക്കുന്ന മരിയുപോളില്‍ ഉക്രൈന് സേനയുമായി ചേര്‍ന്ന് റഷ്യയ്ക്കെതിരെ പോരാടുകയായിരുന്നു. ഇതോടെ ബ്രിട്ടനില്‍ നിന്നും ആയുധനങ്ങള്‍ മാത്രമല്ല, പട്ടാളക്കാരെയും ഉക്രൈന് സേനയ്ക്ക് വേണ്ടി അയച്ചു എന്ന വലിയ തെളിവാണ് റഷ്യയ്ക്ക് ലഭിച്ചത്. തെളിവെന്ന നിലയില്‍ രണ്ട് ബ്രിട്ടീഷ് പട്ടാളക്കാരെയും റഷ്യയുടെ ദേശീയ ടെലിവിഷനില്‍ ഏറെ നേരം കാണിച്ചു.
താന്‍ അഞ്ച് ആറ് ആഴ്ചകളായി മരിയുപോളില്‍ ഉക്രൈന് സേനയ്ക്ക് വേണ്ടി യുദ്ധം ചെയ്യുകയാണെന്ന് വാറ്റ്ഫോര്ഡില് നിന്നുള്ള മുന്‍ ബ്രിട്ടീഷ് പട്ടാളക്കാരനായ പിന്നര്‍ റഷ്യയുടെ ദേശീയ ടെലിവിഷനില്‍ അഭിപ്രായപ്പെട്ടു. ഒടുവില്‍ ഇപ്പോള്‍ റഷ്യയുടെ കീഴിലുള്ള ഡൊണെറ്റ്സ്കിലായിരുന്നു. ഏതാനും ദിവസം മുന്‍പ് റഷ്യന്‍ പട്ടാളത്തിന് മുന്പില് കീഴടങ്ങിയ ഉക്രൈന്റെ 36ാം മറീന്‍ ബ്രിഗേഡിലാണ് താന്‍ സേവനം നടത്തിയതെന്നും പിന്നര്‍ വെളിപ്പെടുത്തി.
ഉക്രൈന് സേനയ്ക്ക് വേണ്ടി യുദ്ധം ചെയ്തുകൊണ്ടിരുന്ന അസ്ലിനെ ഏതാനും ദിവസം മുന്‍പാണ് റഷ്യന്‍ സേന പിടികൂടിയത്. ഒമ്പത് വര്‍ഷം ബ്രിട്ടനിലെ റോയല്‍ ആംഗ്ലിയന്‍ റെജിമെന്റില്‍ പട്ടാളക്കാരനായി സേവനമനുഷ്ഠിച്ച എയ്ഡന്‍ അസ്ലില്‍ നോട്ടിംഗ്ഹാം സ്വദേശിയാണ്. ബ്രിട്ടീഷ് പട്ടാളക്കാരനായ എയ്ഡന്‍ അസ്ലിലിന്റെ വിലങ്ങ് വെച്ച ചിത്രവും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
തങ്ങളെ റഷ്യന്‍ തടവില്‍ നിന്നും രക്ഷിക്കണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണോട് ഇരുവരും അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ ദിവസം ഉക്രൈനില്‍ സന്ദര്‍ശനം നടത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെതിരെ റഷ്യ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഉക്രൈന് വേണ്ടി ബ്രിട്ടന് വന്‍തോതില്‍ ആയുധങ്ങള്‍ അയച്ചിരുന്നു. ഇനിയും ആയുധങ്ങള്‍ അയച്ചാല്‍ തിരിച്ചടിക്കുമെന്നും റഷ്യ താക്കീത് നല്‍കിയിരുന്നു. ബോറിസ് ജോണ്സണ് ഉള്‍പ്പെടെയുള്ള ബ്രിട്ടീഷ് നേതാക്കള്‍ക്ക് റഷ്യ സന്ദര്‍ശന വിലക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: