മഞ്ചേരി: വിജയം തുടരണം, രാജസ്ഥാനെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസമുണ്ട്. കേരളം കാത്തിരുന്ന ക്ലാസിക് പോരാട്ടത്തിന് ഇന്ന് മഞ്ചേരിയില്‍ അരങ്ങുണരുന്നു.
ഗ്രൂപ്പിലെ ഏറ്റവും കടുത്ത പോരാട്ടത്തില്‍ 32 തവണ ചാമ്പ്യന്മാരായ ബംഗാളാണ് സന്തോഷ് ട്രോഫിയില്‍ കേരളത്തിന്റെ എതിരാളികള്‍. രണ്ട് ടീമുകളും തുടര്‍ച്ചയായ രണ്ടാം വിജയം ലക്ഷ്യമിട്ടാണ് പയ്യനാട് സ്റ്റേഡിയത്തില്‍ പന്തുതട്ടാനിറങ്ങുന്നത്.
പകവീട്ടുമോ?
നാല് വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ബംഗാള്‍ കേരളത്തെ നേരിടുന്നത്. 2017 മാര്‍ച്ച് 27ന് കൊല്‍ക്കത്തയില്‍ നടന്ന ഗ്രൂപ്പ് മത്സരത്തിലും പിന്നീട് 2018 ഏപ്രില്‍ ഒന്നിന് നടന്ന ഫൈനലിലും കേരളം ബംഗാളിനെ കീഴടക്കിയിരുന്നു. ആ പരാജയങ്ങള്‍ക്ക് പകരം വീട്ടുക എന്ന ലക്ഷ്യം കൂടിയാണ് ഇന്ന് പയ്യനാട് സ്റ്റേഡിയത്തിലെ മത്സരത്തില്‍ ബംഗാള്‍ ലക്ഷ്യം വയ്ക്കുന്നത്.
അന്നത്തെ ഫൈനലില്‍ ഷൂട്ടൗട്ടിനൊടുവില്‍ 4-2നായിരുന്നു കേരളത്തിന്റെ ജയവും സന്തോഷ് ട്രോഫി കിരീടധാരണവും. ഗ്രൂപ്പ് മത്സരത്തില്‍ 1-0ന്റെ വിജയവുമാണ് നേടിയത്. കൊല്‍ക്കത്തയിലെ വിജയത്തുടര്‍ച്ചയാണ് കേരളത്തിന്റെ ലക്ഷ്യം.
പഴുതുകള്‍ അടയ്ക്കണം
കേരളം ആദ്യ കളിയില്‍ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് രാജസ്ഥാനെ തകര്‍ത്തെറിഞ്ഞപ്പോള്‍ ബംഗാളിന്റെ വിജയം കരുത്തരായ പഞ്ചാബിനെതിരെ ആയിരുന്നു, 1-0ന്. മികച്ച പ്രകടനമാണ് കേരളം രാജസ്ഥാനെതിരെ പുറത്തെടുത്തത്. ക്യാപ്്റ്റന് ജിജോ ജോസഫ് ഹാട്രിക് നേടി. സ്ട്രൈക്കര്‍ വിഘ്നേഷ് പാഴാക്കിയ അവസരങ്ങള്‍ നിരവധിയാണ്. മധ്യനിരയില്‍ ചില പോരായ്മകളുണ്ട്. ആദ്യ കളിയില്‍ ഹാട്രിക് അടിച്ച് കേരളത്തിന്റെ വിജയശില്പിയായെങ്കിലും മധ്യനിരയില്‍ കളിമെനയുന്നതില്‍ ജിജോ പൂര്‍ണ വിജയമായിരുന്നില്ല. ഇതോടെ സ്ട്രൈക്കറായ വിഘ്നേഷിന് പിന്നിലേക്കിറങ്ങി വന്ന് പന്ത് സ്വീകരിച്ച് മുന്നേറ്റം നടത്തേണ്ടിവന്നു.
വിഘ്നേശിന്റെ വേഗതയ്ക്കൊപ്പം എത്താന്‍ മറ്റുള്ളവര്‍ക്ക് കഴിയുന്നില്ലെന്നതും കേരളത്തിന് പ്രശ്നമാണ്. കളിയുടെ നിയന്ത്രണവും ആക്രമണവും ഒരുപോലെ ഏറ്റെടുക്കേണ്ടി വരുന്നത് വിഘ്നേഷിന്റെ ഫിനിഷിങ്ങിന്റെ താളം തെറ്റിക്കുന്നു. അജയ് അലക്സും മുഹമ്മദ് ഷരീഫും സഞ്ജുവും അണ്ടര്‍ 21 താരം സോയല്‍ ജോഷിയും അടങ്ങിയ പ്രതിരോധം മികച്ച പ്രകടനമാണ് നടത്തിയത്. അതുകൊണ്ടുതന്നെ കേരള ഗോളി മിഥുന് കാര്യമായ പരീക്ഷണം രാജസ്ഥാനില്‍ നിന്ന് നേരിടേണ്ടി വന്നതുമില്ല. രാജസ്ഥാനെതിരെ കളിച്ച കളി മതിയാവില്ല ബംഗാളിനെതിരെ ജയിച്ചു കയറാന്‍. എല്ലാ പഴുതുകളും അടച്ച് കുറ്റമറ്റ രീതിയിലാകും ഇന്ന് ബിനോ ജോര്‍ജ് ടീമിനെ മൈതാനത്ത് വിന്യസിക്കുക. ആദ്യ മത്സരത്തിലെന്ന പോലെ ഇന്നും 4-4-2 ശൈലിയിലാകും കേരളം മൈതാനത്തിറങ്ങുക.
ശക്തമാണ് മറുവശം
മറുവശത്ത് ആദ്യ കളിയില്‍ കരുത്തരായ പഞ്ചാബിനെ കീഴടക്കിയ ബംഗാളും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. കഴിഞ്ഞ കളിയില്‍ വിജയഗോള്‍ നേടിയ ശുഭം ഭൗമിക്ക്, മറ്റൊരു മുന്നേറ്റനിരക്കാരനും യുവതാരവുമായ ഫര്ദിന് അലി മൊല്ല എന്നിവരടങ്ങിയ താരനിരയെ പിടിച്ചുകെട്ടുക എന്നതാണ് കേരള പ്രതിരോധത്തിന്റെ വെല്ലുവിളി. മധ്യനിരയില്‍ കളിമെനയാന്‍ തന്മയ് ഘോഷ്, മഹിതോഷ് റോയ്, ബസുദേവ് മന്ദി, സജല്‍ ബാഗ് തുടങ്ങിയവരും എത്തുമ്പോള്‍ മധ്യനിരയിലെ പോരാട്ടം കനക്കും. പ്രതിരോധം നയിക്കുന്നത് നായകന് മൊണ്ടോഷ് ചക്ലാദാറാണ്. ഒപ്പം തുഹിന്ദാസ്, ശുഭേന്ദു മന്ദി തുടങ്ങിയവരും മൈതാനത്തെത്തുമ്പോള്‍ കേരള മുന്നേറ്റനിരക്ക് ഈ പ്രതിരോധക്കോട്ട തകര്‍ക്കുന്നത് കനത്ത വെല്ലുവിളിയാകും. എന്തായാലും സ്റ്റേഡിയം നിറഞ്ഞുകവിയുന്ന ആരാധക പിന്തുണയില്‍ കേരളവും പകരം വീട്ടാന്‍ ബംഗാളും ഇറങ്ങുമ്പോള്‍ ഇന്നത്തെ പോരാട്ടം ഹെവിവെയ്റ്റാവുമെന്ന് ഉറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: