പാലക്കാട് ഒരു അരുംകൊല കൂടി നടത്തി തങ്ങള്‍ മനുഷ്യത്വം തൊട്ടുതീണ്ടാത്ത ഭീകരസംഘടന തന്നെയാണെന്ന് പോപ്പുലര്‍ ഫ്രണ്ട് ആവര്‍ത്തിച്ച് തെളിയിച്ചിരിക്കുന്നു. ആര്‍എസ്എസ് മുന്‍ പ്രചാരകനും, മുന്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖുമായ ശ്രീനിവാസനെയാണ് നട്ടുച്ചയ്ക്ക് നഗരത്തിലെ സ്വന്തം വ്യാപാര സ്ഥാപനത്തില്‍ കയറി ഭീകരര്‍ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. അല്‍ഖ്വയ്ദയെയും താലിബാനെയും പോലുള്ള ആഗോള ഇസ്ലാമിക ഭീകര സംഘടനകളുടെ ചുവടുപിടിച്ചും, വന്‍തോതില്‍ വിദേശ ഫണ്ട് സ്വീകരിച്ചും ആയുധപരിശീലനം നേടിയും പ്രവര്‍ത്തിക്കുന്ന പോപ്പുലര്‍ ഫ്രണ്ട് എതിരാളിയായി കാണുന്നത് ആര്‍എസ്എസിനെയും മറ്റ് സംഘപരിവാര്‍ സംഘടനകളെയുമാണ്. നിയമവാഴ്ചയെ വെല്ലുവിളിച്ചും, രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്തുമാണ് പോപ്പുലര്‍ ഫ്രണ്ട് തുടക്കം മുതല്‍ പ്രവര്‍ത്തിക്കുന്നത്. സമൂഹത്തില്‍ മതപരമായ വിഭാഗീയത സൃഷ്ടിക്കാനും, തൊടുപുഴയില്‍ കോളജ് അധ്യാപകന്റെ കൈവെട്ടിയതുള്‍പ്പെടെ അക്രമങ്ങളും ഹീനമായ കൊലപാതകങ്ങളും നടത്തി ആധിപത്യം നേടാനുമാണ് ഇക്കൂട്ടര്‍ ശ്രമിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ താലിബാന് മോഡല്‍ തേര്‍വാഴ്ച കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ തത്വശാസ്ത്രം മതഭ്രാന്താണ്. എന്നാല്‍ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും ബഹുസ്വരതയുടെയും വായ്ത്താരി മുഴക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും ശ്രമിക്കുന്നു. രാജ്യദ്രോഹപരമായ നിലപാടുകള്‍ പരസ്യമായി സ്വീകരിക്കുന്ന ഈ സംഘടനയുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ശേഖരിച്ചിട്ടുണ്ട്.
പിണറായി വിജയന്റെ നേതൃത്വത്തില്‍ ആറുവര്‍ഷങ്ങളായി തുടരുന്ന ഭരണത്തിന്റെ തണലില്‍ പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ അഴിഞ്ഞാടുകയാണ്. ഇടതുമുന്നണിയുടെ ഘടകകക്ഷിയെപ്പോലെയാണ് സിപിഎം ഈ ഭീകരസംഘടനയെ കാണുന്നത്. ഒന്നിനു പുറകെ ഒന്നായി സംഘപരിവാര്‍ പ്രവര്‍ത്തകരെ കൊലപ്പെടുത്താന്‍ പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ക്ക് കൂട്ടുനില്‍ക്കുകയാണ് ആഭ്യന്തര വകുപ്പ് ചെയ്യുന്നത്. പോപ്പുലര്‍ ഫ്രണ്ട് നടത്തുന്ന ഏകപക്ഷീയമായ ആക്രമണങ്ങളെക്കുറിച്ച് മൗനം പാലിക്കുന്ന സിപിഎം ഇതിനെതിരെ പ്രതികരണമുണ്ടാവുമ്പോള്‍ മാത്രം വിമര്‍ശനവുമായി രംഗപ്രവേശം ചെയ്യുന്നു. നേരത്തെ പാലക്കാട് എലപ്പുള്ളിയിലെ സഞ്ജിത്തിനെയും ആലപ്പുഴയിലെ രണ്‍ജീത് ശ്രീനിവാസിനെയും, ഇപ്പോള്‍ പാലക്കാട് മേലാമുറിയിലെ ശ്രീനിവാസനെയും കൊലപ്പെടുത്തിയതിനു പിന്നില്‍ പോലീസിന്റെ ബോധപൂര്‍വമായ അനാസ്ഥയുണ്ട്. ആഭ്യന്തര വകുപ്പിന്റെ ആശിര്‍വാദത്തോടെ പോപ്പുലര്‍ ഫ്രണ്ടിന്റെ ഒരു ഫ്രാക്ഷന് തന്നെ പോലീസില്‍ പ്രവര്‍ത്തിക്കുന്നതായാണ് വിവരം. തൊടുപുഴയിലെ ആര്‍എസ്എസ് നേതാക്കളുടെ വ്യക്തിവിവരങ്ങള്‍ ഒരു പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ടിന് ചോര്‍ത്തി നല്‍കുകയും, ആലുവയില്‍ ഈ സംഘടനയില്‍പ്പെട്ട ഭീകരര്‍ക്ക് അഗ്നിശമന രക്ഷാസേന പരിശീലനം നല്കിയതുമൊക്കെ ഇതിന് തെളിവാണ്. സര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പക്ഷത്താണെന്ന് ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കിയ നിരവധി സന്ദര്‍ഭങ്ങളുണ്ട്. നാര്‍കോട്ടിക് ജിഹാദിനെതിരെ പ്രതികരിച്ച പാല ബിഷപ്പിനെതിരെ കേസെടുത്തതും, ലൗജിഹാദ് എന്നൊന്നില്ലെന്ന് നിയമസഭയില്‍ വാദിച്ചതും, പോപ്പുലര്‍ ഫ്രണ്ട് പ്രചോദനമുള്‍ക്കൊള്ളുന്ന പാലസ്തീനിലെ ഹമാസ് ഭീകരരുടെ റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നഴ്സിന്റെ അനുശോചന കുറിപ്പില്‍ ഭീകരരെ പ്രീതിപ്പെടുത്താന്‍ തിരുത്ത് വരുത്തിയതുമൊക്കെ ഇതിനുദാഹരണങ്ങളാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ പിന്തുണച്ചതിന്റെ പ്രത്യുപകാരമായാണ് ഇങ്ങനെ ചെയ്യുന്നത്. അധികാരത്തിലിരിക്കുന്ന പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും സിപിഎമ്മും പോപ്പുലര്‍ ഫ്രണ്ടും സഖ്യത്തിലാണ്.
പോപ്പുലര്‍ ഫ്രണ്ട് നടത്തിക്കൊണ്ടിരിക്കുന്ന കുപ്രചാരണത്തില്‍ വീഴാതെ അവരുടെ തനിനിറം തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്. ഇവര്‍ക്ക് ഒത്താശ ചെയ്യുന്ന മാധ്യമങ്ങളെ തുറന്നുകാട്ടുകയും വേണം. രാജ്യത്തിന്റെ ഭരണഘടനയിലും സമാധാനപരമായ സഹവര്‍ത്തിത്വത്തിലും വിശ്വസിക്കാത്ത പോപ്പുലര്‍ ഫ്രണ്ടുകാരെ സാമൂഹ്യമായി ഒറ്റപ്പെടുത്തണം. കേരളം താവളമാക്കി മറ്റിടങ്ങളില്‍ മതത്തിന്റെ പേരില്‍ സാമൂഹ്യ അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നതില്‍ ഇവര്‍ക്ക് വലിയ പങ്കുണ്ട്. പൗരത്വ നിയമഭേദഗതിക്കെതിരെന്ന പേരില്‍ ദല്‍ഹിയില്‍ നടന്ന വര്‍ഗീയ കലാപം, കര്‍ണാടകയിലെ ഹിജാബ് വിവാദം, പല ഉത്തരഭാരത സംസ്ഥാനങ്ങളിലും രാമനവമി ആഘോഷങ്ങള്‍ക്കുനേരെ നടന്ന ആക്രമണങ്ങള്‍ എന്നിവയിലൊക്കെ പോപ്പുലര്‍ ഫ്രണ്ടിന്റെ കറുത്ത കൈകളുണ്ട്. നിയമവിരുദ്ധമായി വിദേശ ഫണ്ട് സ്വീകരിച്ചതിന് ഈ സംഘടനയുടെ കേരളീയനായ ഒരു നേതാവിനെ അടുത്തിടെ എന്‍ഫോഴ്സ്മെന്റ് അറസ്റ്റു ചെയ്യുകയുണ്ടായി. ഇയാളിലൂടെ കണ്ടെത്തിയിരിക്കുന്നത് മഞ്ഞുമലയുടെ മേല്‍ത്തുമ്പു മാത്രമാവാനാണ് സാധ്യത. ഇവരില്‍പ്പെട്ട ചിലര്‍ക്ക് ഗള്‍ഫ് നാടുകളില്‍ മദ്യശാലകളും ഡാന്‍സ് ബാറുകളുമൊക്കെയുണ്ടെന്നാണ് വിവരം. ഇത്തരക്കാരെ കണ്ടെത്തി ശിക്ഷിക്കണം. ഭീകരപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടതിന് ‘സിമി’ എന്ന ഭീകരസംഘടനയെ രാജ്യത്ത് നിരോധിച്ചിരിക്കുകയാണല്ലോ. ‘സിമി’ ചെയ്തിരുന്ന കാര്യങ്ങള്‍ തന്നെയാണ് അതിനെക്കാള്‍ ശക്തവും വ്യാപകവുമായി പോപ്പുലര്‍ ഫ്രണ്ട് ചെയ്തുകൊണ്ടിരിക്കുന്നത്. സമുദായത്തിന്റെ സഹതാപം നേടും, മറ്റു പേരുകളില്‍ പ്രവര്‍ത്തിക്കും എന്നൊക്കെ കരുതാതെ പോപ്പുലര്‍ ഫ്രണ്ടിനെ നിയമം മൂലം നിരോധിക്കുകയും, ശക്തമായി അടിച്ചമര്‍ത്തുകയും വേണം. സമാധാനകാംക്ഷികളായ എല്ലാവരും ഒപ്പം നില്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: