കൊട്ടാരക്കര: ജില്ലയില്‍ ആദ്യമായി എയ്ഡ്സ് സ്ഥിരീകരിച്ച പരേതരായ സി.കെ. ചാണ്ടിയുടെയും മേരി ജോണിന്റെയും മക്കളില്‍ ബെന്‍സനും യാത്രയായി. സഹോദരി ബെന്‍സി 2010ല്‍ മരിച്ചു. കുടുംബത്തിലെ അവസാനത്തെ കണ്ണിയായിരുന്ന ബെന്‍സനെ (26) തൃക്കണ്ണമംഗലില്‍ ബന്ധുവീട്ടില്‍ കഴിഞ്ഞദിവസമാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രണയനൈരാശ്യമാണ് മരണകാരണമെന്നാണ് പോലീസിന്റെ പ്രതികരണം.
മാതാപിതാക്കള്‍ എച്ച്ഐവി രോഗികളായതുകൊണ്ട് മാത്രം രോഗ ബാധിതരായ ബെന്‍സനും ബെന്‍സിയും കേരളത്തില്‍ അറിയപ്പെട്ടത് അവര്‍ നേരിട്ട സാമൂഹിക വിവേചനത്തിന്റെ പേരിലായിരുന്നു. അക്ഷരം പഠിക്കാന്‍ സ്കൂളിലെത്തിയ കുട്ടികളെ സാംസ്കാരിക കേരളം പുറത്ത് നിര്‍ത്തി.
എച്ച്ഐവി രോഗികളായ കുട്ടികള്‍ പഠിക്കുന്ന സ്കൂളില്‍ തങ്ങളുടെ കുട്ടികള്‍ പഠിക്കില്ലെന്ന് മറ്റ് രക്ഷകര്‍ത്താക്കള്‍ നിലപാടെടുത്തപ്പോള്‍ മനസ്സ് പൊള്ളിയ കുട്ടികളായിരുന്നു ആദിച്ചനല്ലൂര്‍ സ്വദേശികളായ ഇരുവരും. കേരളത്തിലെ പൊതുസമൂഹം മുഴുവന്‍ ആ കുരുന്നുകളെ വെറുപ്പോടെ നോക്കിയപ്പോള്‍ അവരെ സ്വന്തം ശരീരത്തോട് ചേര്‍ത്ത് നിര്‍ത്തി കൊഞ്ചിച്ചത് അന്ന് കേന്ദ്രമന്ത്രിയായിരുന്ന സുഷമ സ്വരാജായിരുന്നു.
2003 സെപ്റ്റംബറിലാണ് സുഷമ സ്വരാജ് കുട്ടികളെ സന്ദര്‍ശിച്ചത്. ഇരുവരെയും ചേര്‍ത്തു നിര്‍ത്തി നെറുകയില്‍ ചുംബിച്ച സുഷമ സ്വരാജ് എച്ച്ഐവി രോധബാധിതര്‍ക്ക് നേരെയുള്ള അബദ്ധ ധാരണകള്‍ക്ക് ചുട്ട മറുപടി കൂടിയാണ് നല്‍കിയത്. 2010ല്‍ പതിനഞ്ചാം വയസിലാണ് ബെന്‍സി മരണപ്പെട്ടത്. 2005ല്‍ മുത്തശ്ശന് ഗീവര്ഗീസും കുറച്ചുനാളുകള്‍ക്ക് മുന്‍പ് മുത്തശ്ശി ശാലിക്കുട്ടിയും മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: