തൃശൂര്‍: നടന് സുരേഷ് ഗോപിയുടെ ജനപ്രീതി തൃശൂരില്‍ റോക്കറ്റ് പോലെ കുതിച്ചുയരുകയാണ്. രണ്ട് കോടി നല്കി ശക്തന് മാര്‍ക്കറ്റിന്റെ നവീകരണം, ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ പേരിലുള്ള വന്‍ ജനപ്രീതി…എല്ലാം ചേര്‍ന്ന് സുരേഷ് ഗോപി 2024ല്‍ തൃശൂര്‍ ലോക്സഭാ മണ്ഡലം പിടിച്ചേക്കുമെന്ന ഭയത്തിലാണ് ഇടത്-വലത് മുന്നണികള്‍. കാലാകാലങ്ങളായി കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും സ്വന്തമാക്കി വെച്ച മണ്ഡലം അടുത്ത കുറി മോദിയുടെ കരങ്ങള്‍ക്ക് ശക്തിയേകാന്‍ സുരേഷ് ഗോപി പിടിച്ചെടുക്കുമോ എന്ന ഭയം ഇടത്-വലത് കോട്ടകളില്‍ ആഞ്ഞടിക്കുകയാണ്.
ഇതോടെയാണ് വിവാദങ്ങളില്‍ കുരുക്കി സുരേഷ് ഗോപിയെ തറപറ്റിക്കാന്‍ കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ കൊണ്ടു പിടിച്ച് ശ്രമിക്കുന്നത്. രാജ്യസഭയിലെ കാലാവധി തീര്‍ന്നതോടെ ഇനി 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിനായി കച്ചകെട്ടി തൃശൂര്‍ കേന്ദ്രമായി സുരേഷ് ഗോപി പ്രവര്‍ത്തിക്കുകയാണെന്ന അഭ്യൂഹം പരന്നിരിക്കുകയാണ്.
എങ്ങിനെയെങ്കിലും വിവാദങ്ങളില്‍ കുരുക്കി സുരേഷ് ഗോപിയുടെ ജനപ്രീതി തകര്‍ക്കുകയാണ് പലരുടെയും ലക്ഷ്യം. ന്യൂനപക്ഷ സമുദായങ്ങളെ സന്തോഷിപ്പിക്കാനാണ് സുരേഷ് ഗോപിയുടെ കൈനീട്ടവാര്ത്ത വിവാദമാക്കിയത്. ക്ഷേത്ര പൂജാരികള്‍ക്ക് അഡ്വാന്‍സായി സുരേഷ് ഗോപി പണം നല്‍കിയെന്നും ക്ഷേത്രത്തെ വോട്ടിനായി ഉപയോഗിച്ചും എന്നുമുള്ള ആരോപണം കൃത്യമായി ന്യൂനപക്ഷവോട്ടുകളില്‍ കണ്ണുനട്ടുള്ള അഭ്യാസമാണ്. വിഷുക്കൈനീട്ടം നല്കിയ ചിലര്‍ നടന്റെ കാല്‍തൊട്ടു വന്ദിച്ചു എന്നതാണ് മറ്റൊരു പരാതി. ഇതുവഴി സുരേഷ് ഗോപിയെ ഒരു പഴഞ്ചന്‍ മൂല്യങ്ങളുള്ള വ്യക്തിയാക്കി ഉയര്‍ത്തിക്കാട്ടാനാണ് ഇടതുശ്രമം.
അതുപോലെ കാര്‍ഷികനിയമങ്ങള്‍ നല്ലതാണെന്നും അത് തിരിച്ചുവരുമെന്നുമുള്ള പ്രസ്താവനയ്ക്കെതിരെ ഏതാനും കര്‍ഷകരെ രംഗത്തിറക്കി സമരം ചെയ്തത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. ആകെ 25 പേര് പങ്കെടുത്ത ആ സമരവും പത്രവാര്‍ത്തകളില്‍ ഇടം നേടി. ഇതിനിടെ തൃശൂര്‍ പൂരത്തിന്റെ വെടിക്കെട്ടിന് താന്‍ അര്‍ദ്ധരാത്രിയിലാണ് വാണിജ്യമന്ത്രി പീയൂഷ് ഗോയലില്‍ നിന്നും അനുമതി വാങ്ങിയതെന്നുള്ള സുരേഷ് ഗോപിയുടെ പ്രസ്താവനയും കമ്മ്യൂണിസ്റ്റുകളെയും കോണ്‍ഗ്രസ്കാരെയും തെല്ലൊന്നുമല്ല വിറളി പിടിപ്പിച്ചിരിക്കുന്നത്. എന്തായാലും കരുതലോടെ മുന്നോട്ട് നീങ്ങണമെന്ന സന്ദേശമാണ് ബോധപൂര്‍വ്വം തൃശൂരില്‍ സുരേഷ് ഗോപി വിരുദ്ധ തരംഗം സൃഷിക്കാനുള്ള കമ്മ്യൂണിസ്റ്റ്-കോണ്‍ഗ്രസ് നീക്കങ്ങള്‍ താരത്തിന് നല്‍കുന്നത്. ഹീനമായ ചിന്തയുള്ളവരാണ് കൈനീട്ട പരിപാടിക്കെതിരെ വന്നിരിക്കുന്നതെന്നും കുഞ്ഞുങ്ങളെ അനുഗ്രഹിച്ച് ഒരു രൂപ നല്കുന്നതില് എന്താണ് കുഴപ്പമെന്നും സുരേഷ് ഗോപി ചോദിക്കുന്നു. നിര്‍ബന്ധപൂര്‍വ്വം ആരോടും തന്റെ കാല്‍തൊട്ട് വന്ദിക്കാന#് ആവശ്യപ്പെട്ടിട്ടില്ലെന്നും സുരേഷ് ഗോപി പറയുന്നു. എന്തായാലും ഈ ഹീന ചിന്തയുള്ളവര്‍ നാളെ ഏതറ്റവും വരെ പോകുമെന്നതിന്റെ തെളിവാണ് തൃശൂരില്‍ നിന്നും സുരേഷ് ഗോപിയ്ക്കെതിരെ നടന്ന നീക്കങ്ങള്‍.
എന്തായാലും താരത്തിന്റെ സദ്കര്‍മ്മങ്ങള്‍ പാഴാകില്ലെന്ന വിശ്വാസത്തിലാണ് സുരേഷ് ഗോപി ആരാധകര്‍. കോവിഡ് കാലത്ത് തൃശൂര്‍ മെഡിക്കല്‍ കോളെജില്‍ ഓക്സിജന്‍ നല്‍കാനുള്ള സംവിധാനം ഉയര്‍ത്തിയതടക്കമുള്ള ഒട്ടേറെ സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായ താരത്തെ തൃശൂരും തൃശൂരുകാരും കൈവിടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: