കീവ്: ഉക്രൈനില്‍ നടക്കുന്ന റഷ്യന്‍ അധിനിവേശത്തില്‍ കൊല്ലപ്പെടുന്നവരുടെ കണക്കുകള്‍ പുറത്ത് വിട്ട് പോലീസ്. കീവ് നഗരത്തില്‍ മാത്രം 900 ഉക്രൈന് പൗരന്മാരുടെ മൃതദേഹമാണ് കണ്ടെടുത്തത്. റഷ്യന്‍ സൈന്യം നഗരം വിട്ടു പോയതിനു തൊട്ടുപിന്നാലെയാണ് ഇത്രയധികം മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
കൊല്ലുക എന്ന ലക്ഷ്യത്തോടുകൂടി മാത്രം തലയ്ക്ക് വെടിവെച്ച രീതിയിലാണ് മിക്ക മൃതദേഹങ്ങളും. ഒരു പ്രകോപനവുമില്ലാതെ റഷ്യന്‍ സൈന്യം നടപ്പിലാക്കിയിരിക്കുന്നത് ക്രൂരമായ കൂട്ടക്കൊലയാണെന്ന് ഉക്രൈന് പോലീസ് അധികാരികള്‍ വ്യക്തമാക്കുന്നു. കീവില്‍ മിസൈല്‍ ആക്രമണം ശക്തമാക്കുമെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയതിന് തൊട്ട് പിന്നാലെയാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തിരിക്കുന്നത്.
ലോകരാജ്യങ്ങളുടെ പ്രതിഷേധം വകവയ്ക്കാതെ കിഴക്കന്‍ ഉക്രൈനില്‍ ആക്രമണം ശക്തമാക്കാനുള്ള നീക്കത്തിലാണ് മോസ്കോ. തെക്കന്‍ തുറമുഖ നഗരമായ മരിയോപോളിലും ശക്തമായ ആക്രമണം തുടരുകയാണ്. അവിടെ റഷ്യന്‍ സൈന്യം മൃതദേഹങ്ങള്‍ കുഴിച്ചിടുന്നത് കണ്ടതായി പ്രദേശവാസികള്‍ മാധ്യമങ്ങളോട് പറഞ്ഞു. വടക്കുകിഴക്കന്‍ നഗരമായ ഹാര്‍കിവിലെ ജനവാസ കേന്ദ്രത്തില്‍ റഷ്യന്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ ഏഴ്മാസം പ്രായമായ കുഞ്ഞടക്കം ഏഴ് പേര് കൊല്ലപ്പെടുകയും 34 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പല സ്ഥലങ്ങളിലും മൃതദേഹങ്ങള്‍ വലിച്ചെറിയപ്പെടുകയോ കൂട്ടമായി കുഴിച്ചുമൂടുകയോ ആണ് ചെയ്യുന്നത്. 95 ശതമാനവും വെടിയേറ്റാണ് കൊല്ലപ്പെട്ടതെന്നും റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നു. മരിയോപോള്‍ പോലുള്ള നഗരങ്ങളില്‍ മാത്രം പരിശോധിച്ചാല്‍ റഷ്യന്‍ ക്രൂരതയുടെ തെളിവുകള്‍ കാണാനാവുമെന്ന് ഉക്രൈന് ജനപ്രതിനിധികള്‍ മാധ്യമങ്ങളോട് പറഞ്ഞു.
‘ഉക്രൈനെ വെട്ടിപിടിച്ച് പ്രദേശം നിയന്ത്രിക്കുന്നത് എളുപ്പമാക്കമെന്ന് അവര്‍ കരുതി. പക്ഷേ അവര്‍ക്ക് തെറ്റി. അവര്‍ സ്വയം വിഡ്ഢികളാകുന്നു, ”സെലെന്‍സ്കി പറഞ്ഞു. റഷ്യയുടെ പ്രശ്നം, ഞങ്ങള്‍ കീഴടങ്ങാന്‍ സമ്മതിക്കാത്തതാണ്. അത് ഒരിക്കലും നടക്കില്ല. ഉക്രൈനിന് ജനതയും അത് അംഗീകരിക്കുന്നില്ലെന്നും സെലന്‍സ്കി അറിയിച്ചു.
മരിയുപോളിന്റെ ഗതിയെക്കുറിച്ച് ഉന്നത സൈനിക, രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തതായും. എന്നാല്‍ ഇതിനെക്കുറിച്ച് വിശദാംശങ്ങള്‍ നല്കാന് തനിക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഉക്രൈന് ജനങ്ങളെ രക്ഷിക്കാന്‍ ഞങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: