വാഷിംഗ്ടണ്‍: ചൈനയെ വരുതിയിലാക്കാനും ചൈനയുടെ കുതിപ്പിന് തടയിടാനും യുഎസും ജപ്പാനും ആസ്ത്രേല്യയും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളും ഒന്നു ചേര്‍ന്ന് ശ്രമിക്കുന്നു. കോവിഡില്‍ തളര്‍ന്ന ചൈനയ്ക്ക് മുഖത്തേറ്റ രണ്ട് അടിയാണ് യുഎസില്‍ നിന്നും ജപ്പാനില്‍ നിന്നും കിട്ടിയിരിക്കുന്നത്.
ചൈനയുടെ ടെലകോം ഭീമന് കമ്പനിയായ ഹ്വാവേയ്ക്ക് (ഹുവാവേ എന്നും ഉച്ചാരണം) ഇനി മുതല്‍ സെമികണ്ടക്ടര്‍ നല്‍കേണ്ടെന്ന് തീരുമാനമെടുത്തിരിക്കുകയാണ് യുഎസ്. ഒരു വര്‍ഷം 12,0000 കോടി ഡോളറിന്റെ വരുമാനുള്ള ആഗോള ടെലികോം ഭീമനാണ് ചൈനയുടെ ഹ്വാവേ. ഇലക്ട്രോണിക്സ് രംഗത്തും (കാറുകളുടേതുള്പ്പെടെ) ടെക്നോളജി ഉപകരണങ്ങള്‍ക്കും അവിഭാജ്യഘടകമാണ് സെമികണ്ടക്ടറുകള്‍ (ചിപ്പുകള്‍).
രഹസ്യ അമേരിക്കന്‍ ഡിസൈന്‍ ഉപയോഗിച്ചുണ്ടാക്കുന്ന സെമികണ്ടക്ടറുകള്‍ ഇറക്കുമതി ചെയ്യാന്‍ ഏത് രാജ്യവും യുഎസ് വാണിജ്യ മന്ത്രാലയത്തിന്റെ അനുമതി മുന്‍കൂട്ടി വാങ്ങിയിരിക്കണം. ഇക്കാര്യത്തില്‍ ചൈനീസ് കമ്പനിയുണ്ടെങ്കില്‍ അതിന് അനുമതി നിഷേധിക്കുകയാണ് അമേരിക്ക. ഇതോടെ അമേരിക്ക-ചൈന വ്യാപാരയുദ്ധം വീണ്ടും ട്രംപ് കാലത്തിന് ശേഷം ചുടുപിടിക്കുകയാണ്. അമേരിക്കയ്ക്ക് പുറമെ, അമേരിക്കയുടെ രഹസ്യ ഡിസൈന്‍ ഉപയോഗപ്പെടുത്തി തായ് വാന്‍, ജപ്പാന്, സൗത്ത് കൊറിയ എന്നിവരും ചിപ്പുകള്‍ നിര്‍മ്മിച്ചിരുന്നു. അപ്പോള്‍ അമേരിക്ക ചിപ്പുകളുടെ വിതരണം നിരോധിച്ചപ്പോഴും ചൈനയ്ക്ക് മറ്റ് രാജ്യങ്ങളില്‍ നിന്നും ചിപ്പുകള്‍ വാങ്ങാമായിരുന്നു. ഇപ്പോള്‍ രഹസ്യ അമേരിക്കന്‍ ഡിസൈന്‍ ഉപയോഗിക്കുന്ന സെമികണ്ടക്ടറുകള്‍ അഥവാ ചിപ്പുകള്‍ വേണമെങ്കില്‍ അമേരിക്കയുടെ വാണിജ്യമന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണം. അതുകൊണ്ട് തന്നെ ഒരു രാജ്യത്ത് നിന്നും ചൈനയുടെ ഹ്വാവേയ്ക്ക് അമേരിക്കന്‍ ചിപ്പുകള്‍ ലഭിക്കില്ല.
‘ഈ പുതിയ അമേരിക്കന്‍ നിയമം 170 രാജ്യങ്ങളില്‍ നെറ്റ് വര്‍ക്ക് വികസിപ്പിക്കാനും പ്രവര്‍ത്തനും തുടരാനും അറ്റകുറ്റപ്പണി ചെയ്യാനും സാധിക്കാത്തവിധം കമ്പനിയെ ബാധിച്ചിരിക്കുകയാണ്’ ഹ്വാവേ പ്രസ്താവനയില്‍ പറയുന്നു. അമേരിക്കന്‍ ഡിസൈന്‍ ഉപയോഗിച്ച് സെമികണ്ടക്ടറുകള്‍ നിര്‍മ്മിക്കുന്ന തായ് വാന്‍ സെമികണ്ടക്ടര്‍ മാനുഫാക്ചറിംഗ് കമ്പനി (ടിഎസ്എംസി) എന്ന തായ് വാന്‍ കമ്പനിയുടെ ചൈനയിലെ ഹ്വാവേയ്ക്ക് സെമികണ്ടക്ടര്‍ നല്‍കില്ലെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു.
അതുപോലെ ജപ്പാനും പുതിയ പദ്ധതിയുമായി ചൈനയെ അടിക്കാന്‍ രംഗത്തെത്തി. ചൈന വിടാനുള്ള ആഹ്വാനമാണ് ചൈനയിലെ ജപ്പാന് കമ്പനികള്‍ക്ക് ജപ്പാനിലെ ഷിന്‍സോ ആബെ നല്‍കുന്നത്. ഇതിനായി 220 കോടി ഡോളര്‍ നീക്കിവെച്ചിരിക്കുകയാണ് ജപ്പാന്. ഇത് ചൈനയ്ക്ക് വലിയ തിരിച്ചടിയാകും. ചൈനയിലെ ജപ്പാന് കമ്പനികള്‍ വിട്ടുപോയാല്‍ ചൈനയിലെ ഒട്ടേറെപ്പേര്‍ക്ക് തൊഴില്‍ നഷ്ടമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: