മഞ്ചേരി: മലയാള മണ്ണിലെ ആരവത്തെ മറികടക്കാന്‍ രാജസ്ഥാനായില്ല. മഞ്ചേരിയില്‍ പാറിയ കാറ്റിന് പോലും കേരളത്തിന്റെ വിജയഗന്ധമുണ്ടായിരുന്നു. സന്തോഷ് ട്രോഫിയില്‍ കേരളത്തിന് സന്തോഷമുള്ള തുടക്കം. ജയം എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക്.
കളം നിറഞ്ഞ് കളിച്ച നായകന് ജിജോ ജോസഫിന് നന്ദി, കേരളത്തിന് വിജയത്തുടക്കം നല്‍കിയതിന്. ഇന്നലെ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ നിറഞ്ഞുകവിഞ്ഞ കാണികളെ സാക്ഷിയാക്കി കേരളം പറന്നു കളിക്കുകയായിരുന്നു. ആറ്, 58, 63 മിനിറ്റുകളില്‍ ഗോള്‍ നേടി ജിജോ ഹാട്രിക് നേടി. കേരളത്തിന്റെ മുന്നേറ്റത്തോടെയാണ് കളി തുടങ്ങിയത്. 4-4-2 ശൈലിയില്‍ തുടങ്ങിയ കേരളം ആദ്യ മിനിറ്റുമുതല്‍ രാജസ്ഥാന് പ്രതിരോധത്തെ പരീക്ഷിച്ചു. അഞ്ചാം മിനിറ്റില്‍ ബോക്സിന് പുറത്ത് കേരളത്തിന് ഫ്രീകിക്ക്. വിഘ്നേഷിനെ ഇമ്രാന്ഖാന് വീഴ്ത്തിയതിനായിരുന്നു ഫ്രീകിക്ക്. കിക്കെടുത്തത് നായകന് ജിജോ ജോസഫ്. ജിജോയുടെ അളന്നു മുറിച്ച കിക്കിന് മുന്നില്‍ രാജസ്ഥാന് ഗോളി മനീന്ദര്‍ സിങ്ങിന് മറുപടിയുണ്ടായില്ല. ഗോളിയെ കാഴ്ചക്കാരനാക്കി പന്ത് വലയില്‍.
ഇടയ്ക്ക് പ്രത്യാക്രമണങ്ങളിലൂടെ രാജസ്ഥാന് കേരള പകുതിയിലേക്ക് മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും അവയെല്ലാം പാതിവഴിയില്‍ വിഫലമാക്കപ്പെട്ടു. 11-ാം മിനിറ്റില്‍ ബോക്സിന് പുറത്തുനിന്ന് കേരള സ്ട്രൈക്കര്‍ വിഘ്നേഷ് പായിച്ച ബുള്ളറ്റ് ഷോട്ട് നേരിയ വ്യത്യാസത്തിനാണ് ക്രോസ് ബാറിന് മുകളിലൂടെ പറന്നത്. 21-ാം മിനിറ്റില്‍ ലീഡ് ഉയര്‍ത്താന്‍ സുവര്‍ണാവസരം ലഭിച്ചെങ്കിലും വിഘ്നേഷും ജിജോയും തമ്മിലുള്ള ധാരണപിശകുമൂലം പാഴായി. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 39-ാം മിനിറ്റില്‍ കേരളം ലീഡ് ഉയര്‍ത്തി. വിഘ്നേഷ് നല്ലൊരു മുന്നേറ്റം നടത്തി ബോക്സില്‍ പ്രവേശിച്ചെങ്കിലും രാജസ്ഥാന് പ്രതിരോധനിര ക്ലിയര്‍ ചെയ്തു. എന്നാല്‍ പന്ത് കിട്ടിയത് ബോക്സിന് പുറത്ത് നിന്ന നിജോ ഗില്‍ബര്‍ട്ടിന്റെ കാലുകളില്‍. നിജോ പായിച്ച ബുള്ളറ്റ് ഷോട്ട് രാജസ്ഥാന് ഗോളിക്ക് അവസരവും നല്‍കാതെ വലയില്‍ തറച്ചുകയറി (20). ആദ്യ പകുതിയില്‍ 2-0ന്റെ ലീഡുമായി കേരളം ഇടവേളയ്ക്കിറങ്ങി.
രണ്ടാം പകുതിയിലും കേരളത്തിനായിരുന്നു ആധിപത്യം. 55-ാം മിനിറ്റില്‍ കേരളം രണ്ട് മാറ്റങ്ങള്‍ വരുത്തി. വിഘ്നേഷിന് പകരം മുഹമ്മദ് ബാസിതും നിജോ ഗില്‍ബര്‍ട്ടിന് പകരം ജെസിനും കളത്തിലെത്തി. 58-ാം മിനിറ്റില്‍ കേരളം ലീഡ് ഉയര്‍ത്തി. ഇടതുവിംഗില്‍ക്കൂടി വന്ന പന്ത് പിടിച്ചെടുത്ത് രണ്ട് പ്രതിരോധനിരക്കാരെ മറികടന്നശേഷം ജിജോ ജോസഫ് പായിച്ച കിടിലന്‍ ഷോട്ടാണ് രാജസ്ഥാന് ഗോളിയെ മറികടന്ന് വലയില്‍ തറച്ചുകയറിയത്.
63-ാം മിനിറ്റില്‍ നായകന് ജിജോ ജോസഫ് ഹാട്രിക് തികച്ചു. വലതുവിംഗില്‍ക്കൂടി പന്തുമായി മുന്നേറിയ സോയല്‍ ജോഷി ബോക്സിലേക്ക് നല്കിയ പന്ത് ജിജോ വലയിലേക്ക് തിരിച്ചുവിടുകയായിരുന്നു. 73-ാം മിനിറ്റില്‍ ജിജോയ്ക്ക് നാലാം ഗോള്‍ നേടാന്‍ നല്ലൊരു അവസരം ലഭിച്ചെങ്കിലും ഷോട്ടിന് ശക്തി കുറഞ്ഞതിനാല്‍ രാജസ്ഥാന് ഗോളി കൈയിലൊതുക്കി. 82-ാം മിനിറ്റില്‍ അഞ്ചാം ഗോള്‍. ഫ്രീകിക്കിനൊടുവില്‍ രാജസ്ഥാന് ബോക്സിലുണ്ടായ കൂട്ടപ്പൊരിച്ചലിനൊടുവില്‍ അജയ് അലക്സാണ് പന്ത് വലയിലെത്തിച്ചത്. ഇതോടെ തികച്ചും ആധികാരികമായ ജയത്തോടെ കേരളം ഗ്രൂപ്പ് എയില്‍ വിജയം സ്വന്തമാക്കി. നാളെ രാത്രി എട്ടിന് ബംഗാളുമായാണ് കേരളത്തിന്റെ രണ്ടാം കളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: