ബെംഗളൂരു: കരാറുകാരനും ബിജെപി നേതാവുമായ സന്തോഷ് കെ. പാട്ടീലിന്റെ ആത്മഹത്യയുടെ പശ്ചാത്തലത്തില്‍ രാജി പ്രഖ്യാപിച്ച് ഗ്രാമവികസന മന്ത്രി കെ.എസ്. ഈശ്വരപ്പ. മുഖ്യമന്ത്രിയുടെ (ബസവരാജ്) ബൊമ്മൈയുടെ നേതൃത്വത്തിലാണ് ഞാന്‍ നാളിതുവരെ ആര്‍ഡിപിആര്‍ മന്ത്രിയായി പ്രവര്‍ത്തിച്ചതെന്നും ഇക്കാരണത്താല്‍ രാജി വെക്കുന്നതിന് മുന്നോടിയായി മുഖ്യമന്തിയുമൊത്ത് ചര്‍ച്ച നടത്തുമെന്നും ഈശ്വരപ്പ പറഞ്ഞു.
വെള്ളിയാഴ്ച വൈകുന്നേരത്തോടെ രാജി സമര്‍പ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു. പാര്‍ട്ടിക്കും പാര്‍ട്ടി നേതൃത്വത്തിനും നാണക്കേട് ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും സത്യം പുറത്തുവന്നാല്‍ താന്‍ വീണ്ടും അധികാരത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ രാജി സമര്‍പ്പിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും മുഖ്യമന്ത്രി അടക്കമുള്ള സഹപ്രവര്‍ത്തകര്‍ നല്‍കിയ മനോവീര്യത്തിന്റേയും ആത്മവിശ്വാസത്തിന്റേയും പിന്‍ബലത്തിലാണ് താന്‍ മന്ത്രിപദവിയില്‍ നിലനിന്നതെന്നും ഈശ്വരപ്പ വിശദീകരിച്ചു. കരാറുകാരന്റെ ആത്മഹത്യാ കേസിലെ ആരോപണങ്ങള്‍ സത്യമല്ലെന്ന് കൃത്യമായ ബോധ്യമുണ്ടെന്നും എന്നാല്‍ താന്‍ കാരണം സംസ്ഥാനത്തെ ക്രമസമാധാനം തകരാന്‍ പാടില്ലെന്നും മന്ത്രി പറഞ്ഞു.
വിഷം കഴിച്ച് ആത്മഹത്യ ചെയ്ത പാട്ടീല്‍, തന്റെ മരണത്തിന് നേരിട്ട് ഉത്തരവാദി ഈശ്വരപ്പയാണെന്ന് ആരോപിച്ചിരുന്നു. മന്ത്രി തന്റെ സഹായികള്‍ മുഖേന 4 കോടി രൂപയുടെ പദ്ധതിയില്‍ 40 ശതമാനം കമ്മീഷന്‍ ചോദിച്ചുവെന്നും ഇയാള്‍ ആരോപിച്ചിരുന്നു. അതേസമയം മുന്‍കാല കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന പാട്ടീല്‍ പെട്ടെന്നൊരു ദിവസം ബിജെപിയിലേക്ക് അംഗത്വം സ്വീകരിക്കുകയും പിന്നീട് പാര്‍ട്ടി നയങ്ങള്‍ക്ക് വിപരീതമായി പ്രവര്‍ത്തിച്ചിരുന്നതായും ബിജെപി വക്താക്കള്‍ പറഞ്ഞു. ഈശ്വരപ്പയുടെ രാജിയും അറസ്റ്റും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അനിശ്ചിതകാല സമരത്തിന് ആഹ്വാനം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: