മാടപ്പള്ളി: സില്‍വര്‍ ലൈന്‍ പദ്ധതിക്കുവേണ്ടി സര്‍ക്കാര്‍ സംവിധാനത്തോടെ മാടപ്പള്ളിയില്‍ ഭൂമി കൈയേറി കല്ലിടല്‍ നടത്തിയിട്ട് ആഴ്ചകള്‍ പിന്നിടുമ്പോഴാണ് കനത്ത മഴയും, കാറ്റും, ഇടിയും, മിന്നലും മാടപ്പള്ളിയില്‍ കൂടുതല്‍ നഷ്ടം വരുത്തിവച്ചത്.
കെ റെയിലിന്റെ പേരില്‍ മഞ്ഞകല്ലിടാന് എത്തിയത് യാതൊരു മുന്നറിയിപ്പുമില്ലാതെയാണ്. അന്ന് ഇടിവെട്ടേറ്റതുപോലെ എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ പകച്ചു നില്‍ക്കുകയായിരുന്നു മാടപ്പള്ളിയിലെ ജനങ്ങള്‍. ഒന്നിന് പിറകെ മറ്റൊന്നായി ദുരിതങ്ങള്‍ വരികയാണ് മാടപ്പള്ളിയിലേക്ക്.
ഒരുപാട് പേര്‍ക്ക് വീടും സ്ഥലവും നഷ്ടപ്പെടുന്ന പദ്ധതിയാണ് കെ റെയില്‍ പദ്ധതി. പോലീസിന്റെ ക്രൂരത അരങ്ങേറിയതിന്റെ ഭയപ്പാട് ഉള്ളില്‍ പുകഞ്ഞു നില്‍ക്കുമ്പോഴാണ് കനത്ത വേനല്‍ മഴ നാശനഷ്ടമുണ്ടാക്കിയത്.
കഴിഞ്ഞ ഒരാഴ്ചയായി വൈകുന്നേരം പെയ്യുന്ന ശക്തമായ മഴയ്ക്ക് ഏഴോളം വീടുകള്‍ ഇടിഞ്ഞു വീണു. വൈദ്യുതി പോസ്റ്റുകള്‍ നിലം പതിച്ചു. കൃഷി നാശം സംഭവിച്ചു. വൃക്ഷങ്ങള്‍ കടപുഴകി വീണു. 685.01ഹെക്ടറിലായി 10.30കോടി രൂപയുടെ നഷ്ടമാണ് മാടപ്പള്ളി ബ്ലോക്കില്‍ ഉണ്ടായിട്ടുള്ളത്. ജില്ലയിലെ ആകെ നഷ്ടത്തിന്റെ പകുതിയും ഇവിടെത്തന്നെയാണ്. നെല്ല്, വാഴ, റബ്ബര്‍, അടയ്ക്ക, കൊക്കോ, കുരുമുളക്, കപ്പ, പച്ചക്കറി തുടങ്ങിയ കൃഷികളാണ് ഏറെയും നശിച്ചുപോയത്.
കെ റെയില്‍ പദ്ധതിയും, പ്രകൃതി ക്ഷോഭവും മാടപ്പള്ളി മേഖലയെ ആകെ വിഷമ വൃത്തത്തിലാക്കിയിരിക്കുകയാണ്. വൈദുതി തടസ്സം മൂലം വ്യാപാരസ്ഥാപനങ്ങള്‍, വ്യവസായം എല്ലാം അവതാളത്തിലായിരിക്കുകയാണ്. റോഡുകള്‍ കുഴികളായി രൂപാന്തരപ്പെട്ടു തുടങ്ങി. കന്നുകാലി വളര്‍ത്തലുകാര്‍ക്കും ഏറെ ദുരിതം.
നെല്‍ കര്‍ഷകര്‍ക്കാണ് വേനല്‍ മഴ കനത്ത പ്രഹരം എല്പിച്ചത്. പലരും ബാങ്ക് ലോണുകളും, കൊള്ള പലിശയ്ക്ക് പണം വാങ്ങിയുമാണ് കൃഷി തുടങ്ങിയത്. അതെ സമയം അധികൃതര്‍ വിവരം അറിഞ്ഞെത്തുന്നുണ്ടെങ്കിലും ആശ്വാസത്തിനു വക നല്‍കുന്നുമില്ല. ഇത് കര്‍ഷകരെയും, വീടുകള്‍ തകര്‍ന്നുപോയവര്‍ക്കും ആശങ്ക ഉണ്ടാക്കുന്നു. വേനല്‍ മഴ ഇനിയും കനക്കുകയാണെങ്കില്‍ സ്ഥിതി ഇതിലും ഗുരുതരമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: