ന്യൂദല്‍ഹി : ഭീകര സംഘടനയായ അല്‍ ഉമര്‍ മുജാഹിദ്ദീന്‍ സ്ഥാപകനും ചീഫ് കമാന്‍ഡറുമായ മുഷ്താഖ് അഹമ്മദ് സര്ഗാരിനെ ഭീകരനായി പ്രഖ്യാപിച്ചു. യുഎപിഎ നിയമ പ്രകാരമാണ് കേന്ദ്ര സര്‍ക്കാര്‍ ഭീകരനായി പ്രഖ്യാപിച്ചത്. 1999ല്‍ കാണ്ഡഹാറില്‍ ഐസി- 814 വിമാനം റാഞ്ചിയതിനെ തുടര്‍ന്ന് അന്നത്തെ കേന്ദ്രസര്‍ക്കാര്‍ തടവില്‍ നിന്നും മോചിപ്പിച്ച മൂന്ന് ഭീകരരില്‍ ഒരാളാണ് അഹമ്മദ്.
ജമ്മുകശ്മീര്‍ സ്വദേശിയായ മുഷ്താഖിന് ഇപ്പോള്‍ 52 വയസാണ്. ഇന്ത്യയ്ക്കും ലോക സമാധാനത്തിനും ഭീഷണിയാണ് സര്‍ഗര്‍. ഇത് മുന്‍ നിര്‍ത്തിയാണ് ഭീകരനായി പ്രഖ്യാപിക്കുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കൊലപാതകം, വധശ്രമം, തട്ടിക്കൊണ്ടുപോകല്‍, ഭീകരാക്രമണ ഗൂഢാലോചന, ഭീകരാക്രണം, ഭീകരാക്രമണ ധന ശേഖരണം തുടങ്ങിയ കുറ്റങ്ങളില്‍ നിരവധി കേസുകള്‍ സര്‍ഗറിനെതിരെ നിലവിലുണ്ട്.
പാക്കിസ്ഥാനില്‍ നിന്നാണ് ഇയാള്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പരിശീലനം നേടിയത്. സര്‍ഗാര്‍ സ്ഥാപിച്ച അല്‍ ഉമര്‍ മുജാഹിദ്ദീന്‍ സംഘടനയെ ഭീകര സംഘടനയായി നേരത്തെ തന്നെ പ്രഖ്യാപിട്ടുണ്ട്. ജമ്മു കശ്മീര്‍ വിഘടന വാദ മുന്നണിയുടെ ഭാഗമാണ് സര്‍ഗര്‍ എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനത്തില്‍ കുറ്റപ്പെടുത്തുന്നു.
യാസിന് മാലിക്കിന്റെ നേതൃത്വത്തിലുള്ള വിഘടന വാദ നേതാക്കളില്‍ ഒരാളാണ് സര്‍ഗാര്‍. പാക്കിസ്ഥാനിലേക്ക് കടന്ന ഇയാള്‍ അവിടെയിരുന്നാണ് ഇന്ത്യയ്ക്ക് നേരെ നീക്കങ്ങള്‍ നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: