എസ്. ശ്രീനിവാസ് അയ്യര്‍
(സമ്പൂര്‍ണ വിഷുഫലം 2022… മേടം മുതല്‍ മീനം വരെയുള്ള പന്ത്രണ്ടുകൂറുകളില്‍ ജനിച്ചവര്‍ക്കും)
മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ഒന്നാം പാദം): ലക്ഷ്യം വെക്കുന്നത് നേടിയെടുക്കാന്‍ കഴിയുന്ന വര്‍ഷമാണ്. വിദേശജീവിതം സ്വപ്നം കാണുന്നവര്‍ക്ക് ആഗ്രഹസാഫല്യം ഉണ്ടാവും. സന്താനങ്ങളുടെ ശ്രേയസ്സ് സന്തോഷം പകരും. ഉദ്യോഗത്തിലിരിക്കുന്നവര്‍ക്ക് അകലേക്ക് സ്ഥലംമാറ്റം ഒരു സാധ്യതയാണ്. ധനപരമായി ചിന്തിച്ചാല്‍ നല്ല കാര്യങ്ങള്‍ക്ക് വ്യയം ഉണ്ടാവുന്ന വര്‍ഷം കൂടിയാണ്. ജന്മത്തിലെ രാഹുസ്ഥിതി മൂലം ആരോഗ്യപരമായി ചില വെല്ലുവിളികള്‍ ഉയരാം. കുടുംബക്ഷേത്ര ദര്‍ശനവും പ്രാര്‍ത്ഥനയും ഒഴിവാക്കരുത്…
ഇടവക്കൂറ് (കാര്‍ത്തിക 2, 3, 4 പാദങ്ങള്‍, രോഹിണി, മകയിരം 1, 2 പാദങ്ങള്‍): ആത്മവിശ്വാസം വര്‍ദ്ധിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതീക്ഷിച്ച ജോലിയില്‍ പ്രവേശിക്കാനവസരം വരും. കൃഷിയിലും കച്ചവടത്തിലും ഏര്‍പ്പെട്ടിട്ടുള്ളവര്‍ക്ക് ആദായം ഏറും. പ്രതിസന്ധികളെ മറികടക്കാന്‍ സമയോചിതമായി പ്രവര്‍ത്തിക്കും. കിടപ്പുരോഗികള്‍ക്ക് സമാശ്വാസം ഭവിക്കുന്നതായിരിക്കും. ജീവിതശൈലീ രോഗങ്ങള്‍ക്ക് സാധ്യതയുണ്ട്. ശിവശാസ്തൃ ഭജനം ക്ഷേമമുണ്ടാക്കും.
മിഥുനക്കൂറ് (മകയിരം 3, 4 പാദങ്ങള്‍, തിരുവാതിര, പുണര്‍തം 1,2,3 പാദങ്ങള്‍) : തൊഴില്‍പരമായി കാലം അനുകൂലമാണ്. പുതിയ കരാറുകളില്‍ ഒപ്പുവെക്കും. വിദേശത്ത് പോകാനും വിദേശധനം അനുഭവിക്കാനും സന്ദര്‍ഭമുണ്ടാകും. ഭൂമിസംബന്ധിച്ച ക്രയവിക്രയങ്ങളില്‍ വിജയിക്കും. ഊഹക്കച്ചവടത്തില്‍ നേട്ടങ്ങളുണ്ടാക്കും. മുഖ്യതൊഴിലിനൊപ്പം മറ്റേതെങ്കിലും ഉപതൊഴിലുകളില് കൂടി ഏര്‍പ്പെടും. അഞ്ചിലെ കേതു സ്ഥിതി മൂലം മക്കളുടെ കാര്യത്തില്‍ ചില ഉല്‍ക്കണ്ഠകള്‍ വരാം. മനോവ്യാപാരങ്ങളില്‍ നിയന്ത്രണം വേണം. ഗണപതി ഭജനം തടസ്സങ്ങളകറ്റും.
കര്‍ക്കടകക്കൂറ് (പുണര്‍തം നാലാംപാദം, പൂയം, ആയില്യം): പ്രായോഗിക സമീപനം മൂലം പല കാര്യങ്ങളിലും വിജയം വരിക്കും. പിതൃഗുരു ജനങ്ങളുടെ അനുഗ്രഹാശിസ്സുകള്‍ ലഭിക്കും. പൂര്വികസ്വത്തുക്കളില് തര്‍ക്കം നീങ്ങി അനുഭവാവകാശം വന്നുചേരാം. തീര്‍ത്ഥാടന/ക്ഷേത്രാടന യോഗം കാണുന്നു. പൊതുവേ അനുകൂലമായ കാലമാണ്. ദാമ്പത്യവിജയത്തിന് ശിവപാര്‍വതി ഭജനം ഉത്തമം.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ഒന്നാം പാദം): ശ്രദ്ധാപൂര്‍വമുള്ള പ്രവര്‍ത്തനങ്ങളിലൂടെ കര്‍മ്മരംഗത്ത് വിജയിക്കാനാവുന്ന വര്‍ഷമാണ്. സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും കരാര്പണിക്കാര്ക്കും ചെറുകിട വ്യാപാരികള്‍ക്കും വിജയിക്കാനാവും. വിവാഹാര്‍ത്ഥികള്‍ക്ക് കൂടുതല്‍ കാത്തിരിക്കേണ്ടി വരാം. നവസംരംഭങ്ങളില്‍ ഏര്‍പ്പെടുന്നവരും വന്‍കിട പദ്ധതികള്‍ ലക്ഷ്യമിടുന്നവരും ജാതകപരിശോധന നടത്തി കാലാനുകൂല്യം അറിയേണ്ടതുണ്ട്. സഹായവാഗ്ദാനം നല്കിയവര് ചിലപ്പോള്‍ വാക്ക് പാലിച്ചില്ലെന്നു വന്നേക്കാം. വിഷ്ണുഭജനം ശ്രേയസ്സുണ്ടാക്കും.
കന്നിക്കൂറ് (ഉത്രം 1,2,3 പാദങ്ങള്‍, അത്തം, ചിത്തിര 1,2 പാദങ്ങള്‍): വ്യാഴത്തിന്റെ ഏഴിലെ സ്ഥിതി വിവാഹ ജീവിതത്തിനായി കാത്തിരിക്കുന്നവര്‍ക്ക് അനുകൂലമാണ്. വിദേശജീവിതം പ്രതീക്ഷിക്കുന്നവര്‍ക്കും ഗുണകരമായ വര്‍ഷമാണ്. പങ്കുകച്ചവടം വിജയിക്കും. ഗൃഹവാഹന യോഗവുമുണ്ട്. ധനപരമായി സമ്മിശ്രഫലമാണ്. രാഹുകേതുക്കളുടെ അനിഷ്ടസ്ഥിതി മൂലം ആരോഗ്യപരമായി കാലം അനുഗുണമല്ല. വൈദ്യപരിശോധനകളില്‍ ആലസ്യം അരുത്. ദുര്‍ഗ്ഗാഭജനം ദുര്‍ഗതികളില്‍ നിന്നും രക്ഷിക്കും.
തുലാക്കൂറ് (ചിത്തിര 3,4 പാദങ്ങള്‍, ചോതി, വിശാഖം 1,2,3 പാദങ്ങള്‍): അസാധ്യം എന്ന് കരുതിയ കാര്യങ്ങള്‍ കഠിനപ്രയത്നത്തിലൂടെ നേടിയെടുക്കും. പ്രൊഫഷണലുകള്‍ കര്‍മ്മരംഗത്ത് ഉജ്വലവിജയം കൊയ്യും. സഹോദരാനുകൂല്യം ഉണ്ട്. സമ്പാദ്യശീലം വര്‍ദ്ധിക്കും. വിദേശത്തുള്ളവര്‍ക്ക് നാട്ടിലേക്ക് മടങ്ങിവരാനാവും. ചികിത്സാരീതി മാറ്റുന്നതോടെ രോഗികള്‍ക്ക് ആശ്വാസമുണ്ടാകും. ആശയവിനിമയത്തില്‍ വേണ്ടത്ര വിജയിക്കാനായില്ലെന്നു വരാം. അപ്രതീക്ഷിത തടസ്സങ്ങള്‍ക്ക്, ജന്മരാശിയിലെ കേതു ഹേതുവായേക്കാം. യോഗ, ധ്യാനം തുടങ്ങിയവ പരിശീലിക്കാന്‍ ഉചിതവേളയാണ്. ഗണപതി ഭജനം കരണീയം.
വൃശ്ചികക്കൂറ് (വിശാഖം നാലാം പാദം, അനിഴം, തൃക്കേട്ട): കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സര്‍ഗവൈഭവം ഉന്മേഷകരമാവുന്ന കാലമാണ്. പ്രതിഭാവിലാസം അംഗീകരിക്കപ്പെടും. വിദ്യാര്‍ത്ഥികള്‍ പരീക്ഷകളില്‍ വലിയ വിജയം നേടും. ഇഷ്ടവിഷയങ്ങളില്‍ ഉപരിപഠനത്തിന് അവസരം തെളിഞ്ഞുകിട്ടും. വീട് മാറാനോ ഗൃഹനിര്‍മാണം നടത്താനോ സാധ്യത കാണുന്നു. ധനപരമായി ഗുണമുണ്ടെങ്കിലും പാഴ്ച്ചെലവുകളെ നിയന്ത്രിക്കേണ്ടിയിരിക്കുന്നു. ഏകാന്തയാത്രകള് നടത്താന്‍ അവസരം വന്നേക്കാം. ആരോഗ്യസ്ഥിതി സമ്മിശ്രം. ശിവശാസ്തൃ ഭജനം നന്മവരുത്തും.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ഒന്നാംപാദം): ആകുലതകളൊഴിഞ്ഞ് മനസ്സില്‍ സന്തോഷം നിറയും. കുടുംബ സാഹചര്യങ്ങള്‍ മെച്ചപ്പെടും. പുതുജോലിയില്‍ പ്രവേശിക്കാനാവും. സൗഹൃദബന്ധങ്ങള്‍ ദൃഢമാകും. ഭാവിയിലേക്ക് പ്രയോജനപ്പെടുന്ന കാര്യങ്ങള്‍ ആലോചിച്ച് തീരുമാനിക്കും. വാഹനം സ്വന്തമാക്കാനാവും. യാത്രകള്‍ പ്രയോജനപ്പെടും. അയല്‍ബന്ധങ്ങള്‍ കൂടുതല്‍ ഊഷ്മളമാകുന്നതായിരിക്കും. ദുര്‍ഗാ നാഗദേവതാഭജനം സന്താനങ്ങള്‍ക്ക് ക്ഷേമമുണ്ടാക്കും.
മകരക്കൂറ് (ഉത്രാടം 1,2,3 പാദങ്ങള്‍, തിരുവോണം, അവിട്ടം 1,2 വാദങ്ങള്‍): വിജയസോപാനത്തിലെത്താന് സ്വതസ്സിദ്ധമായ കഴിവുകള്‍ മുഴുവന്‍ പുറത്തെടുക്കേണ്ടതായി വരും. നേട്ടങ്ങള്‍ സ്ഥിരമായിരിക്കും. സജ്ജനങ്ങളുടെ പിന്തുണ ലഭിക്കും. സഹോദരാനുകൂല്യം ഉണ്ടാവും. ദൂരയാത്രകള്‍ക്കും വിദേശവാസത്തിനും സാധ്യത കാണുന്നു. വീടു വിട്ടുനില്‍ക്കേണ്ട സാഹചര്യം ഉദയം ചെയ്തേക്കാം. വിവാഹാര്‍ത്ഥികള്‍ക്ക് ദാമ്പത്യപ്രവേശനത്തിന് അല്പകാലം കൂടി കാത്തിരിക്കേണ്ടിവരും. നിക്ഷേപങ്ങളില്‍ നിന്നും വര്‍ദ്ധന പ്രതീക്ഷിക്കാം. ചികിത്സാ രീതി മാറ്റുന്നത് ഗുണം ചെയ്തേക്കും. കരാറുകളില്‍/ഉടമ്പടികളില്‍ ഒപ്പുവെക്കേണ്ടിവരും. ശിവവിഷ്ണു ഭജനം ഐശ്വര്യമേകും.
കുംഭക്കൂറ് (അവിട്ടം 3,4 പാദങ്ങള്‍, ചതയം, പൂരുട്ടാതി 1,2,3 പാദങ്ങള്‍): രണ്ടിലെ വ്യാഴസ്ഥിതി മൂലം ധനസ്ഥിതി ഉയരും. കിട്ടാക്കടങ്ങള്‍ വീണ്ടുകിട്ടും. പഠനത്തില്‍ പുരോഗതിയുണ്ടാവും. കുടുംബഭദ്രത ആശ്വാസമേകും. മക്കളുടെ കാര്യത്തില്‍ സമയോചിത തീരുമാനങ്ങള്‍ കൈക്കൊള്ളും. ജീവിതശൈലീ രോഗങ്ങള്‍, നീണ്ടകാലമായി തുടരുന്ന അസുഖങ്ങള്‍ എന്നിവ ശല്യകാരികളായേക്കാം. വീടുപണി പൂര്‍ത്തിയാകാന്‍ വിളംബം വരാം. തൊഴില്‍ രംഗത്ത് അവസരങ്ങള്‍ ലഭിക്കുമെങ്കിലും പൂര്‍ണമായും അവ പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞേക്കില്ല. ആത്മീയചര്യകളില്‍ മനസ്സു ചായും. ശിവ,ശാസ്തൃ ഭജനം അഭീഷ്ടദായകങ്ങള്.
മീനക്കൂറ് (പൂരുട്ടാതി നാലാം പാദം, ഉത്രട്ടാതി, രേവതി): ജന്മവ്യാഴത്തിന്റെ കാലമാണ്. വ്യവസായത്തില്‍ കൂട്ടുത്തരവാദിത്വം ഭവിക്കും. കൃഷിയില്‍ മുന്നേറാനാവും. അദ്ധ്വാനഭാരം ഏറാനിടയുണ്ട്. പൊതുപ്രവര്‍ത്തകര്‍ക്ക് പുതിയ ചില ചുമതലകള്‍ വഹിക്കേണ്ടതായി വരും. ഉപരിപഠനത്തിന് അന്യനാട്ടില്‍ അവസരം ലഭിക്കും. വിവാഹസിദ്ധി, വാഹന യോഗം, സകുടുംബ വിനോദയാത്രകള്‍ എന്നിവ ചില സാധ്യതകളാണ്. വാക്കും കര്‍മ്മവും സമന്വയിപ്പിക്കാന്‍ ക്ലേശിക്കും. ആരോഗ്യ പരിശോധനകള്‍ അനിവാര്യം. വിഷ്ണുഭജനം ക്ഷേമപ്രദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: