സിപിഎമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍ സമാപിച്ചതിന്റെ പിറ്റേ ദിവസമാണ് കടക്കെണിയില്‍പ്പെട്ട ഒരു കര്ഷകന് തിരുവല്ലയില്‍ ആത്മഹത്യ ചെയ്തിരിക്കുന്നത്. കേരളത്തിലെ ജനങ്ങളുടെ ജീവിതനിലവാരം യൂറോപ്പിലേതുപോലെയായെന്നും അതുകൊണ്ട് സില്‍വര്‍ലൈന്‍ പോലെയുള്ള പദ്ധതികള്‍ ആവശ്യമാണെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞതിന്റെ വിരോധാഭാസത്തിലേക്കാണ് രാജീവന് എന്നു പേരുള്ള കര്‍ഷകന്റെ ആത്മഹത്യ വിരല്‍ചൂണ്ടുന്നത്. കഴിഞ്ഞവര്‍ഷത്തെ വേനല്‍മഴയില്‍ ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശം സംഭവിച്ച ഈ കര്ഷകന് സംസ്ഥാന സര്‍ക്കാരില്‍നിന്ന് നഷ്ടപരിഹാരമായി ലഭിച്ചത് വെറും 2000 രൂപയായിരുന്നു. ഇതിനെതിരെ ഇപ്പോള്‍ ആത്മഹത്യ ചെയ്ത രാജീവനുള്‍പ്പെടെ പത്ത് കര്‍ഷകര്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. സര്‍ക്കാര്‍ മറുപടി നല്കാത്തതിനാല് കേസ് നീണ്ടുപോകുന്നതിനിടെയാണ് ഇത്തവണയും അപ്രതീക്ഷിതമായി വേനല്‍മഴയുണ്ടായതും രാജീവന്റെ എട്ടേക്കര്‍ പാട്ടഭൂമിയിലെ കൃഷി പൂര്‍ണമായി നശിച്ചതും. ഇതില്‍ മനംനൊന്താണ് ഈ കര്ഷകന് ആത്മഹത്യ ചെയ്തത്. ആറുലക്ഷം രൂപയുടെ ബാധ്യത ഉടന്‍ തിരിച്ചടയ്ക്കണമെന്ന് ഇടതു നേതൃത്വത്തിലുള്ള സ്വാശ്രയസംഘം രാജീവനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനിടെയാണ് രണ്ടു മക്കളുടെ അച്ഛനായ, ഈ ഹതഭാഗ്യന് ജീവിതത്തില്‍നിന്നുതന്നെ വിടപറഞ്ഞിരിക്കുന്നത്.
ദല്‍ഹിയിലും മറ്റും നടന്ന കര്‍ഷകപ്രക്ഷോഭത്തില്‍നിന്ന് ഊര്‍ജമുള്‍ക്കൊണ്ട് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വേരുറപ്പിക്കാന്‍ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് ആഹ്വാനം ചെയ്തതിന് തൊട്ടുപിന്നാലെയാണ് പാര്‍ട്ടിക്ക് ഭരണമുള്ള കേരളത്തിലെ കര്‍ഷകരുടെ ദുഃസ്ഥിതി വെളിപ്പെടുത്തുന്ന കര്‍ഷക ആത്മഹത്യ ഉണ്ടായിരിക്കുന്നത്. ഇടതുഭരണത്തില്‍ കേരളത്തില്‍ കര്‍ഷകര്‍ സംതൃപ്തരാണെന്നും ഇപ്പോഴത്തെ ആത്മഹത്യ ഒറ്റപ്പെട്ട സംഭവമാണെന്നും അധികം വൈകാതെ പതിവുപോലെ സിപിഎമ്മിന്റെ വിശദീകരണം ഉണ്ടാവുമായിരിക്കും. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കൊവിഡ് മഹാമാരി വരുന്നതിനു മുന്‍പുതന്നെ സംസ്ഥാനത്ത് ജീവിതം വഴിമുട്ടി എണ്‍പതിലേറെ കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. അതിനുശേഷമുള്ള കര്‍ഷക ആത്മഹത്യകളെ കൊവിഡ് മരണങ്ങളുടെ കണക്കില്‍പ്പെടുത്തി സര്‍ക്കാര്‍ രക്ഷപ്പെട്ടു. ആറ് വര്‍ഷത്തെ പിണറായി സര്‍ക്കാരിന്റെ ഭരണത്തില്‍ കുറഞ്ഞത് നൂറിലേറെ കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായാണ് കണക്കാക്കപ്പെടുന്നത്. കര്‍ഷകരുടെ ക്ഷേമത്തിനുവേണ്ടി നരേന്ദ്രമോദി സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നിയമസഭയില്‍ പ്രമേയം പാസാക്കുകയാണ് ഇടതുമുന്നണി സര്‍ക്കാര്‍ ചെയ്തത്. കര്‍ഷകര്‍ക്ക് വളരെ കുറച്ചുമാത്രം ആനുകൂല്യങ്ങള്‍ കൊടുക്കുകയും വാഗ്ദാനങ്ങള്‍ കാറ്റില്‍പ്പറത്തുകയും ചെയ്ത ഒരു സര്‍ക്കാരാണിത്. താങ്ങുവിലയുടെയും വായ്പാ തിരിച്ചടവിന്റെയും കാര്യത്തില്‍ കേരളത്തിലെ കര്‍ഷകരെ ക്രൂരമായി വഞ്ചിച്ചുകൊണ്ടിരിക്കുന്ന ഭരണമാണ് ഇവിടെ നടക്കുന്നത്. ഇതിന്റെ ഇരകളില്‍ ഒരാള്‍ മാത്രമാണ് തിരുവല്ലയില്‍ ജീവനൊടുക്കിയ കര്ഷകന്.
സംസ്ഥാനത്തെ കര്‍ഷകരെ രണ്ട് തരത്തിലാണ് ഇടതുമുന്നണി സര്‍ക്കാര്‍ ദ്രോഹിക്കുന്നത്. സ്വന്തം നിലയ്ക്ക് കര്‍ഷകരെ സഹായിക്കാതിരിക്കുക മാത്രമല്ല, കേന്ദ്രസര്‍ക്കാരില്‍നിന്ന് അവര്‍ക്ക് കിട്ടേണ്ട ആനുകൂല്യങ്ങള്‍ നിഷേധിക്കുകയും ചെയ്യുന്നു. വിളനാശം സംഭവിച്ച കര്‍ഷകര്‍ക്ക് ഏക്കറൊന്നിന് സംസ്ഥാന സര്‍ക്കാര്‍ നാമമാത്രമായ തുകയാണ് നല്‍കുന്നത്. എന്നാല്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ പ്രധാനമന്ത്രി ഫസല്‍ ഭീമ യോജന പ്രകാരം ഇതിന്റെ പലമടങ്ങ് സാമ്പത്തികസഹായം കര്ഷകന് ലഭിക്കും. സംസ്ഥാന സര്‍ക്കാര്‍ വഴിയാണ് ഈ ആനുകൂല്യം കര്‍ഷകര്‍ക്ക് ലഭിക്കേണ്ടത്. ഇതിന് കൃഷിവകുപ്പ് താത്പര്യമെടുക്കുന്നില്ലെന്നു മാത്രമല്ല, സ്വയം മുന്നോട്ടുവരുന്ന കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ച് പിന്മാറ്റുകയുമാണ്. കടക്കെണിയിലായ കര്‍ഷകര്‍ക്കു നല്‍കേണ്ട ആനുകൂല്യങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയുടെ പേരുപറഞ്ഞ് മരവിപ്പിച്ച കൃഷിവകുപ്പ് മുന്‍വര്‍ഷങ്ങളിലെ വിളനാശത്തിനുള്ള സഹായം, ഉത്പാദന ബോണസ്, സുസ്ഥിര വികസന പദ്ധതി പ്രകാരമുള്ള സഹായം എന്നിവയൊക്കെ നല്‍കാതിരിക്കുകയും ചെയ്യുന്നു. കഴിഞ്ഞ പ്രകൃതിക്ഷോഭത്തില്‍ വിളനാശം സംഭവിച്ച കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ഫണ്ടും ഇടതുമുന്നണി സര്‍ക്കാര്‍ വിതരണം ചെയ്തിട്ടില്ല. ഇങ്ങനെ കഴിയാവുന്ന വിധത്തിലൊക്കെ കര്‍ഷകരെ ദ്രോഹിക്കുകയും കണ്ണീരുകുടിപ്പിക്കുകയും ആത്മഹത്യയിലേക്ക് നയിക്കുകയും ചെയ്യുന്നവരുടെ കര്‍ഷകപ്രേമം വെറും കാപട്യമാണെന്ന് തിരിച്ചറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: