മാഡ്രിഡ്: മാഡ്രിഡില്‍ സൂര്യശോഭയുമായി അത്ലറ്റികൊ ഉയര്‍ത്തെഴുന്നേല്‍ക്കുമോ… അതോ ആദ്യ പാദത്തിലെ ഒരു ഗോള്‍ മുന്‍തൂക്കം മെച്ചപ്പെടുത്തി സിറ്റി നാലിലൊന്നാകുമോ… ആന്‍ഫീല്‍ഡില്‍ ലിവര്‍പൂളിന്റെ കോട്ട പിളര്‍ക്കാന്‍ ബെനഫിക്കയ്ക്കാകുമോ…
യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിന്റെ രണ്ടാം ദിനത്തിലെ രണ്ടാം പാദ ക്വാര്‍ട്ടര്‍ ഫൈനലുകള്‍ക്ക് നാളെ രാത്രി വിസില്‍ മുഴങ്ങുമ്പോള്‍ ആരാധകരുടെ കണ്ണും കാതും മാഡ്രിഡിലും ലണ്ടനിലുമായി ചുറ്റിത്തിരിയും. പ്രീമിയര്‍ ലീഗില്‍ കിരീടത്തിനായി പൊരുതുന്ന ഇംഗ്ലീഷ് ടീമുകളുടെ പടയോട്ടമാകുമോ യൂറോപ്പിലെന്ന് ഇന്ന് രാത്രി അറിയാം. മത്സരങ്ങള്‍ 12.30ന് തുടങ്ങും.
പ്രതിരോധം, ആക്രമണം
ലണ്ടനില്‍ അത്ലറ്റികൊയുടെ തന്ത്രങ്ങള്‍ പിഴച്ചു. ബസ് പാര്‍ക്കിങ് പ്രതിരോധത്തിലൂടെ മാഞ്ചസ്റ്റര്‍ സിറ്റിയെ തളയ്ക്കാമെന്ന് കണക്കുകൂട്ടിയത് പാളിച്ചയായി. കിട്ടിയ അവസരം മുതലാക്കി സിറ്റി ലീഡും നേടി.
ഇന്ന് ഡീഗൊ സിമിയോണിയുടെ തന്ത്രമെന്താകും. എന്നും കടുകട്ടി പ്രതിരോധം സൃഷ്ടിച്ച് എതിരാളികളെ സമ്മര്‍ദത്തിലാക്കി കിട്ടിയ അവസരത്തില്‍ എതിര് വലയില്‍ പന്തെത്തിച്ച് ജയിച്ചു കയറുന്ന ശീലം അത്ലറ്റികൊ ആവര്‍ത്തിക്കുമോ? അന്റോണിയൊ ഗ്രീസ്മന്നും ലൂയി സുവാരസുമടങ്ങുന്ന മുന്നേറ്റം ഏതു പ്രതിരോധവും പിളര്‍ക്കും. ഫെലിപ്പ്, കൊകെ, ഡി പോള്‍, മാര്കൊസ് ലൊറെന്റൊ തുടങ്ങിയവരുമുണ്ട്.
പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ കളിയില്‍ ലിവര്‍പൂളിനോട് സമനിലയില്‍ പിരിഞ്ഞ് കിരീട പോരാട്ടത്തില്‍ മുന്‍തൂക്കം നിലനിര്‍ത്തിയ മാഞ്ചസ്റ്റര്‍ സിറ്റി ഗോളടിച്ച് ജയിക്കാന്‍ തന്നെയാകും ലക്ഷ്യമിടുക. ഗബ്രിയേല്‍ ജെസ്യൂസ്, കെവിന് ഡിബ്ര്യുന്‍, റഹിം സ്റ്റെര്‍ലിങ് എന്നിവരുടെ ഗോളടി മികവില്‍ പരിശീലകന് പെപ് ഗാര്‍ഡിയോളയുടെ പ്രതീക്ഷ. നോക്കൗട്ടില്‍ നാലാം തവണയാണ് അത്ലറ്റികൊ ആദ്യ പാദം തോല്‍ക്കുന്നത്. ഇതില്‍ രണ്ടു തവണ ജയിച്ച് മുന്നേറി.
ഉറപ്പിച്ച് ലിവര്‍പൂള്‍
ആദ്യ പാദത്തിലെ മികച്ച ജയം (3-1) നാലിലൊന്നാക്കുമെന്ന് ഉറപ്പിച്ച് ശക്തിദുര്‍ഗമായ ആന്‍ഫീല്‍ഡില്‍ ലിവര്‍പൂള്‍ ബൂട്ടുകെട്ടുമ്പോള്‍, നേരിയ പ്രതീക്ഷ മാത്രമെ പോര്‍ച്ചുഗല്‍ ടീം ബെനഫിക്കയ്ക്കുള്ളു. സാദിയൊ മാനെ, മുഹമ്മദ് സല, ഡീഗൊ ജോട്ട ഗോളടിക്കാരുടെ മികവ് ലിവര്‍പൂളിനെ കരുത്തുറ്റതാക്കുന്നു. സിറ്റിക്കെതിരായ പ്രീമിയര്‍ ലീഗ് മത്സരത്തില്‍ രണ്ട് വട്ടം പിന്നിലായിട്ടും മാനെയുടെയും സലയുടെയും മികവിലാണ് ലിവര്‍പൂള്‍ സമനില പിടിച്ചത്. ഹെന്ഡേഴ്സണ്, ഫാബീഞ്ഞൊ, തിയാഗൊ അല്‍കന്താര, വാന്‍ ഡിക് തുടങ്ങിയ പ്രമുഖരുണ്ട് ആന്‍ഫീല്‍ഡ് സംഘത്തില്‍.
രണ്ട് വട്ടം ജേതാക്കളായിട്ടുണ്ട് ബെനഫിക്കയെങ്കിലും നിലവില്‍ വലിയ കരുത്തരൊന്നുമല്ല. എങ്കിലും ഏത് സമയത്തും അട്ടിമറിക്ക് കെല്‍പ്പുണ്ട് പോര്‍ച്ചുഗല്‍ ടീമിന്. എവര്ട്ടണ്, ജാവൊ മരിയൊ, ഡീഗൊ കൊണ്കാവ്സ് നുനെസ് തുടങ്ങിയവരില്‍ ടീമിന്റെ പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: