തിരുവനന്തപുരം : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അതൃപ്തി രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് മാറ്റിയ പൊതുഭരണ വകുപ്പ് സെക്രട്ടറി കെ.ആര്. ജ്യോതിലാലിനെ വീണ്ടും പദവിയിലേക്ക് തിരിച്ചുകൊണ്ടുവരുന്നു. ഗവര്‍ണറുടെ പേഴ്സണല്‍ സ്റ്റാഫ് നിയമനത്തില്‍ വിയോജന കുറിപ്പ് എഴുതിയതോടെ ഗവര്‍ണര്‍ അതൃപ്തി രേഖപ്പെടുത്തുകയും ജ്യോതിലാലിനെ പദവിയില്‍ നിന്നും മാറ്റുകയും ചെയ്തിരുന്നു. ബജറ്റ് പ്രഖ്യാപനത്തിന് തൊട്ട് മുന്നേയാണ് ഇത്.
എന്നാല്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന് ജ്യോതിലാലിനെ വീണ്ടും പൊതുഭരണവകുപ്പ് സെക്രട്ടറിയായി നിയമിക്കുകയായിരുന്നു. നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ ഒപ്പുവെയ്ക്കാന്‍ വിസമ്മതിക്കുകയും സര്‍ക്കാരിന്റെ പല തിരുമാനങ്ങളില്‍ അതൃപതി പ്രകടിപ്പിക്കുകയും ചെയ്തതോടെ അനുനയത്തിന്റെ ഭാഗമായി ഫബ്രുവരി 17-ന് ജ്യോതിലാലിനെ സ്ഥലം മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. പകരം ചുമതല ശാരദ മുരളീധരന് നല്‍കുകയായിരുന്നു.
അതേസമയം ജ്യോതിലാലിനെ തിരിച്ചുകൊണ്ടുവന്നതിനൊപ്പം വേറേയും ചില മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. പൊതുഭരണവകുപ്പിനൊപ്പം കെ.ആര്.ജ്യോതിലാല്‍ തുടര്‍ന്നും ഗതാഗതവകുപ്പ് കൈകാര്യം ചെയ്യും. ശാരദ മുരളീധരന് നഗര മാലിന്യ നിര്‍മാര്‍ജ്ജനം, ഊര്‍ജ്ജ വകുപ്പ് എന്നിവയുടെ അധിക ചുമതലയാണ് നല്‍കിയിരിക്കുന്നത്.
ബിശ്വനാഥ് സിന്‍ഹയ്ക്ക് ആസൂത്രണ വകുപ്പിന്റെ അധിക ചുമതല നല്കി. എം.ശിവശങ്കര്‍ ഐഎഎസിന് മൃഗസംരക്ഷണം, ക്ഷീരവികസനം, സാംസ്്കാരികം എന്നിവയുടെ ചുമതലകൂടി നല്കി. കെ.എസ്.ശ്രീനിവാസനാണ് പുതിയ ഫിഷറീസ് വകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറിയാകും. ടിങ്കു ബിശ്വാസിനെ ഭക്ഷ്യ- പൊതുവിതരണ വകുപ്പില്‍ നിയമിച്ചു. തുറമുഖ വകുപ്പും അദ്ദേഹം തന്നെ കൈകാര്യം ചെയ്യും. അജിത്ത് കുമാറിനെ പൊതുഭരണവകുപ്പ് സെക്രട്ടറിയായി നിയമിച്ചു. ജി. പ്രിയങ്ക വനിതാ ശിശുക്ഷേമവകുപ്പ് ഡയറക്ടര്‍ എന്നിങ്ങനെയാണ് പുതിയ നിയമനങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: