തിരുവനന്തപുരം: പണിമുടക്ക് തടഞ്ഞുള്ള ഉത്തരവിനെതിരെ ഹൈക്കോടതി മാര്‍ച്ചുമായി സംയുക്ത ട്രേഡ് യൂണിയന്. മാര്‍ച്ച് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം എംപി ഉദ്ഘാടനം ചെയ്തു. എന്നാല്‍, ഐന്‍ടിയുസി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രശേഖരന് മാര്‍ച്ചില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്. ദേശീയ പണിമുടക്കില്‍ പങ്കെടുക്കാനുള്ള തൊഴിലാളികളുടെ നിയമപരമായ അവകാശത്തെ ചോദ്യം ചെയ്തുകൊണ്ട്, പണിമുടക്ക് തടയുന്ന ഉത്തരവുകള്‍ കേരള ഹൈക്കോടതി പുറപ്പെടുവിച്ചെന്നാണ് ട്രേഡ് യൂണിയന് നേതാക്കളുടെ ആരോപണം.
തൊഴിലാളികള്‍ക്ക് അവരുടെ വാദങ്ങള്‍ അവതരിപ്പിക്കാനുള്ള അവസരം നല്‍കാതെയാണ് ഹൈക്കോടതി പണിമുടക്ക് നിരോധന ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുള്ളതെന്നാണ് സംയുക്ത ട്രേഡ് യൂണിയന്റെ ആരോപണം. സാങ്കേതികമായ കാര്യങ്ങള്‍ നിരത്തി പണിമുടക്ക് അവകാശം നിഷേധിക്കുന്ന ഇത്തരം ഉത്തരവുകള്‍ തൊഴിലാളികളുടെ സംഘം ചേരാനുള്ള സ്വാതന്ത്ര്യത്തെയാണ് നിഷേധിക്കുന്നതെന്ന് യൂണിയന് നേതാക്കള്‍ പറഞ്ഞു.
സംഘം ചേരാനും, കൂട്ടായി വിലപേശാനും, ന്യായമായ ആവശ്യങ്ങള്‍ അംഗീകരിപ്പിക്കുന്നതിനായി പണിമുടക്കുവാനുള്ള അവകാശവും തൊഴിലാളികള്‍ക്ക് നിയമപരമായി ഉറപ്പുനല്‍കുന്ന തൊഴില്‍ നിയമങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ തന്നെയാണ് ഈ പണിമുടക്ക് നിരോധന ഉത്തരവുകള്‍ വന്നിട്ടുള്ളതെന്ന് ട്രേഡ് യൂണിയന് നേതാക്കള്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: