പൂനെ: നാലിലും തോറ്റ് നടുവൊടിയുന്നു, തിരിച്ചുവരവ് എന്നുണ്ടാകും… ആദ്യ ജയം കൊതിച്ചിറങ്ങിയ ചെന്നൈക്ക് ഹൈദരാബാദിന്റെ മുന്നിലും നാണക്കേട് മിച്ചം. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് തുടര്‍ച്ചയായ നാലാം തോല്‍വി. സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ജയം എട്ട് വിക്കറ്റിന്. ടൂര്‍ണമെന്റില്‍ ആദ്യ ജയം തേടിയാണ് ഇരു ടീമും കളത്തിലെത്തിയത്. എന്നാല്‍ ഹൈദരാബാദിന്റെ ആധിപത്യം ബാറ്റിങ്ങിലും ബൗളിങ്ങിലും നിഴലിച്ചതോടെ ചെന്നൈ തോറ്റു.
സ്കോര്‍: ചെന്നൈ: 154-7, ഹൈദരാബാദ്; 155-2 (17.4)
ആദ്യം ബാറ്റ് ചെയ്ത ചെന്നൈക്ക് പ്രതീക്ഷിച്ച മികവ് കാട്ടാനായില്ല. മുന്‍നിരയില്‍ തുടക്കം ലഭിച്ചെങ്കിലും വലിയ സ്കോര്‍ നേടാനാകാതെ പോയതാണ് തിരിച്ചടിയായത്. റോബിന് ഉത്തപ്പ (15), ഋതുരാജ് ഗെയ്ക്വാദ് (16), അമ്പാട്ടി റായുഡു (27), രവീന്ദ്ര ജഡേജ (23) എന്നിവര്‍ റണ്‍സ് ഉയര്‍ത്തിയില്ല. മൊയിന്‍ അലി 48 റണ്‍സോടെ പിടിച്ചു നിന്നതാണ് ചെന്നൈയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ഹൈദരാബാദിനായി വാഷിങ്ടണ്‍ സുന്ദര്‍, ടി. നടരാജന് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന് മികച്ച തുടക്കമാണ് ലഭിച്ചത്. നായകന് കെയ്ന്‍ വില്യംസണും അഭിഷേക് ശര്‍മയും ആദ്യ വിക്കറ്റില്‍ 89 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പതിയെ തുടങ്ങിയെങ്കിലും പിന്നീട് റണ്‍സ് ഉയര്‍ത്തുകയായിരുന്നു ഹൈദരാബാദ്. അഭിഷേക് 75 റണ്‍സ് എടുത്തു. വില്യംസണ് 32 റണ്‍സ് എടുത്തു. ഇവരുടെ വിക്കറ്റ് മാത്രമാണ് ഹൈദരാബാദിന് നഷ്ടമായത്. രാഹുല്‍ ത്രിപാഠി (39) തകര്‍ത്തടിച്ചതോടെ അനായാസം ഹൈദരാബാദ് വിജയത്തിലെത്തി. പോയിന്റ് പട്ടികയില്‍ ഉയരാനും ഹൈദരാബാദിന് സാധിച്ചു. ചെന്നൈ വിജയമില്ലാതെ പതറുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: