തൃശൂര്‍; പൂരം വെടിക്കെട്ടിന് പ്രത്യേകാനുമതി കേന്ദ്രമന്ത്രിയില്‍ നിന്നും താന്‍ വാങ്ങുകയായിരുന്നുവെന്ന് സുരേഷ് ഗോപി. രാജ്യസഭയില്‍ നിന്നും കാലാവധി പൂര്‍ത്തിയാക്കി പിരിഞ്ഞ സുരേഷ് ഗോപി എംപി ആയിരുന്ന കാലത്തെ പ്രവര്‍ത്തനങ്ങള്‍ വിവരിക്കുകയായിരുന്നു. രാത്രി പന്ത്രണ്ട് മണിക്കാണ് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയലില്‍ നിന്നും അനുമതി വാങ്ങിയത്. ആസ്ത്രേല്യയിലായിരുന്ന മന്ത്രിയില്‍ നിന്നുമാണ് ഒപ്പ് വാങ്ങിയത്. – സുരേഷ് ഗോപി പറഞ്ഞു.
പൂരം വെടിക്കെട്ടിനുള്ള അനുമതി നല്‍കേണ്ടത് കേന്ദ്ര പെട്രോളിയം സുരക്ഷാ ഏജന്‍സിയായ പെസോ (പെട്രോളിയം ആന്റ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓര്ഗനൈസേഷന്) ആണ്. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രിയ്ക്കാണ് പെസോയുടെ ചുമതല. തൃശൂര്‍ പൂരം വെടിക്കെട്ടിനുള്ള പെസോ അനുമതിയാണ് സുരേഷ് ഗോപി കേന്ദ്രമന്ത്രിയില്‍ നിന്നും വാങ്ങിയത്.
കുഴിമിന്നിയും അമിട്ടും മാലപ്പാടക്കവും ഗുണ്ടും ഉപയോഗിക്കാനാണ് അനുമതി നല്‍കിയത്. മറ്റ് പുറം വസ്തുക്കള്‍ ഉപയോഗിക്കാന്‍ പാടില്ല. മെയ് എട്ടിനാണ് തൃശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ട്. മെയ് 10ന് നടക്കുന്ന തൃശൂര്‍ പൂരത്തിന്റെ പ്രധാന വെടിക്കെട്ടും നടക്കുക മെയ് 11ന് പുലര്‍ച്ചെയാണ്.
കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെയാണ് എല്ലാ ചടങ്ങുകളോടും കൂടി ഇക്കുറി തൃശൂര്‍ പൂരം നടത്താന്‍ തീരുമാനിച്ചത്. ദേവസ്വം മന്ത്രി രാധാകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.
രാജ്യസഭാകാലാവധി അവസാനിച്ചതോടെ തൃശൂര്‍ കേന്ദ്രീകരിച്ച് കൂടുതല്‍ പ്രവര്‍ത്തനം നടത്താനുള്ള ശ്രമത്തിലാണ് സുരേഷ് ഗോപി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് തൃശൂരില്‍ മത്സരിച്ച സുരേഷ് ഗോപി ശക്തന് മാര്‍ക്കറ്റ് ആധുനികവല്ക്കരിക്കാന് ഒരു കോടി രൂപ പ്രഖ്യാപിച്ചിരുന്നു. എല്ലാവരും ഇത് വെറും പ്രഖ്യാപനമാണെന്ന് കരുതി തള്ളിയപ്പോഴാണ് സുരേഷ് ഗോപി തൃശൂര്‍ മേയര്‍ക്ക് ഒരു കോടി രൂപ അനുവദിച്ചത്. ഇതില്‍ സുരേഷ് ഗോപിയെ അഭിനന്ദിച്ച് തൃശൂര്‍ മേയര്‍ വര്‍ഗ്ഗീസ് രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ ശക്തന് മാര്‍ക്കിന്റെ ആധുനികവല്‍ക്കരണം നടന്നുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: