തിരുവനന്തപുരം: ചേര്‍ത്തല എന്‍എസ്എസ് കോളജിലെ ബിരുദ വിദ്യാര്‍ഥിയായിരുന്ന അരുണ്‍കുമാര്‍ എ. എസിന് കലാലയ ജീവിതം സമ്മാനിച്ചത് ഇരുളടഞ്ഞ ഭാവി. പ്രിന്‍സിപ്പാളും ജൂനിയര്‍ സൂപ്രണ്ടും ചേര്‍ന്ന് നശിപ്പിച്ചത് അരുണിന്റെ ഭാവി ജീവിതത്തെ. ഉന്നത പഠനത്തിനോ ജോലിക്കോ പോകാനാകാതെ വന്നതിനാല്‍ നിത്യവൃത്തിക്കായി കോടതിയെ സമീപിച്ചിരിക്കുകയാണ് അരുണ്‍കുമാര്‍.
2017ല്‍ ബിരുദപഠനത്തിനിടയില്‍ കോളജ് ക്യാന്റീനില്‍ അമിതമായി ഈടാക്കുന്ന ഭക്ഷണ വില സംബന്ധിച്ച് അരുണ്‍കുമാര്‍ ചോദ്യം ചെയ്തതാണ് പ്രിന്‍സിപ്പാള്‍ ഡോ. പി. ജയശ്രീയുടെയും ജൂനിയര്‍ സൂപ്രണ്ട് സി.എല്‍. ശോഭയുടെയും അനിഷ്ടത്തിന് ഇടയാക്കിയത്. പ്രിന്‍സിപ്പാളിന് കടുത്ത അമര്‍ഷം ഉണ്ടായതിനെ തുടര്‍ന്ന് അരുണ്‍കുമാറിന് നിര്‍ബന്ധിത ടിസി നല്കി വിട്ടയയ്ച്ചു. എന്നാല്‍ കോളജ് അഡ്മിഷന്‍ സമയത്ത് നല്കിയ എസ്എസ്എല്‍സി, പ്ലസ്ടു സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ ലഭിക്കാന്‍ നിരവധി തവണ കോളജില്‍ കയറി ഇറങ്ങി നടന്നിട്ടും നിരാശയായിരുന്നു ഫലം. ഇതിനിടയില്‍ പ്രിന്‍സിപ്പാളും ജൂനിയര്‍ സൂപ്രണ്ടും സര്‍വ്വീസില്‍ നിന്നും വിരമിക്കുകയും ചെയ്തു. ഒടുവില്‍ സര്‍ട്ടിഫിക്കറ്റിനായി അരുണിന് ഗവര്‍ണര്‍ക്ക് പരാതി നല്‌കേണ്ടി വന്നു.
ഗവര്‍ണറുടെ ഓഫീസില്‍ നിന്നും സര്‍ക്കാരിലെത്തിയ പരാതി വകുപ്പുതലത്തിലും വിജിലന്‍സ് തലത്തിലും അന്വേഷണം നടത്തി. കോളജ് വിദ്യാഭ്യാസ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ അരുണ്‍കുമാറിനൊപ്പം അഡ്മിഷന് ചേര്‍ന്ന മറ്റ് വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക് ലിസ്റ്റുകളും യഥാവിധി സൂക്ഷിച്ചിരുന്നതായും അരുണിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ കോളജില്‍ നിന്നും ദുരൂഹസാഹചര്യത്തില്‍ കാണാതായിട്ടുണ്ടെന്നും കണ്ടെത്തി. രാഷ്‌ട്രീയ വൈരാഗ്യം ഇതിന് കാരണമായേക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് സാധൂകരിക്കുന്നതാണ് വിജിലന്‍സ് റിപ്പോര്‍ട്ടും.
രണ്ട് അന്വേഷണ റിപ്പോര്‍ട്ടുകളിലും ഡോ. പി. ജയശ്രീയും സി.എല്‍. ശോഭയും കുറ്റക്കാരാണെന്ന് കണ്ടെത്തി. അരുണ്‍കുമാറിന് നഷ്ടപരിഹാരം നല്കാന്‍ ഇവര്‍ ബാധ്യസ്ഥരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ നടപടിക്കായി നിയമ വകുപ്പിന്റെ അഭിപ്രായത്തിനായി കാത്തിരിക്കുകയാണ് സര്‍ക്കാര്‍. അഭിപ്രായം കിട്ടിക്കഴിഞ്ഞാല്‍ ഇവര്‍ക്കെതിരെ കേസെടുക്കാന്‍ ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്കും. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്താല്‍ ഡോ. പി. ജയശ്രീയെയും സി.എല്‍. ശോഭയേയും അറസ്റ്റ് ചെയ്യേണ്ടി വരും. നഷ്ടപരിഹാരത്തിനായി ഡോ. പി. ജയശ്രീക്കെതിരെ ചേര്‍ത്തല കോടതിയെ അരുണ്‍കുമാര്‍ സമീപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: