തിരുവനന്തപുരം: താന്‍ പാവപ്പെട്ട മത്സ്യതൊഴിലാളി കുടുംബത്തില്‍ ജനിച്ചതാണോ കുഴപ്പം എന്നാണ് കെ വി തോമസ് ചോദിക്കുന്നത്. സിപിഎം സെമിനാറില്‍ പങ്കെടുത്താല്‍ പാര്ടിക്കു പുറത്താണെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന് പറഞ്ഞതിനോട് പ്രതികരിച്ചുകൊണ്ടാണ് തോമസ് ജാതിക്കാര്‍ഡ് ഇറക്കിയത്. 2018 മുതല്‍ രാഹുല്‍ ഗാന്ധിയെ നേരില്‍കാണാന്‍ കഴിയുന്നില്ലന്നും സമൂഹമാധ്യമങ്ങളില്‍ തനിക്കെതിരെ അപവാദ പ്രചാരണങ്ങള്‍ നടക്കുന്നതിനുമൊക്കെ കാരണം തന്റെ ജാതിയാണോ എന്നാണ് കോണ്‍ഗ്രസിന്റെ തലമുതിര്‍ന്ന നേതാവ് ചോദിക്കുന്നത്.
നേരത്തെ സിപിഎമ്മിന്റെ സമുന്നത നേതാവും സമാന ജാതിക്കാര്‍ഡ് ഇറക്കിയിരുന്നു. ‘ഞാന്‍ ഒരു ചോവത്തി ആയതിനാല്‍ എനിക്ക് മുഖ്യമന്ത്രിയാകാന്‍ കഴിഞ്ഞില്ല’ എന്നു പറഞ്ഞത് കെ ആര് ഗൗരിയമ്മയാണ്.
. താന്‍ മുഖ്യമന്ത്രിയാകുമെന്ന് വരെ പറഞ്ഞുകേട്ട 1987ലെ തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ നീക്കങ്ങളാണ് ഗൗരിയമ്മയെ കൊണ്ട് ഇത് പറഞ്ഞത്. ആ തെരഞ്ഞെടുപ്പില്‍ ഗൗരിയമ്മയെ മുന്നില്‍നിര്‍ത്തിയായിരുന്നു ഇടതുപക്ഷത്തിന്റെ പ്രചാരണം. കേരം തിങ്ങും കേരള നാട്ടില്‍ കെ ആര് ഗൗരി ഭരിക്കേണം എന്നതായിരുന്നു പ്രധാന മുദ്രാവാക്യം’ എന്നുതന്നെ പറയാം. അധികാരത്തിലെത്തിയപ്പോള്‍ ഇ.എം.എസ് പിന്നാക്ക ജാതിക്കാരിയായതുകൊണ്ട് തന്നെ മുഖ്യമന്ത്രിയാക്കാതിരുന്നു എന്ന് ഗൗരിയമ്മ പറഞ്ഞത് ഏറെ വിവാദമായിരുന്നു. വീട്ടില്‍ ഉറങ്ങിക്കിടന്ന നായനാരെ വിളിച്ചുവരുത്തി മുഖ്യമന്ത്രിയാക്കിയതിന് ഇ.എം.എസിന്റെ ഉള്ളിലെ ജാതിക്കുശുമ്പായിരുന്നു കാരണമെന്നും അവര്‍ ആരോപിച്ചിരുന്നു.
പുറത്താക്കിയതിന്റെ പിറ്റേന്ന്,ഗൗരിയമ്മയ്ക്കെതിരായ നടപടിക്കു സാമുദായിക (കമ്യൂണല്‍) കാരണങ്ങളുണ്ടോ എന്ന് തിരുവനന്തപുരം പ്രസ് കഌബ്ബില്‍ മാധ്യമ പ്രവര്ത്തകന് ഇ എം എസിനോട് ചോദിച്ചു. ചോദിച്ച ആളോട് അത്യന്തം ക്ഷുഭിതനാകുകയും കണ്ണിനുനേരെ കൈചൂണ്ടി ‘അവരുടെ വക്കാലത്തുമായി ആരും എന്റെയടുത്തു വരേണ്ട ‘ എന്ന് ശബ്ദുമുയര്‍ത്തി പറയുകയുമായിരുന്നു. ഇ എംഎസ്. കടക്കൂ പുറത്തിന്റെ മറ്റൊരു വകഭേദം. വൈകാതെ പത്രസമ്മേളനം തീര്‍ത്ത് മടങ്ങുകയും ചെയ്തു. സാമുദായിക കാരണം സംബന്ധിച്ച ചോദ്യം ഇഎംഎസിനെ ദേഷ്യംപിടിപ്പിച്ചു എന്ന മട്ടില്‍ പത്രങ്ങള്‍ പിറ്റേന്ന് ഒന്നാം പേജ് വാര്‍ത്ത നല്കി
കെ വി തോമസ് പാര്‍ട്ടി വേദിയില്‍ പങ്കെടുക്കുന്നതിനെ മഹത്വവല്‍ക്കരിക്കുന്നവര്‍, പി പരമേശ്വരനൊപ്പം കെ ആര് ഗൗരിയുടെ പേരും നോട്ടിസില്‍ വന്നതിന് വിശദീകരണം ചോദിക്കുകയും വിലക്കുകയും ചെയ്തു എന്നത് മറക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: