ന്യൂദല്‍ഹി: ഡാം സുരക്ഷാ നിയമത്തിന്റെ പരിധിയില്‍ വരുന്ന മുഴുവന്‍ അധികാരങ്ങളും താത്കാലികമായി മേല്‍നോട്ട സമിതിക്ക് കൈമാറുമെന്ന് സുപ്രീംകോടതി. മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി അധ്യക്ഷനെ മാറ്റണമെന്ന കേരളത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.
ഡാം സുരക്ഷാ നിയമത്തില്‍ പറയുന്നതിനു തത്തുല്യമായി മേല്‍നോട്ട സമിതി അധ്യക്ഷനെ നിയമിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതികരണം അറിയിക്കേണ്ടതുണ്ട്. ഇതിനായി ഉച്ചവരെയുള്ള സമയം ആവശ്യപ്പെട്ടിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷമായിരിക്കും സുരക്ഷാപ്രശ്നം ഉന്നയിച്ചുള്ള ഹര്‍ജികളില്‍ വിധി പറയുന്നത്. ജസ്റ്റിസ്.എ.എം.ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഡാം സുരക്ഷാ വിഷയത്തില്‍ മേല്‍നോട്ട സമിതിയെ ശാക്തീകരിക്കുന്ന കാര്യങ്ങള്‍ മാത്രമേ ഈ ഘട്ടത്തില്‍ പരിഗണിക്കുകയുള്ളുവെന്ന് കോടതി നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ മറ്റ് വിഷയങ്ങളിലേക്ക് കടക്കാന്‍ ശ്രമിച്ച അഭിഭാഷകരില്‍ ഒരാളെ സുപ്രീംകോടതി മുറിക്ക് പുറത്താക്കി. ഈ കേസില്‍ തുടര്‍ന്ന് താങ്കളുടെ സഹായം ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.
മുല്ലപ്പെരിയാറില്‍ മേല്‍നോട്ട ചുമതല മാത്രമുള്ള സമിതിക്ക് ഡാം സുരക്ഷാ നിയമപ്രകാരമുള്ള അധികാരം കിട്ടിയാല്‍ തമിഴ്നാടിന്റെ മേല്ക്കോയ്മയ്ക്ക് അവസാനമാകുമെന്ന പ്രതീക്ഷയിലാണ് കേരളം. നിലവില്‍ ഡാമിന്റെ പരിപൂര്‍ണ അധികാരവും തമിഴ്നാടാണ് കയ്യടക്കി വച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ കേരളത്തിന്റെ ആവശ്യങ്ങള്‍ തമിഴ്നാട് തള്ളിക്കളയുന്നതാണ് പതിവ്. മേല്‍നോട്ട സമിതിക്ക് അധികാരം കിട്ടിയാല്‍ ഇനി സമിതിയായിരിക്കും ഇത്തരം സുരക്ഷാ കാര്യങ്ങള്‍ പരിഗണിച്ച് തീരുമാനം എടുക്കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: