തിരുവനന്തപുരം: കെഎസ്ഇബിയില്‍ ഭരണകക്ഷി സംഘടനയും ചെയര്‍മാനുമായുള്ള ഏറ്റുമുട്ടല്‍ രൂക്ഷമാകുന്നു. സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ച് വൈദ്യുതി ഭവനില്‍ സത്യഗ്രഹ സമരം അടക്കം നടത്തിയതിന് കെ.എസ്.ഇ.ബി ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം.ജി. സുരേഷ് കുമാറിനെ ചെയര്‍മാന്‍ ബി. അശോക് സസ്‌പെന്‍ഡ് ചെയ്തത്. എം.എം. മണിയുടേയും എ.കെ. ബാലന്റേയും സ്റ്റാഫ് അംഗം കൂടിയായിരുന്നു സുരേഷ് കുമാര്‍. കഴിഞ്ഞ ദിവസം വൈദ്യുതിഭവന്‍ ആസ്ഥാനത്ത് കെ.എസ്.ഇ.ബി ഓഫീസര്‍മാര്‍ ഇന്നലെ നടത്തിയ സത്യഗ്രഹസമരം അക്രമാസക്തമായിരുന്നു. സമരക്കാര്‍ ജാഥയായി വൈദ്യുതിഭവനിലേക്ക് നീങ്ങുകയും തുടര്‍ന്ന് ഏഴാംനിലയിലെ ചെയര്‍മാന്റെ മുറിയിലേക്ക് തള്ളിക്കയറി പദ്ധതികളുടെ അവലോകനയോഗം തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു. യോഗഹാളില്‍ വനിതകള്‍ ഉള്‍പ്പെടെയുള്ള ഓഫീസര്‍മാര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. മുതിര്‍ന്ന നേതാക്കളെത്തിയാണ് ഹാളില്‍ നിന്ന് ഇവരെ മാറ്റിയത്.
സെക്രട്ടേറിയറ്റുള്‍പ്പെട്ട നഗരത്തിലെ സുപ്രധാന മേഖലയിലെ വൈദ്യുതി വിതരണത്തിന്റെ ചുമതലയുണ്ടായിരുന്ന എക്‌സിക്യുട്ടിവ് എന്‍ജിനിയര്‍ ലീവിന് അപേക്ഷിക്കാതെയും പകരം സംവിധാനം ഏര്‍പ്പെടുത്താതെയും ജോലിയില്‍ നിന്ന് വിട്ടുനിന്നതിന് നടപടിയെടുത്തതില്‍ പ്രതിഷേധിച്ചായിരുന്നു സത്യഗ്രഹം. കെ.എസ്.ഇ.ബി ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികൂടിയായ ജാസ്മിന്‍ ബാനുവിനെയാണ് വിജിലന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സസ്‌പെന്‍ഡ് ചെയ്തത്. ജോലി ബഹിഷ്‌ക്കരിച്ച് സത്യഗ്രഹസമരം നടത്തിയാല്‍ ഡയസ്‌നോണ്‍ ബാധകമാക്കുമെന്ന മുന്നറിയിപ്പ് അവഗണിച്ച് ഇരുന്നൂറിലേറെ ഓഫീസര്‍മാരാണ് സമരത്തിനിറങ്ങിയത്. ഇതിനു നേതൃത്വം നല്‍കിയത് സുരേഷ് കുമാറാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇപ്പോള്‍ സസ്‌പെന്‍ഡ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: