കൊച്ചി : തെറ്റിദ്ധരിപ്പിച്ച് ശാരീരിക ബന്ധത്തിന് മുതിരുകയോ സ്ത്രീക്ക് തീരുമാനത്തിനുള്ള സ്വാതന്ത്ര്യം നിഷേധിക്കുകയോ ചെയ്തെങ്കില്‍ മാത്രമേ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന കുറ്റം ബാധകമാകൂവെന്ന് ഹൈക്കോടതി. ശാരീരിക ബന്ധത്തിന് യുവതി അനുമതി നല്‍കുകയും അതിനുശേഷം മറ്റൊരാളെ വിവാഹം കഴിച്ചെന്ന് ചൂണ്ടിക്കാട്ടി പരാതി നല്‍കാനും ഇയാള്‍ക്കെതിരെ കുറ്റം ചുമത്താനും സാധിക്കില്ലെന്ന് ഡിവിഷന് ബെഞ്ച് അറിയിച്ചു.
വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന കേസില്‍ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിക്കപ്പെട്ട വണ്ടിപ്പെരിയാര്‍ സ്വദേശി നല്കിയ അപ്പീല്‍ പരിഗണിച്ചാണ് നടപടി. വര്‍ഷങ്ങളായി പ്രണയത്തിലായിരുന്ന യുവതിയുമായി പ്രതി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് വീട്ടുകാര്‍ വിവാഹത്തിന് സമ്മതിക്കാത്തതിനെ തുടര്‍ന്ന് മറ്റൊരാളെ വിവാഹം ചെയ്യുകയായിരുന്നു.
ഇതോടെ പെണ്‍കുട്ടി യുവാവിനെതിരെ പരാതി നല്‍കുകയും സെഷന്‍സ് കോടതി ഇയാളെ ശിക്ഷിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇയാള്‍ നല്കിയ അപ്പീലില്‍ പരിഗണിച്ച ഹൈക്കോടതി ശാരീരിക ബന്ധത്തിന് യുവതിയുടെ അനുമതിയുണ്ടെന്നു വ്യക്തമാണെന്ന് ചൂണ്ടിക്കാട്ടി. ശാരീരിക ബന്ധത്തിനു മുന്‍പു പ്രതി തനിക്ക് അറിവുള്ള കാര്യങ്ങള്‍ മറച്ചുവയ്ക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്താല്‍ സ്ത്രീയുടെ തീരുമാനത്തെ സ്വാധീനിക്കും.
പ്രതി മറ്റൊരാളെ വിവാഹം ചെയ്യുന്നതിനു തൊട്ടുമുന്പാണു കേസിന് ആധാരമായ സംഭവം നടന്നത്. പ്രതിയും യുവതിയും 10 വര്‍ഷത്തിലേറെ പ്രണയത്തില്‍ ആയിരുന്നു. യുവതിയെ വിവാഹം ചെയ്യണമെന്നു പ്രതിക്ക് ഉദ്ദേശ്യം ഉണ്ടായിരുന്നു. എന്നാല്‍ വീട്ടുകാരുടെ എതിര്‍പ്പു മൂലം വാഗ്ദാനം പാലിക്കാനായില്ലെന്നും വ്യക്തമാണ്. ഇവിടെ വാഗ്ദാനമാണ് ലംഘിച്ചത്. പക്ഷേ വിവാഹം കഴിക്കുമെന്നു വ്യാജ വാഗ്ദാനം നല്‍കിയെന്ന് കരുതാനാവില്ല. വസ്തുതകള്‍ മറച്ചുവെച്ച് യുവതിയുടെ അനുമതി നേടിയെന്നും കരുതാനാവില്ല. സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് പ്രതിയെ വിട്ടയയ്ക്കുകയാണെന്നും കോടതി അറിയിച്ചു. ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് കേസ് പരിഗണിച്ചത്. ശിക്ഷ റദ്ദാക്കിയ കോടതി പ്രതിയെ വിട്ടയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: