തിരുവനന്തപുരം: രാഷ്ട്രീയ രംഗത്ത് മഹാദ്ഭുതമായ ബിജെപി ഇന്ന് 43-ാം വയസ്സിലേക്ക്. ചുരുങ്ങിയ കാലം കൊണ്ട് ലോകത്തൊരിടത്തും ഒരു രാഷ്ട്രീയ കക്ഷി ഇത്രയും ശക്തിയും സ്വാധീനവും ജനസമ്മതിയും നേടിയിട്ടുണ്ടാവില്ല. ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള ലോക്സഭയിലെയും രാജ്യസഭയിലെയും കക്ഷിയായി ബിജെപി മാറിയിരിക്കുന്നു. ഏറ്റവും കൂടുതല്‍ സംസ്ഥാനങ്ങളിലെ ഭരണകക്ഷിയും ഇന്ന് ബിജെപിയാണ്.
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെക്കാള്‍ അംഗത്വമുള്ള രാഷ്ട്രീയ കക്ഷിയെന്ന ഖ്യാതി നേടിയിട്ട് വര്‍ഷങ്ങളായി. ഉദ്ദേശ്യശുദ്ധിയും അഴിമതിരഹിതവുമായ നേതൃത്വവും ഭരണവുമാണതിന്റെ മുഖമുദ്ര. ബിജെപിയെ ഒറ്റപ്പെടുത്താന്‍ അണിയറയില്‍ പ്രതിയോഗികള്‍ നടത്തുന്ന കുതന്ത്രങ്ങളെല്ലാം ദയനീയമായി പരാജയപ്പെട്ടു.
1951ല്‍ രൂപംകൊണ്ട ഭാരതീയ ജനസംഘമാണ് ബിജെപിയുടെ പൂര്‍വരൂപം. അടിയന്തരാവസ്ഥക്കെതിരേയുള്ള പോരാട്ടവും തുടര്‍ന്നു വന്ന രാഷ്ട്രീയ സാഹചര്യവുമാണ് 1980 ഏപ്രില്‍ ആറിന് ബിജെപി രൂപം കൊള്ളുന്നതിലേക്കെത്തിയത്. 1984ല്‍ ലോക്സഭയില്‍ രണ്ടംഗങ്ങള്‍ മാത്രം. പ്രതികൂലമായ സാഹചര്യങ്ങളെ നിശ്ചയ ദാര്‍ഢ്യത്തോടെ നേരിട്ടുതന്നെയാണ് ബിജെപിക്ക് ഇന്നുള്ള ശക്തിയും സ്വാധീനവും നേടാനായത്. അതിനായി അക്ഷീണം യത്നിച്ച അടല്‍ ബിഹാരി വാജ്പേയി, എല്‍.കെ. അദ്വാനി തുടങ്ങിയ നേതാക്കളും ലക്ഷോപലക്ഷം പ്രവര്‍ത്തകരുമാണ് ഇതിന്റെ ജീവന്.
ജനസംഘത്തിന്റെ തത്വസംഹിതയായ ഏകാത്മമാനവദര്‍ശനവും അതിന്റെ ഉപജ്ഞാതാവ് ദീനദയാല്‍ ഉപാധ്യയുമാണ് ബിജെപിയുടെ വഴികാട്ടി. ജന്മദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. രാവിലെ ഒന്‍പതിന് സംസ്ഥാന, ജില്ല, മണ്ഡല, പഞ്ചായത്ത്, ബൂത്ത് തലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്ന് പാര്‍ട്ടി പതാക ഉയര്‍ത്തും. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് സംസ്ഥാന കാര്യാലയത്തില്‍ പതാക ഉയര്‍ത്തും. ഇന്ന് മുതല്‍ 20 വരെ സംസ്ഥാനത്ത് 15 പ്രധാനപ്പെട്ട കേന്ദ്ര പദ്ധതികളെക്കുറിച്ചുള്ള പ്രചാരണം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: