കൊച്ചി: പാര്‍ലമെന്ററി മോഹം കൈവിടാത്ത മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ പ്രൊഫ. കെ.വി. തോമസ് ലക്ഷ്യമിടുന്നത് സിപിഎം പാളയമെന്ന സൂചന ശക്തമായി. സംസ്ഥാന നേതൃത്വത്തെ തള്ളി, സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയോട് അനുമതി ചോദിച്ചത് ഈ ലക്ഷ്യം മുന്നില്‍ കണ്ടാണ്. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സെക്രട്ടറി സീതാറാം യെച്ചൂരിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന തോമസ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ഇടത് പാളയത്തില്‍ എത്താനുള്ള സാധ്യത തെളിഞ്ഞതാണ്.
യെച്ചൂരി കഴിഞ്ഞ വര്‍ഷം കൊച്ചിയിലെത്തിയപ്പോള്‍ താമസിച്ചത് തോമസിന്റെ വീട്ടിലായിരുന്നു. കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞ് നിന്ന തോമസിന് വേണ്ടി എറണാകുളം നിയമസഭാ മണ്ഡലം സിപിഎം പരിഗണിച്ചിരുന്നു. എന്നാല്‍ ലത്തീന്‍ സഭയില്‍ നിന്നുള്ള എതിര്‍പ്പും തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസില്‍ പ്രധാന ഭാരവാഹിത്വത്തില്‍ എത്തിക്കാമെന്ന ഹൈക്കമാന്‍ഡിന്റെ ഉറപ്പും തോമസിനെ പിന്തിരിപ്പിച്ചു. എന്നാല്‍ മാറിയ സാഹചര്യത്തില്‍ ഇനിയൊരു തിരിച്ചുവരവ് കോണ്‍ഗ്രസില്‍ അസാധ്യമാണ്.
സോണിയയേക്കാള്‍ രാഹുലും കെ.സി വേണുഗോപാലുമാണ് ദല്‍ഹിയില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ഇടത്് പാളയത്തേക്ക് തോമസ് എത്തുന്നതിനോട് സിപിഎമ്മിന് പൂര്‍ണ തൃപ്തിയാണ്. തോമസ് ഇടത് പക്ഷത്തേക്ക് മാറുമെന്ന് ഉറച്ച വിശ്വാസത്തിലാണ് സിപിഎം. ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരുമായി നല്ല ബന്ധമുള്ള തോമസിനെ എറണാകുളത്ത് ഇടത് സ്വതന്ത്രനായി മത്സരിപ്പിച്ചാല്‍ വിജയം ഉറപ്പിക്കാന്‍ കഴിയുമെന്നാണ് സിപിഎം കണക്കുകൂട്ടല്‍. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പാണ് ലക്ഷ്യം. മുമ്പ് ഇതരപാര്‍ട്ടികളില്‍ നിന്നും വരുന്നവരെ ഉടനെ പദവികള്‍ നല്കി സ്വീകരിക്കുന്ന പതിവ് സിപിഎമ്മിന് ഉണ്ടായിരുന്നില്ല. അടുത്തകാലത്ത് ഈ നിലപാടില്‍ പാര്‍ട്ടി മാറ്റം വരുത്തി.
ഹൈക്കമാന്‍ഡിനോട് അകലം പാലിക്കുന്ന തോമസിനെയും ശശി തരൂരിനെയുമാണ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലേയ്ക്ക് ക്ഷണിച്ചിട്ടുള്ളത്. പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത് സിപിഎം ബന്ധം അരക്കിട്ടുറപ്പിക്കാമെന്ന കണക്കുകൂട്ടലിലാണ് കെ.വി. തോമസ്. അതുകൊണ്ട് തന്നെയാണ് സെമിനാറില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചപ്പോള്‍ തന്നെ പങ്കെടുക്കാന്‍ അനുമതി ആവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് കത്തയച്ചത്. സോണിയ അനുമതി നിഷേധിച്ചാലും തോമസ് സെമിനാറില്‍ പങ്കെടുക്കുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: