ന്യൂദല്‍ഹി: കൊവിഡ് പ്രതിസന്ധി കൂടി അകന്നു തുടങ്ങിയതോടെ രാജ്യത്ത് തൊഴിലില്ലായ്മ കുറഞ്ഞുവരികയാണെന്ന് പഠനം. സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ എക്കോണമി എന്ന സ്ഥാപനം നടത്തിയ പഠനത്തിലാണ്, 2022 ഫെബ്രുവരിയില്‍ 8.10 ശതമാനമായിരുന്ന തൊഴിലില്ലായ്മ മാര്‍ച്ചില്‍ 7.6 ശതമാനത്തിലേക്ക് കുറഞ്ഞതായി കണ്ടെത്തിയത്. ഏപ്രില്‍ രണ്ടിന് ഇത് 7.5 ശതമാനമായും കുറഞ്ഞു. മൊത്തത്തില്‍ രാജ്യത്തെ തൊഴിലില്ലായ്മ കുറഞ്ഞുവരികയാണ്. എങ്കിലും സ്ഥിതി ഇനിയും മെച്ചപ്പെടാനുണ്ട്. ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ അഭിരൂപ് സര്‍ക്കാര്‍ പറഞ്ഞു.
അതേസമയം, 202-122 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ചരക്ക് കയറ്റുമതി റെക്കോര്‍ഡ് തകര്‍ത്തു. പെട്രോളിയം ഉത്പ്പന്നങ്ങള്‍, എഞ്ചിനീയറിംഗ് ഉത്പ്പന്നങ്ങള്‍, രത്നങ്ങള്‍, ആഭരണങ്ങള്‍, രാസവസ്തുക്കള്‍ എന്നിവയുടെ കയറ്റുമതി 418 ബില്യണ്‍ യുഎസ് ഡോളറായി ഉയര്‍ന്നു. കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട ഔദ്യോഗിക കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കയറ്റുമതിക്കൊപ്പം രാജ്യത്തേക്കുള്ള ഇറക്കുമതിയും എക്കാലത്തേക്കാളും ഉയര്‍ന്നതായിരുന്നു, 610 യുഎസ് ഡോളര്‍. കഴിഞ്ഞ മാസം( 2022, മാര്‍ച്ച്) കയറ്റുമതി എക്കാലത്തെയും ഉയര്‍ന്ന പ്രതിമാസ നിരക്കാണെന്ന് കേന്ദ്ര മന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞു. 40.38 ബില്യണായിരുന്നു ഇത്. 2021 മാര്‍ച്ചില്‍ ഇത് 35.26 ബില്യണ്‍ ഡോളറാണ് രേഖപ്പെടുത്തിയത്. പെട്രോളിയം ഉല്പന്നങ്ങള്, എഞ്ചിനീയറിംഗ്, രത്നങ്ങള്‍, ആഭരണങ്ങള്‍, രാസവസ്തുക്കള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നിവയാണ് കയറ്റുമതി ഉയരാന്‍ കാരണമായത് എന്ന് സര്‍ക്കാര്‍ റെക്കോര്‍ഡുകള്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: