ഗജേന്ദ്രസിങ് ഷെഖാവത്ത്
ജലസുരക്ഷ ഉറപ്പാക്കുന്നതിനായി ജനകീയ പങ്കാളിത്തത്തോടെയുള്ള ജല്‍ശക്തി അഭിയാന്-ക്യാച്ച് ദ റെയിന്‍ കാമ്പയിന് 2022ന് മാര്‍ച്ച് 29നാണു തുടക്കമായത്. മഴവെള്ള സംഭരണത്തിനും ഭൂഗര്‍ഭജലം വര്‍ധിപ്പിക്കാനുമുള്ള ലക്ഷ്യത്തോടെയുള്ള ഈ ജനകീയ പദ്ധതി മൂന്നാം വര്‍ഷത്തിലേക്ക് പ്രവേശിക്കുകയാണ്.
അദൃശ്യമായ വിഭവം എന്നാണു ഭൂഗര്‍ഭ ജലത്തെ വിശേഷിപ്പിക്കുന്നത്. സൗജന്യമായി ലഭിക്കുന്ന ഈ വിഭവം ഏവരും ഉപയോഗിക്കുന്നു. തടാകങ്ങള്‍, തണ്ണീര്‍ത്തടങ്ങള്‍, മരങ്ങള്‍ തുടങ്ങി പ്രകൃതിയിലെ നിര്‍ണ്ണായക ജൈവവ്യവസ്ഥയെ നിലനിര്‍ത്തുന്നതില്‍ ഭൂഗര്‍ഭജലത്തിന്റെ പങ്കു ചെറുതല്ല.
ആഗോളതലത്തിലെ ഭൂഗര്‍ഭജലത്തിന്റെ നാലിലൊന്നില്‍ കൂടുതല്‍ ഉപയോഗിക്കുന്ന ഇന്ത്യയാണ് ലോകത്തെ ഏറ്റവും വലിയ ഭൂഗര്‍ഭജല ഉപഭോക്തൃരാജ്യം. പതിറ്റാണ്ടുകളായി രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതില്‍ ഭൂഗര്‍ഭജലം നിര്‍ണായക സംഭാവനയാണ് നല്‍കുന്നത്. ‘ഹരിത വിപ്ലവം’ വിജയിപ്പിക്കുന്നതിന് ഇത് നിര്‍ണായക സംഭാവന നല്കി. എന്നാല്‍ ഈ പരിമിതമായ വിഭവം ഇപ്പോള്‍ കാര്‍ഷികവൃത്തിയുടെ 60 ശതമാനത്തിനും ഗ്രാമീണ കുടിവെള്ളത്തിന്റെ 85 ശതമാനത്തിനും നഗരങ്ങളിലെ കുടിവെള്ള വിതരണത്തിന്റെ 50 ശതമാനത്തിനും ഉപയോഗിക്കുന്നു.
വര്‍ധിച്ചതും അസന്തുലിതവുമായ ഉപയോഗം ഈ മൂല്യവത്തായ വിഭവത്തിന്റെ അളവില്‍ പ്രകടമായ കുറവിന് കാരണമായിട്ടുണ്ട്. നിരവധി പേര്‍ക്ക് ഉപജീവന മാര്‍ഗം നഷ്ടമാകുന്നത് മുതല്‍ ശുദ്ധമായ കുടിവെള്ളത്തിന്റെ ലഭ്യതക്കുറവ് കൊണ്ടുണ്ടാകുന്ന ആരോഗ്യപ്രശ്നമടക്കം, കുടിയേറ്റം നടത്തുന്നതിന് വരെ കാരണമാകുന്ന ജലക്ഷാമത്തിന്റെ ആഘാതം കാഠിന്യമേറിയതാണ്. കാലാവസ്ഥാ വ്യതിയാനവും കൂടിയായതോടെ ഭൂഗര്‍ഭ ജലത്തിന്റെ അളവില്‍ നിര്‍ണയിക്കാനാകാത്ത വിധം കുറവുവരികയാണ്. നിലവില്‍ രാജ്യത്തെ ഭൂഗര്‍ഭജല ഉറവിടങ്ങളുടെ മൂന്നിലൊന്നും വിവിധ തരം പ്രതിസന്ധികളെ നേരിടുകയാണ്. ചെറുകിട-നാമമാത്ര കര്‍ഷകര്‍, സ്ത്രീകള്‍, സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ എന്നിവര്‍ ഭൂഗര്‍ഭ ജലം കുറയുന്നതിന്റെയും മലിനമാകുന്നതിന്റെയും പ്രത്യാഘാതങ്ങള്‍ നേരിടുന്നു.
ഈ പ്രശ്നത്തെ അതിജീവിക്കുന്നതിനായാണ് 2019ല്‍ ജല്‍ശക്തി അഭിയാന് (ജെഎസ്എ) തുടക്കം കുറിച്ചത്. രാജ്യത്ത് ജലദൗര്‍ലഭ്യം നേരിടുന്ന 256 ജില്ലകളിലെ 1,592 ബ്ലോക്കുകളിലായി ജലസംരക്ഷണം ലക്ഷ്യമിട്ടുള്ള സമയബന്ധിതമായ കാമ്പയിന് 2019 ജൂലൈ-നവംബര്‍ കാലയളവില്‍ നടപ്പിലാക്കി. ഈ ബ്ലോക്കുകളില്‍ ലഭിക്കുന്ന വെള്ളത്തെ അമിതമായി ചൂഷണം ചെയ്യുന്ന സാഹചര്യമാണുണ്ടായിരുന്നത്.
കേന്ദ്ര കുടിവെള്ള-ശുചീകരണ മന്ത്രാലയം, ജല്‍ശക്തി മന്ത്രാലയം എന്നിവയുടെ നേതൃത്വത്തില്‍ നടക്കുന്ന കാമ്പയിനാണ് ജെഎസ്എ. കാമ്പയിന്റെ ഭാഗമായി ഓഫീസര്‍മാര്‍, ഭൂഗര്‍ഭജല വിദഗ്ധര്‍, ശാസ്ത്രജ്ഞര്‍ എന്നിവര്‍ രാജ്യത്തെ ഏറ്റവും ജലദൗര്‍ലഭ്യം നേരിടുന്ന സംസ്ഥാന-ജില്ലാ ഉദ്യോഗസ്ഥരുമായി വിവിധ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിന് ഊന്നല്‍ നല്കി ജലസംരക്ഷണവും ഭൂഗര്‍ഭജല ഉറവിട സംരക്ഷണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തും. വിവിധ സമൂഹങ്ങളുടെ നിരന്തരമായ ഇടപെടലും ആശയവിനിമയവും വഴി ജലസംരക്ഷണം ഒരു ജനകീയ മുന്നേറ്റമാക്കാനാണു ജെഎസ്എ ലക്ഷ്യമിടുന്നത്. ജലസംരക്ഷണവും മഴവെള്ള സംഭരണവും, പരമ്പരാഗത ജലസ്രോതസുകളുടേയും മറ്റ് ജലാശയങ്ങളുടേയും നവീകരണം, ജലപുനരുപയോഗവും റീചാര്‍ജും വാട്ടര്‍ഷെഡ് വികസനം, തീവ്ര വനവല്‍ക്കരണം എന്നീ അഞ്ച് ഘടകങ്ങളില്‍ ജെഎസ്എ ഊന്നല്‍ നല്കുന്നു. ബ്ലോക്ക് ജലസംരക്ഷണ പദ്ധതികള്‍, ജില്ലാ ജല സംരക്ഷണ പദ്ധതികള്‍, കൃഷി വിജ്ഞാന് കേന്ദ്ര മേളകള്‍, നഗരങ്ങളിലെ മലിനജല സംസ്കരണം തുടങ്ങിയവയിലും പ്രത്യേക ഇടപെടല്‍ നടത്തുന്നു.
സംസ്ഥാന സര്‍ക്കാരുകളുടെയും കൂട്ടായ പ്രവര്‍ത്തനഫലമായി 2019ല്‍ 2.75 ലക്ഷം ജലസംരക്ഷണ-മഴവെള്ള സംഭരണികളുടെ നിര്‍മാണം, 45,00 ജലാശയങ്ങള്‍/ടാങ്കുകള്‍ എന്നിവയുടെ പുനരുദ്ധാരണം, പുനരുപയോഗം നടത്താവുന്നതും വീണ്ടും വെള്ളം നിറയ്ക്കാവുന്നതുമായ 1.43 ലക്ഷം ജലാശയങ്ങളുടെ നിര്‍മാണം, 1.59 വാട്ടര്‍ഷെഡ് വികസന അനുബന്ധ പ്രവര്‍ത്തനങ്ങള്‍, 12.36 കോടി മരങ്ങളുടെ നടല്‍, 1372 ബ്ലോക്ക് ജലസംരക്ഷണ പദ്ധതികള്‍ തയ്യാറാക്കല്‍ എന്നിവ നേടാനായി. ഈ നേട്ടങ്ങള്‍ക്ക് പുറമേ ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാവരേയും ജലസംഭരണത്തിനും പരിപാലനത്തിനുമായി ഒരുമിച്ച് കൂട്ടുന്നതിന് സഹായിച്ചു. പല സംസ്ഥാനങ്ങളും ഇക്കാര്യത്തില്‍ ആസൂത്രണം ചെയ്തതിനേക്കാള്‍ മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. തുടക്കത്തില്‍ തെരഞ്ഞെടുത്ത ജലദൗര്‍ലഭ്യം നേരിടുന്ന ജില്ലകള്‍ക്ക് പുറമേ ചില സംസ്ഥാനങ്ങള്‍ മറ്റ് ജില്ലകളിലേക്ക് കൂടി പദ്ധതി വ്യാപിപ്പിച്ചു.
2020ലാണ് രാജ്യത്ത് കൊവിഡ് മഹാമാരി ആഞ്ഞടിച്ചത്. അതിനാല്‍ തന്നെ ആ വര്‍ഷം പൂര്‍ണമായ അര്‍ത്ഥത്തില്‍ ജനകീയ മുന്നേറ്റം എളുപ്പമായിരുന്നില്ല. ഇതേത്തുടര്‍ന്ന് ജല്‍ശക്തി മന്ത്രാലയം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പ്രതിരോധ സ്ഥാപനങ്ങള്‍ പോലെ വന്‍തോതില്‍ ഭൂമി കൈവശം വച്ചിരിക്കുന്ന സ്ഥാപനങ്ങളുമായി സഹകരിച്ച് ജലസംഭരണം സാധ്യമാക്കി. 2019ല്‍ നിന്ന് പ്രചോദനംഉള്ക്കൊണ്ട് 2020ല്‍ ജെഎസ്എ 2019ന്റെ പരിധി വ്യാപിപ്പിച്ച് രാജ്യത്തെ എല്ലാ ജില്ലകളിലും (ഗ്രാമ-നഗര വ്യത്യാസമില്ലാതെ) ‘ജല്‍ ശക്തി അഭിയാന്: ക്യാച്ച് ദ് റെയിന്‍’ (ജെഎസ്എ: സിടിആര്‍) കാമ്പയിന് ഉദ്ഘാടനം ചെയ്തു. ‘മഴപെയ്യുന്നിടത്തു ശേഖരിക്കുക’ എന്ന ലക്ഷ്യം മുന്‍നിര്‍ത്തി 2021 മാര്‍ച്ച് 22- നവംബര്‍ 30 കാലയളവില്‍ ജെസിഎ: സിടിആര്‍ രാജ്യത്ത് നടപ്പിലാക്കി.
ഈ കാലയളവിലെ ജെസിഎ: സിടിആര്‍ കാമ്പയിനില്‍ 38 കോടി മരങ്ങള്‍ നട്ടത് കൂടാതെ ജലവുമായി ബന്ധപ്പെട്ട 42 കോടി പ്രവൃത്തികള്‍ നടത്തി. 14.76 ലക്ഷം ജലസംഭരണ-ആര്ഡബ്ല്യുഎച്ച് പ്രവൃത്തികളുടെ നിര്‍മാണം/കേടുപാട് തീര്‍ക്കല്‍, 2.78 ലക്ഷം പരമ്പരാഗത ജലാശയങ്ങളുടെ നവീകരണം, 7.34 ലക്ഷം പുനരുപയോഗ-വീണ്ടും നിറയ്ക്കാവുന്ന ജലാശയങ്ങളുടെ നിര്‍മാണം/കേടുപാട് തീര്‍ക്കല്‍, 17.02 വാട്ടര്‍ഷെഡ് വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവ നടപ്പിലാക്കി. എംജിഎന്‍ആര്‍ഇജിഎയ്ക്ക് കീഴില്‍ മാത്രം 65,000 കോടി രൂപ ഇതിനായി ചെലവാക്കി.
രാജ്യത്തെ ജനങ്ങളുടെ ജീവനോപാധിക്കുള്ള ജലത്തിന്റെ പ്രാധാന്യം പരിഗണിച്ച് ജലസംരക്ഷണത്തിന് സഹായിക്കുന്ന വിധത്തില്‍ മഴയെ ഉപയോഗിക്കുന്നത് ഓരോ വര്‍ഷവും ചെയ്യേണ്ട പ്രവൃത്തിയാണ്. ഈ വര്‍ഷവും രാജ്യത്തിന്റെ വലുപ്പവും വിസ്തൃതിയും പരിഗണിച്ച് ജല്‍ശക്തി അഭിയാന്: ക്യാച്ച് ദ് റെയ്ന്‍ കാമ്പയിന് ആവിഷ്കരിച്ച് നടപ്പിലാക്കുന്നു. ഈ കാമ്പയിന് 2022 മാര്‍ച്ച് 31-2022 നവംബര്‍ 30 കാലയളവിലാണ് നടക്കുന്നത്.
കഴിഞ്ഞ വര്‍ഷത്തേത് പോലെ തന്നെ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്ക് മുന്‍ഗണ നല്കി എല്ലാ കെട്ടിടങ്ങളിലും റൂഫ്-ടോപ്പ് ആര്ഡബ്ല്യുഎച്ച്എസ് നടപ്പിലാക്കല്‍, എല്ലാ കോമ്പൗണ്ടുകളിലും ജലസംഭരണ കുഴികള്‍, പുതിയ ചെക്ക് ഡാം/കുളം എന്നിവയിലെ പഴക്കം ചെന്ന കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി: ടാങ്കുകള്‍/തടാകങ്ങള്‍ എന്നിവയിലേക്കുള്ള തടസ്സം നീക്കം ചെയ്യല്‍, ടാങ്കുകളുടെ സംഭരണശേഷി വര്‍ധിപ്പിക്കുന്നതിനായി ചെളി നീക്കം ചെയ്യല്‍, അവയുടെ പാതയിലെ തടസ്സങ്ങള്‍ നീക്കം ചെയ്യല്‍, പരമ്പരാഗത സ്റ്റെപ്പ് കിണറുകളുടേയും മറ്റ് ആര്ഡബ്ല്യുഎച്ച്എസുകളുടേയും കേടുപാട് തീര്‍ക്കല്‍, ജലം സംഭരിക്കാനായി ഉപയോഗയോഗ്യമല്ലാത്ത കുഴല്‍കിണറുകള്‍/കിണറുകള്‍ എന്നിവയുടെ ഉപയോഗം, ചെറിയ പുഴകളുടേയും അരുവികളുടേയും നവീകരണം, തണ്ണീര്‍ത്തടങ്ങള്‍ വീണ്ടെടുക്കല്‍, പ്രളയ ബാങ്കുകളുടെ സംരക്ഷണം എന്നിവയ്ക്കും മുന്‍ഗണന ഉണ്ടാകും. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതികരണങ്ങളുടെ അടിസ്ഥാനത്തില്‍ ഉറവകള്‍ കണ്ടെത്തുന്നതിനുംസ്പ്രിങ്ഷെഡ് മാപ്പിങ്ങിനും പരിപാലനത്തിനും ഈ വര്‍ഷം പ്രത്യേകമായി ഊന്നല്‍ നല്‍കും.
റവന്യൂ വകുപ്പിലെ രേഖകളുടെ സഹായത്തോടെ എന്‍ആര്‍എസ്-ജിഐഎസ് മാപ്പിങ് സാങ്കേതികവിദ്യ എന്നിവയില്‍ നിന്നുള്ള റിമോട്ട് സെന്‍സിങ് ചിത്രങ്ങള്‍ ഉപയോഗിച്ച് നിലവിലുള്ള ജലാശയങ്ങള്‍, ജലസംഭരണികള്‍ എന്നിവയുടെ കണക്കെടുപ്പ് നടത്തി ഭാവിയിലെ ഡബ്ല്യുഎച്ച്എസ് ഫലപ്രദമായി ആസൂത്രണം ചെയ്യുന്നതിനായി ഉപയോഗിക്കാനും എല്ലാ ജില്ലകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജില്ലകളില്‍ ജിഐഎസ് അടിസ്ഥാനമായുള്ള ജലസംരക്ഷണ പദ്ധതികള്‍ തയ്യാറാക്കുന്നതിനും ജലസംഭരണങ്ങള് കണ്ടെത്തുന്നതിനുമുള്ള മാനദണ്ഡങ്ങള്‍ ദേശീയ ജലമിഷന്‍ തയ്യാറാക്കി. ഇവ നടപ്പാക്കുന്നതിനായി എല്ലാ ജില്ലകളിലേക്കും അയച്ചുകൊടുത്തു. ചില ജില്ലകള്‍ ഈ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും നടപ്പില്‍ വരുത്തുകയും ചെയ്തിരിക്കുന്നു. എല്ലാ ജില്ലകളും ഈ വര്‍ഷം തന്നെ ഈ നടപടി പൂര്‍ത്തിയാക്കുന്നതിനുള്ള സഹായം നല്‍കും.
2021ലെ ജെഎസ്എ: സിടിആര്‍ കാമ്പയിന്റെ ഭാഗമായി സംസ്ഥാന ഗവണ്മെന്റുകളോട് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ‘ജല്‍ ശക്തി കേന്ദ്രങ്ങള്‍’ നിര്‍മിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഈ കേന്ദ്രങ്ങള്‍ ജലവുമായി ബന്ധപ്പെട്ട വിവരങ്ങളും ജലസംരക്ഷണത്തിനും ജലം മിതമായി ഉപയോഗിക്കുന്നതിനുമുള്ള മാര്‍ഗങ്ങളും പ്രചരിപ്പിക്കുന്നതിനുള്ള ‘വിജ്ഞാന കേന്ദ്രങ്ങള്‍’ ആയി പ്രവര്‍ത്തിക്കും. രാജ്യത്താകെ ഇതുവരെ 336 ജെഎസ്കെകള് സ്ഥാപിച്ചു. ജലസംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സിവില്‍ സര്‍വീസ് സൊസൈറ്റി സംഘടനകള്‍ ഇക്കാര്യത്തില്‍ കേന്ദ്രം, സംസ്ഥാന ഗവണ്മെന്റുകള്, ജില്ലാ ഭരണകൂടങ്ങള്‍ എന്നിവയുമായി യോജിച്ച് പ്രവര്‍ത്തിക്കുന്നു.
ജനങ്ങളും ജനസമൂഹവുമാണ് എല്ലാ പ്രവര്‍ത്തനങ്ങളുടെയും നാഡീകേന്ദ്രം. പുഴകള്‍ പുനരുദ്ധരിക്കുന്നതാകട്ടെ, ജലം നിറയ്ക്കലും ജലോപയോഗ കാര്യക്ഷമതയും മെച്ചപ്പെടുത്തുന്നതാകട്ടെ, ഭൂഗര്‍ഭജലം സുസ്ഥിരമായി ഉപയോഗിക്കുന്നതാകട്ടെ, തുറസായ സ്ഥലത്തെ മലവിസര്‍ജ്ജനം നിര്‍മാര്‍ജ്ജനം ചെയ്യലാകട്ടെ.. ഇത്തരം മാറ്റങ്ങള്‍ക്കായി ജനങ്ങള്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നു. ജല്‍ ശക്തി അഭിയാന്റെ കാര്യത്തില്‍ ഇത് കൂടുതല്‍ ശരിയാണ്. കാമ്പയിന് വിജയിപ്പിക്കുന്നതിന് വ്യക്തികള്‍, സംഘടനകള്‍, റെസിഡന്റ്-വെല്‍ഫയര്‍ സംഘടനകള്‍, സ്വയം സഹായ സംഘങ്ങള്‍, കോര്‍പറേറ്റുകള്‍, മാധ്യമ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയെല്ലാം യോജിച്ച് പ്രവര്‍ത്തിക്കുന്നു. നമുക്കുവേണ്ടി മാത്രമല്ല, വരും തലമുറകള്‍ക്കുമായി ജലസുരക്ഷയുള്ള ഒരു ഇന്ത്യയുടെ നിര്‍മാണത്തിന് നാം കടപ്പെട്ടിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: