തിരുവനന്തപുരം : കെ റെയില്‍ സമൂഹികാഘാത പഠനം നിര്‍ത്തിവെയ്ക്കില്ല. സര്‍വ്വേയുമായി മുന്നോട്ട് പോകുമെന്ന് റവന്യൂ മന്ത്രി കെ. രാജന്. ജനങ്ങളില്‍ നിന്നുള്ള നിസ്സഹകരണം മൂലം എറണാകുളം, ആലപ്പുഴ, പത്തനംതിട്ട എന്നിങ്ങനെ മൂന്ന് ജില്ലകൡലെ സര്‍വ്വേ താത്കാലികമായി നിര്‍ത്തിവെക്കുന്നതായി സര്‍വ്വേ ഏജന്‍സി അറിയിച്ചെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
സില്‍വര്‍ ലൈന്‍ സാമൂഹ്യ ആഘാത പഠനവുമായി മുന്നോട്ട് പോകും. വിഷയത്തില്‍ മുഖ്യമന്ത്രി വ്യക്തത വരുത്തിയതാണ്. സര്‍വ്വേ നടത്തുന്നതില്‍ ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ എജന്‍സികള്‍ക്ക് ആവശ്യമെങ്കില്‍ സമയം കൂടുതല്‍ അനുവദിച്ചു കൊടുക്കാന്‍ കഴിയും. സര്‍വ്വേ നടത്തുന്ന വിവിധ സ്വകാര്യ എജന്‍സികളില്‍ ഒന്ന് മാത്രമാണ് രാജഗിരിയെന്നും അദ്ദേഹം പ്രതികരിച്ചു.
കെ റെയില്‍ നിര്‍ദ്ദിഷ്ട പദ്ധതി പ്രദേശത്തെ ജനങ്ങളില്‍ നിന്നും വിവരം ശേഖരിക്കുന്നതിനായി സര്‍വ്വേ സംഘം ചോദ്യാവലി തയ്യാറാക്കിയിരുന്നു. എന്നാല്‍ ജനങ്ങളുടെ നിസ്സഹകരണം മൂലം ഇതുമായി മുന്നോട്ട് പോകാന്‍ സാധിക്കുന്നില്ല. അതിനാല്‍ സര്‍വ്വേ താത്കാലികമായി നിര്‍ത്തിവെയ്ക്കുന്നതായി രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സ് ജില്ലാ കളക്ടറെ അറിയിക്കുകയും ചെയ്തിരുന്നു. അവര്‍ ഇത് റവന്യൂ വകുപ്പിനെ അറിയിക്കുകയായിരുന്നു. സര്‍ക്കാരിന്റെ തീരുമാനം അറിഞ്ഞശേഷം ആയിരിക്കും തുടര്‍ നടപടി.
സാമൂഹ്യമായും പാരിസ്ഥിതികമായും സാമ്പത്തികമായും പ്രദേശവാസികള്‍ക്ക് ആ മേഖലയിലുമുണ്ടാകുന്ന നഷ്ടങ്ങള്‍ കണ്ടറിഞ്ഞ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുന്നതിനാണ് പഠനം നടത്തുന്നത്. പോലീസ് സംരക്ഷണിലെത്തി പ്രദേശത്ത് കല്ല് നാട്ടി പോകുന്നത് പോലെ സാമൂഹികാഘാത പഠനത്തിന് സാധിക്കില്ല. അതിനാല്‍ ജനങ്ങളുടെ എതിര്‍പ്പ് തുടരുന്നതിനാല്‍ നിലവില്‍ പഠനം അപ്രായോഗികമാണ്.
കൊച്ചി രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സിന്റെ ഔട്ട് റീച്ച് വിഭാഗത്തിനാണ് എറണാകുളം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ സാമൂഹ്യ ആഘാത പഠനം നടത്താന്‍ റവന്യു വകുപ്പ് ചുമതല നല്‍കിയത്. എന്നാല്‍ രാജഗിരിയുടെ പഠന സംഘത്തെ ശനിയാഴ്ച എറണാകുളത്ത് തടഞ്ഞിരുന്നു. ജില്ലയില്‍ സംഘം ആദ്യമെത്തിയ അങ്കമാലി പാറക്കടവില്‍ ഒരൊറ്റ വീട്ടില്‍ പോലും പഠനസംഘത്തെ പ്രവേശിപ്പിച്ചില്ല. പരിസരത്ത് ഏറെ നേരം ചിലവഴിച്ചെങ്കിലും പദ്ധതി വേണ്ടെന്ന അഭിപ്രായത്തില്‍ ഉറച്ച നിന്ന പ്രദേശവാസികള്‍ മറ്റ് കാര്യങ്ങളൊന്നും വിശദീകരിക്കാന്‍ തയ്യാറായില്ല. ഇതോടെയാണ് പ്രതിസന്ധി ബന്ധപ്പെട്ടവരെ അറിയിക്കാന്‍ ഏജന്‍സി തീരുമാനിച്ചത്. ജനങ്ങളില്‍ നിന്നുള്ള പ്രതിഷേധങ്ങളെ തുടര്‍ന്ന് എറണാകുളം ജില്ലയിലെ ചോറ്റാനിക്കര, പിറവം എന്നിവിടങ്ങളിലെ സര്‍വ്വേ നടപടികള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇത് പുനരാരംഭിക്കുന്നത് സംബന്ധിച്ചും തീരുമാനമായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: