കരുനാഗപ്പള്ളി: ജിഎസ്ടി നിയമപ്രകാരം മതിയായ രേഖകളില്ലാതെ കടത്തിയ സ്വര്‍ണാഭരണങ്ങള്‍ പിഴ ഈടാക്കിയ ശേഷം ഉടമകള്‍ക്ക് വീട്ടുനല്‍കി. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ കരുനാഗപ്പള്ളി ജിഎസ്ടി മൊബൈല്‍ സ്ക്വാഡ് 24 കേസുകളിലായി 11 കോടി രൂപ വിലവരുന്ന 22 കിലോ സ്വര്‍ണാഭരണങ്ങളാണ് പിടികൂടിയത്. നികുതി, പിഴ, ഫൈന്‍ എന്നീ ഇനങ്ങളിലായി 1.05 കോടി രൂപാ ഈടാക്കി.
കഴിഞ്ഞ ദിവസം പിടികൂടിയ 6.410 കിലോ സ്വര്‍ണാഭരണങ്ങള്‍ 18.75 ലക്ഷം രൂപാ പിഴ ഈടാക്കി സ്വര്‍ണം ഉടമയ്ക്ക് വിട്ടുനല്‍കി. തൃശൂരില്‍ നിന്നും കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ വില്‍പ്പനയ്ക്കായാണ് സ്വര്‍ണം കൊണ്ടുവന്നത്. രജിസ്റ്റര്‍ ചെയ്ത് കേസുകളില്‍ ഉടമകള്‍ ഹൈക്കോടതിയെയും ജിഎസ്ടി അപ്പലേറ്റ് അതോറിറ്റിയെയും സമീപിച്ചെങ്കിലും അനുകൂല വിധി ലഭിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ് പിഴ നല്കി സ്വര്‍ണാഭരണങ്ങള്‍ തിരികെ വാങ്ങിയത്.
202021 സാമ്പത്തിക വര്‍ഷം 41 കേസുകളിലായി 15.33 കോടി രൂപ വിലവരുന്ന 32 കിലോ സ്വര്‍ണാഭരണങ്ങള്‍ പിടിച്ചെടുത്തിരുന്നു. നികുതിയും പിഴയും മറ്റുമായി 1.25 കോടി രൂപയും ഈടാക്കി. പിഴ അടയ്ക്കാത്തതിനാല്‍ ജിഎസ്ടി നിയമ പ്രകാരം നാലുകിലോ സ്വര്‍ണാഭരണങ്ങളും അവ കടത്താന്‍ രണ്ടുകാറുകളും കണ്ടുകെട്ടി.
അസിസ്റ്റന്റ് കമ്മീഷണര്‍ (ഇന്റലിജന്‍സ്) എസ് രാജീവിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്സ് ഓഫീസര്‍മാരായ ബി രാജേഷ്, എസ് രാജേഷ് കുമാര്‍, ബി രാജീവ്, ടി രതീഷ്, ഇ ആര് സോനാജി, ഷൈല, പി ശ്രീകുമാര്‍ എന്നിവര്‍ പരിശോധന സംഘത്തിലുണ്ടായിരുന്നു.
കരുനാഗപ്പള്ളി, കായംകുളം, ഹരിപ്പാട്, കൊല്ലം, ഭരണിക്കാവ്, കുണ്ടറ, അടൂര്‍ എന്നിവിടങ്ങളില്‍ നടത്തിയ വാഹനപരിശോധനയ്ക്കിടയിലും കൊല്ലം, കരുനാഗപ്പള്ളി, കായംകുളം റെയില്‍വേ സ്റ്റേഷനുകളില്‍ നടത്തിയ നിരീക്ഷണത്തിലുമാണ് സ്വര്‍ണാഭരണങ്ങല്‍ പിടികൂടിയത്. ജിഎസ്ടി എന്‍ഫോഴ്സ്മെന്റ് ജോയിന്റ് കമ്മീഷണര്‍ കെ സുരേഷ്, ഇന്റലിജന്റ് ജോയിന്റ് കമ്മീഷണര്‍ കിരണ്‍ ലാല്‍, കൊല്ലം ഡെപ്യൂട്ടി കമ്മീഷണര്‍ (ഇന്റലിജന്റ്സ്) എച്ച് ഇര്‍ഷാദ് എന്നിവരുടെ നിര്‍ദേശപ്രകാരമായിരുന്നു പരിശോധനകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: