കോഴിക്കോട്: സില്‍വര്‍ലൈന്‍ ഇരകള്‍ക്ക് ഇരട്ടി നഷ്ടപരിഹാരം നല്‍കുമെന്ന് പറയുന്ന മുഖ്യമന്ത്രി ജനങ്ങളെ വീണ്ടും വീണ്ടും കബളിപ്പിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഭൂമിയേറ്റെടുക്കാന്‍ ഇതുവരെ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കാത്ത പദ്ധതിയാണിത്. അതുമാത്രമല്ല സാമൂഹ്യ ആഘാത പഠനം നടത്തിയിട്ടുമില്ല. സര്‍ക്കാര്‍ സമര്‍പ്പിച്ച ഡിപിആര്‍ അപൂര്‍ണ്ണമാണെന്ന് റെയില്‍ മന്ത്രി വ്യക്തമാക്കിയതുമാണ്.
കമ്പോള വിലയുടെ ഇരട്ടി നല്‍കണമെങ്കില്‍ ഭൂമിയേറ്റെടുക്കലിന് ഇപ്പോഴത്തെ ഡിപിആറില്‍ പറയുന്നതിന്റെ മൂന്നിരട്ടിയെങ്കിലും കൂടുതല്‍ കണക്കാക്കേണ്ടി വരും. അങ്ങനെയാവുമ്പോള്‍ സില്‍വര്‍ലൈനിന്റെ ആകെ ചിലവ് ഇനിയും ഏറെ വര്‍ദ്ധിക്കും. മോഹന വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കുടിയൊഴിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്ക് കെറെയില്‍ ഉദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കരുത്.
പാര്‍ട്ടി അടിമകളായ സിപിഎം പ്രവര്‍ത്തകരെ ഉപയോഗിച്ച് സില്‍വര്‍ലൈന്‍ വിരുദ്ധ സമരത്തില്‍ ആശങ്കകുഴപ്പമുണ്ടാക്കാനാണ് സിപിഎം ശ്രമിക്കുന്നത്. എല്ലാം നഷ്ടമാവുന്ന ജനങ്ങളെ പിന്നില്‍ നിന്നും കുത്തുന്ന ഇത്തരമൊരു നാടകമാണ് കഴക്കൂട്ടത്ത് കേന്ദമന്ത്രി വി.മുരളീധരന്റെ ജനസമ്പര്‍ക്കത്തിലുണ്ടായത്. കരിങ്കാലികളായ സിപിഎം നേതാക്കളെ ജനം ഒറ്റപ്പെടുത്തുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: