Categories: Main Article

ദല്‍ഹി നയതന്ത്ര കേന്ദ്രം

ലോകരാജ്യങ്ങളുടെ ശ്രദ്ധാകേന്ദ്രമാവുകയാണ് രാജ്യ തലസ്ഥാനം. വിവിധ ലോകരാഷ്ട്ര പ്രതിനിധികളാണ് ഇന്ത്യയിലേക്ക് എത്തുന്നത്. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുടെ സന്ദര്‍ശനത്തിന് പിന്നാലെ റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ്, യുഎസ് ഉപസുരക്ഷാ ഉപദേഷ്ടാവ് ദിലീപ് സിങ്, ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ്, ജര്‍മ്മന്‍ സുരക്ഷാ ഉപദേഷ്ടാവ് ജെന്‍സ് പ്ലോട്ട്നര്‍ എന്നിവരുടെ സന്ദര്‍ശനവും ഏറെ പ്രതീക്ഷയോടെയാണ് ലോകം ഉറ്റുനോക്കുന്നത്.

ഏഴരപ്പതിറ്റാണ്ടടുത്ത സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഒരിക്കലുമുണ്ടാവാത്തത്ര നയതന്ത്ര പ്രാധാന്യമാണ് ഈ ദിവസങ്ങളില്‍ ദല്‍ഹിക്ക് ലഭിക്കുന്നത്. റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ്, യുഎസ് ഉപസുരക്ഷാ ഉപദേഷ്ടാവ് ദിലീപ് സിങ്, ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ്, ജര്‍മ്മന്‍ സുരക്ഷാ ഉപദേഷ്ടാവ് ജെന്‍സ് പ്ലോട്ട്നര്‍ എന്നിവരാണ് വിവിധ തലത്തിലുള്ള യോഗങ്ങള്‍ക്കും കൂടിക്കാഴ്ചകള്‍ക്കുമായി രാജ്യതലസ്ഥാനത്തേക്ക് വ്യാഴാഴ്ച മുതല്‍ എത്തുന്നത്. ഇന്ത്യയുടെ ഔദ്യോഗിക ക്ഷണമില്ലാതെ എത്തിയ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുടെ സന്ദര്‍ശനം നടന്ന് ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് പ്രധാന ലോകശക്തികള്‍ ദല്‍ഹിയിലേക്ക് പ്രതിനിധികളെ അയക്കുന്നത്. ചര്‍ച്ചകള്‍ പലതും അനൗദ്യോഗികമാണെന്നതും ശ്രദ്ധേയം.

ഇന്ത്യയെ ഉറ്റുനോക്കി ലോക രാജ്യങ്ങള്‍

റഷ്യ-ഉക്രൈന്‍ സംഘര്‍ഷം ഒരുമാസം പിന്നിടുന്നതോടെ ലോകക്രമത്തിലും യൂറോപ്പിലുമുണ്ടായ അസ്വാരസ്യങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും പരിഹാരം കാണാനും പ്രശ്നങ്ങള്‍ അവസാനിപ്പിക്കുന്നതില്‍ വലിയ പങ്കു വഹിക്കാനും ഇന്ത്യയ്‌ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും സാധിക്കുമെന്ന തിരിച്ചറിവാണ് ഇന്ത്യയുമായുള്ള നയതന്ത്ര ചര്‍ച്ചകള്‍ സജീവമാക്കാന്‍ ലോകരാജ്യങ്ങളെ പ്രേരിപ്പിക്കുന്നത്. റഷ്യയുമായുള്ള മികച്ച ബന്ധം ഉപയോഗിച്ച് യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യ ഇടപെടണമെന്ന ഉക്രൈന്‍ വിദേശകാര്യമന്ത്രി ദിമിത്രോ കുലേബയുടെ പ്രസ്താവനയും പുറത്തുവന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെങ്കില്‍, സമാധാനത്തിന് വേണ്ടിയുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ അംഗീകരിക്കുമെന്നും ദിമിത്രോ കുലേബ വ്യക്തമാക്കിയിട്ടുണ്ട്.

ഉക്രൈന്‍ യുദ്ധത്തില്‍ റഷ്യയെ പ്രതിസന്ധിയിലാക്കാത്ത നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയുമായി വിവിധ മേഖലകളില്‍ കൂടുതല്‍ സഹകരണത്തിന് റഷ്യ തയ്യാറാവുകയാണ്. ഇന്ത്യയിലേക്ക് വന്‍ വിലക്കുറവില്‍ റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാന്‍ റഷ്യ സന്നദ്ധത അറിയിച്ചതും  വലിയ നേട്ടമാണ്. ഇന്ത്യ-റഷ്യ സഹകരണത്തെ പ്രതിരോധിക്കാന്‍ ലക്ഷ്യമിട്ടാണ് യുഎസ്, ജര്‍മ്മന്‍, ബ്രിട്ടീഷ് പ്രതിനിധികളുടെ ദല്‍ഹി സന്ദര്‍ശനം. ആഗോള തലത്തില്‍ ഇന്ത്യന്‍ നയതന്ത്ര നിലപാടുകള്‍ക്കും പ്രധാനമന്ത്രി മോദിക്കുമുള്ള വര്‍ധിച്ച സ്വാധീനം വ്യക്തമാക്കുന്നതാണിതെല്ലാം. റഷ്യ-ഉക്രൈന്‍ വിഷയത്തില്‍ ഇന്ത്യന്‍ ഇടപെടലും നിലപാടും ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുന്നുവെന്ന് വിദേശകാര്യ വിദഗ്ധരും അഭിപ്രായപ്പെടുന്നു.

നിലപാട് കടുപ്പിച്ച് ഇന്ത്യ

വിട്ടുവീഴ്ചയില്ലാത്ത നിലപാടിലൂടെ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയെ പ്രതിരോധത്തിലാക്കാന്‍ ഇന്ത്യന്‍ നയതന്ത്ര നീക്കങ്ങള്‍ക്ക് കഴിഞ്ഞു. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ സന്ദര്‍ശനത്തിനായെത്തിയ വാങ് യി കശ്മീര്‍ വിഷയത്തില്‍ നടത്തിയ പ്രതികരണത്തിനെതിരെ ഇന്ത്യ അതിശക്തമായ പ്രതികരണമാണ് നടത്തിയത്. കശ്മീരിന്റെ സ്വാതന്ത്ര്യ പോരാട്ടത്തിനൊപ്പമാണ് ചൈനയെന്നും കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാനൊപ്പമാണെന്നും വാങ് യി പ്രസ്താവിച്ചിരുന്നു. ഇന്ത്യയുടെ കേന്ദ്രഭരണ പ്രദേശത്തിന്റെ കാര്യത്തില്‍ ചൈനീസ് വിദേശകാര്യമന്ത്രി അഭിപ്രായം പറയേണ്ട കാര്യമില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ പ്രതികരണം. ഇന്ത്യയുടെ ആഭ്യന്തര വിഷയത്തില്‍ വാങ് യി നടത്തിയ പ്രസ്താവനയെ തള്ളിക്കളയുന്നതായും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഇതിന് പിന്നാലെയാണ് മുന്‍കൂട്ടി നിശ്ചയിക്കാത്ത ഇന്ത്യന്‍ സന്ദര്‍ശനത്തിന് ചൈനീസ് വിദേശകാര്യമന്ത്രി തയ്യാറായതെന്നാണ് സൂചന. അഫ്ഗാനിസ്ഥാനില്‍ നിന്ന് നേപ്പാളിലേക്ക് പുറപ്പെടുന്നതിന് തൊട്ടുമുമ്പാണ് ദല്‍ഹി സന്ദര്‍ശനം സംബന്ധിച്ച അന്തിമ തീരുമാനമായത്. എന്നാല്‍ ഒരു ചൈനീസ് പ്രതിനിധിക്ക് അടുത്തകാലത്തെങ്ങുമുണ്ടാവാത്ത വിധമുള്ള തണുത്ത പ്രതികരണമാണ് ഇന്ത്യ നല്‍കിയത്. വിദേശപ്രതിനിധികള്‍ വന്നിറങ്ങുന്ന സൈനിക വിമാനത്താവളം ഒഴിവാക്കി സാധാരണ യാത്രക്കാര്‍ക്ക് സമാനമായി ദല്‍ഹി വിമാനത്താവളത്തിലാണ് വാങ് യിയുടെ പ്രത്യേക വിമാനത്തിന് ഇറങ്ങാന്‍ അനുമതി നല്കിയത്. വാങ് യിക്ക് സ്വാഗതമോതാനില്ല എന്ന സന്ദേശം ഇതുവഴി ഇന്ത്യ വ്യക്തമാക്കി. ചൈനീസ് വിദേശകാര്യമന്ത്രി സന്ദര്‍ശനത്തിന് എത്തുന്നുവെന്ന വിവരം ഇന്ത്യ ഔദ്യോഗികമായി മാധ്യമങ്ങളെ അടക്കം അറിയിക്കാതിരുന്നതും വാങ് യിക്ക് തിരിച്ചടിയായി.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ എന്നിവരുമായി വാങ് യി നടത്തിയ കൂടിക്കാഴ്ചയിലും ചൈനീസ് വിദേശകാര്യമന്ത്രിയുമായുള്ള അനിഷ്ടം പ്രകടമായി. ബീജിങ്ങിലേക്കുള്ള വാങ് യിയുടെ ക്ഷണം ഇരു നേതാക്കളും തള്ളിക്കളഞ്ഞു. അതിര്‍ത്തി പ്രശ്നം പരിഹരിക്കാതെ ചൈനയിലേക്കില്ല എന്ന നിലപാട് അജിത് ഡോവല്‍ നേരിട്ട് അറിയിക്കുകയും അക്കാര്യം മാധ്യമങ്ങളിലൂടെ ഇന്ത്യ പുറത്തുവിടുകയും ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിക്കാനുള്ള വാങ് യിയുടെ തുടര്‍ച്ചയായ അഭ്യര്‍ത്ഥന ഇന്ത്യ അംഗീകരിക്കാതിരുന്നതും ശ്രദ്ധേയമായി. വാങ് യിയുടെ പത്രസമ്മേളനം ഒഴിവാക്കി പ്രസ്താവന മാത്രമായി പുറത്തിറക്കിയതും ചൈനീസ് വിദേശകാര്യമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ പ്രാധാന്യം കുറച്ചു. മേഖലയിലെ ഇന്ത്യയുടെ പുരാതനകാലം മുതലുള്ള പങ്കിനെ ചൈന ബഹുമാനിക്കുന്നതായും ഇന്ത്യയും ചൈനയും കൈകോര്‍ത്ത് പ്രവര്‍ത്തിക്കുകയാണെങ്കില്‍ ലോകത്തിന്റെ ശ്രദ്ധയാകെ അവിടേക്കാവുമെന്നും വാങ് യി പ്രസ്താവനയില്‍ വ്യക്തമാക്കി. അതിര്‍ത്തി സംഘര്‍ഷങ്ങള്‍ക്ക് പരിഹാരം കാണാത്ത ചൈനീസ് നിലപാടുകള്‍ക്കെതിരായ പ്രതിഷേധമാണ് വാങ് യിയുടെ സന്ദര്‍ശന വേളയില്‍ ഇന്ത്യ പ്രകടിപ്പിച്ചതും.  

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക