ദോഹ: ലോകകപ്പിനോളം ആവേശമുണ്ട് ലോകകപ്പിലെ ഓരോ ഗ്രൂപ്പുകളുടെയും വിശേഷമറിയാന്‍. ആരൊക്കെ ഒരേ ഗ്രൂപ്പിലെത്തും, മരണഗ്രൂപ്പ് ഏതാകും തുടങ്ങിയ ചോദ്യങ്ങള്‍ ഫുട്ബോള്‍ ആരാധകര്‍ കണക്കുക്കൂട്ടി തുടങ്ങി. ഖത്തര്‍ ലോകകപ്പിനുള്ള ടീം നറുക്കെടുപ്പ് നാളെ ദോഹയില്‍. ആവേശം വിതറുന്ന ലോക ശക്തികളും അട്ടിമറിക്കാന്‍ കെല്‍പ്പുള്ള കറുത്ത കുതിരകളും നറുക്കെടുപ്പിന്റെ ശ്രദ്ധാകേന്ദ്രങ്ങളാണ്.
ലോകകപ്പിന് യോഗ്യത 32 ടീമുകള്‍ക്ക്. ആകെ എട്ട് ഗ്രൂപ്പുകളായി തിരിക്കും. ഓരോ ഗ്രൂപ്പിലും നാല് ടീമുകള്‍. ലോക റാങ്കിങ്ങില്‍ മുന്നിലുള്ള ഏഴ് രാജ്യങ്ങളും ആതിഥേയരായ ഖത്തറും നറുക്കെടുപ്പിനുള്ള ഒരു പോട്ടില്‍. പ്രധാന ടീമുകളെല്ലാം ഈ പോട്ടിലുണ്ടാകും. രണ്ടാമത്തെ പോട്ടില്‍ അടുത്ത മുന്‍നിരക്കാരായ എട്ട് ടീമുകള്‍. ഇതേ രീതിയില്‍ മൂന്നും നാലും പോട്ടുകള്‍ ക്രമീകരിക്കും. ആകെ നാല് പോട്ടുകളാകും ഉണ്ടാവുക. രണ്ടാം പോട്ടില്‍ പ്രമുഖ ടീമുകളുള്ളത് നറുക്കെടുപ്പിന്റെ ആവേശം വര്‍ധിപ്പിക്കും. ജര്‍മ്മനി, നെതര്‍ലന്‍ഡ്സ്, ക്രൊയേഷ്യ, ഡെന്മാര്ക്ക്, ഉറുഗ്വെ ടീമുകള്‍ ശക്തരാണ്. മൂന്നാം പോട്ടില്‍ പോളണ്ട്, സെര്‍ബിയ, ഇറാന്, സെനഗല്‍ ടീമുകളുള്ളത് മരണ ഗ്രൂപ്പിനും സാധ്യത വര്‍ധിപ്പിക്കുന്നു.
നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന എ മുതല്‍ എച്ച് വരെയുള്ള ഗ്രൂപ്പിലെ ടീമുകള്‍ പരസ്പരം ഓരോ മത്സരം കളിക്കും. ആകെ നാല് ടീമുകളുള്ളതില്‍ മുന്നിലെത്തുന്ന രണ്ട് പേര്‍ക്കാകും പ്രീ ക്വാര്‍ട്ടറിലേക്ക് യോഗ്യത. 16 ടീമുകള്‍ പ്രീ ക്വാര്‍ട്ടറിലെത്തും. പ്രീ ക്വാര്‍ട്ടര്‍ മുതല്‍ നോക്കൗട്ട് തുടങ്ങും. എ ഗ്രൂപ്പിലെ ഒന്നാമന് ബി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരുമായി പ്രീ ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടും. എ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാര്‍ ബി ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരുമായും കളിക്കും. ഈ ക്രമത്തില്‍ സി-ഡി, ഇ-എഫ്, ജി-എച്ച് ഗ്രൂപ്പിലെ വിജയികള്‍ പ്രീ ക്വാര്‍ട്ടറില്‍ എതിരാളികളാകും.
എട്ട് ടീമുകള്‍ ക്വാര്‍ട്ടറിലും, നാല് ടീമുകള്‍ സെമിയിലുമെത്തും. സെമിയില്‍ തോല്‍ക്കുന്നവര്‍ക്കായി മൂന്നാം സ്ഥാനത്തേക്ക് മത്സരമുണ്ടാകും. നവംബര്‍ 21 മുതല്‍ ഡിസംബര്‍ രണ്ട് വരെയാണ് ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍. മൂന്ന് മുതല്‍ ആറ് വരെ പ്രീ ക്വാര്‍ട്ടര്‍. ഒമ്പതിനും പത്തിനും ക്വാര്‍ട്ടര്‍. 13, 14 സെമി. 17ന് മൂന്നാം സ്ഥാനക്കാര്‍ക്കായുള്ള മത്സരം. 18ന് ഫൈനല്‍.
പോട്ട് 1
ഖത്തര്‍, ബല്‍ജിയം, ബ്രസീല്‍, ഫ്രാന്‍സ്, അര്‍ജന്റീന, ഇംഗ്ലണ്ട്, സ്പെയ്ന്‍, പോര്‍ച്ചുഗല്‍
പോട്ട് 2
ഡെന്മാര്ക്ക്, നെതര്‍ലന്‍ഡ്സ്, ജര്‍മ്മനി, മെക്സിക്കോ, യുഎസ്, സ്വിറ്റ്സര്‍ലന്‍ഡ്, ക്രൊയേഷ്യ, ഉറുഗ്വെ
പോട്ട് 3
സെനഗല്‍, ഇറാന്, ജപ്പാന്, മൊറോക്കോ, സെര്‍ബിയ, പോളണ്ട്, ദക്ഷിണ കൊറിയ, ടുണീഷ്യ
പോട്ട് 4
ഓസ്ട്രേലിയ/യുഎഇ/പെറു, ന്യൂസിലന്‍ഡ്/കോസ്റ്ററിക്ക, ഉക്രൈന്/സ്കോട്ട്ലന്‍ഡ്/വെയ്ല്‍സ്, സൗദിഅറേബ്യ, ഇക്വഡോര്‍, ഘാന, കാമറൂണ്‍, കാനഡ
പ്രതികരിക്കാൻ ഇവിടെ എഴുതുക: