കൊല്‍ക്കൊത്ത: ബിജെപിക്ക് വോട്ടു ചെയ്യുന്നവരെ സ്വസ്ഥമായി ജീവിക്കാന്‍ അനുവദിക്കില്ലെന്ന പരസ്യഭീഷണി മുഴക്കിയ തൃണമൂല്‍ എംഎല്‍എ നരേന്ദ്രനാഥിനെ (നരേന്) ബംഗാളിലെ ഏപ്രില്‍ 12ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ പ്രചാരണം നടത്തുന്നതില്‍ നിന്നും തെരഞ്ഞെടുപ്പ് കമ്മീഷന് വിലക്കി. ഒരാഴ്ചത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പാണ്ഡബേശ്വര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള തൃണമൂല്‍ എംഎല്‍എ നരേന്ദ്രനാഥ് ചക്രബര്‍ത്തി ബിജെപി വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുന്ന വീഡിയോ വൈറലായതോടെയാണ് പ്രശ്നമായത്. വീഡിയോ വന്നതോടെ തൃണമൂല്‍ എംഎല്‍എയ്ക്ക് കുറ്റം നിഷേധിക്കാനുമായില്ല.
‘ഉറച്ച ബിജെപി വോട്ടര്‍മാരെ മാറ്റിയെടുക്കാനാവില്ല. അവരെ ഭീഷണിപ്പെടുത്തണം. നിങ്ങള്‍ വോട്ടുചെയ്യാന്‍ പോകുമ്പോള്‍ നിങ്ങള്‍ ബിജെപിയ്ക്കാണ് വോട്ടു ചെയ്യുന്നതെന്ന് ഞങ്ങള്‍ക്ക് ഊഹിക്കാം. പക്ഷെ വോട്ടു ചെയ്തു മടങ്ങിയാല്‍ പിന്നെ നിങ്ങളുടെ ജീവിതം അപകടത്തിലാണ്. ഇനി നിങ്ങള്‍ വോട്ടു ചെയ്യാന്‍ പോയില്ലെങ്കില്‍ നിങ്ങള്‍ ഞങ്ങളെ പിന്തുണച്ചുവെന്ന് കണക്കാക്കും. അപ്പോള്‍ നിങ്ങള്‍ക്ക് ജീവിക്കാം, കച്ചവടം ചെയ്യാം, എവിടെ വേണമെങ്കിലും ജോലി ചെയ്യാം. ഞങ്ങളും നിങ്ങള്‍ക്കൊപ്പമുണ്ടാകും. മനസ്സിലായോ’- തൃണമൂല്‍ എംഎല്‍എ നരേന്ദ്രനാഥ് എംഎല്‍എ വീഡിയോയില്‍ നടത്തുന്ന സംഭാഷണമാണിത്. ഈ ഭീഷണിയുടെ വീഡിയോ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ട്വിറ്ററില്‍ പങ്കുവെച്ചത് കാണാം:
‘വോട്ടര്‍മാര്‍ക്ക് അവരുടെ വോട്ടവകാശം സ്വതന്ത്രമായും നീതിപൂര്‍വകമായും സമാധാനപരവുമായി വിനിയോഗിക്കാന്‍ കഴിയുന്നതില്‍ നിന്നും ഈ ഭീഷണി അവരെ തടയുന്നു. അതിനാല്‍ ജനപ്രതിനിധി നിയമത്തിലെ സെക്ഷന്‍ 123ലെ രണ്ടാം ഉപസെക്ഷന്‍ എന്ന വകുപ്പിന്റെയും ഇന്ത്യന്‍ ശക്ഷാ നിയമത്തിലെ 171സി, 171 എഫ് എന്നീ വകുപ്പുകളുടെയും ലംഘനമാണ്.’- തെരഞ്ഞെടുപ്പ് കമ്മീഷന് പറയുന്നു. വോട്ടര്‍മാരോട് നടത്തിയ ഈ ഭീഷണി മൂലം ഏപ്രില്‍ 12ന് നടക്കുന്ന അസന്‍സോള്‍ ലോക്സഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പിലെ പ്രചാരണപ്രവര്‍ത്തനങ്ങളില്‍ നിന്നുമാണ് തൃണമൂല്‍ എംഎല്‍എയെ തെരഞ്ഞെടുപ്പ് കമ്മീഷന് വിലക്കിയത്.
ബിജെപിയെ സംബന്ധിച്ചിടത്തോളം അഭിമാനപ്പോരാട്ടമാണ് അസന്‍സോള്‍ ലോക്സഭാ മണ്ഡലത്തിലേത്. ഇവിടെ ബിജെപിയില്‍ നിന്നും കൂറുമാറിയ നടന് ശത്രുഘന്‍ സിന്‍ഹയാണ് തൃണമൂല്‍ സ്ഥാനാര്‍ത്ഥി. ഫാഷന്‍ ഡിസൈനിങ്ങില്‍ നിന്നും രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞ അഗ്നിമിത്ര പോളാണ് ബിജെപി സ്ഥാനാര്‍ത്ഥി. ഇപ്പോള്‍ അസന്‍സോള്‍ ദക്ഷിണ് സീറ്റില്‍ ബിജെപി എംഎല്‍എയാണ് അഗ്നിമിത്ര പോള്‍. ബിജെപി എംപിയായിരുന്ന ബാബുല്‍ സുപ്രിയോ രാജിവെച്ചതോടെയാണ് ഈ സീറ്റിലേക്ക് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: