ന്യൂദല്‍ഹി: ‘മിഷന് 100% വൈദ്യുതീകരണം’ കീഴില്‍ 740 കിലോമീറ്റര്‍ കൊങ്കണ്‍ റെയില്‍വേ പാതയുടെ വൈദ്യുതീകരണം പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ റെയില്‍വേയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. മിഷന് 100% വൈദ്യുതീകരണത്തിന്റെ’ ശ്രദ്ധേയമായ വിജയത്തിനും സുസ്ഥിര വികസനത്തിന്റെ പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിച്ചതിനും മുഴുവന്‍ കൊങ്കണ്‍ റെയില്‍വേ ടീമിനും അഭിനന്ദനങ്ങള്‍ എന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
പുതുതായി വൈദ്യുതീകരിച്ച കൊങ്കണ്‍ റെയില്‍വേ റൂട്ടില്‍ വൈദ്യുത ട്രാക്ഷനോടുകൂടിയ ട്രെയിന്‍ പ്രവര്‍ത്തനങ്ങള്‍ ഘട്ടം ഘട്ടമായി നടപ്പാക്കുമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. 2015 നവംബറിലാണ് കൊങ്കണ്‍ റെയില്‍വേയുടെ 741 കിലോമീറ്റര്‍ പാതയുടെ വൈദ്യുതീകരണത്തിന് തറക്കല്ലിട്ടത്.
പദ്ധതിയുടെ ആകെ ചെലവ് 1287 കോടി രൂപയാണ്. 2020 മാര്‍ച്ച് മുതല്‍ ആറ് ഘട്ടങ്ങളിലായി മുഴുവന്‍ കൊങ്കണ്‍ റെയില്‍വേ റൂട്ടിന്റെയും സിആര്‍എസ് പരിശോധന വിജയകരമായി നടത്തി. ഏകദേശം 91 ടണലുകളും 1,880 പാലങ്ങളുമുള്‍പ്പെടെ ഇന്ത്യന്‍ റെയില്‍വേ ശൃംഖലയിലെ ഏറ്റവും വലിയ റെയില്‍വേ റൂട്ടുകളിലൊന്നായ കൊങ്കണ്‍ റെയില്‍വേ മഹാരാഷ്ട്ര, ഗോവ, കര്‍ണാടക എന്നീ സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്നു.
നിലവില്‍ പ്രതിദിനം ശരാശരി 16 ജോഡി മെയില്‍ എക്സ്പ്രസ് ട്രെയിനുകളും 10 ജോഡി ഗുഡ്സ് ട്രെയിനുകളും കൊങ്കണ്‍ റൂട്ടില്‍ ഓടുന്നു. റെയില്‍വേ ലൈനുകളുടെ വൈദ്യുതീകരണം ഊര്‍ജ്ജ ചെലവും പ്രാദേശിക മലിനീകരണവും കുറയ്ക്കും. ഡീസല്‍ ലോക്കോമോട്ടീവുകള്‍ ഇല്ലാതാക്കുന്നത് വഴി ഇന്ധനച്ചെലവ് ലാഭിക്കുകയും പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുകയും ചെയ്യും. ഇത് പ്രതിവര്‍ഷം 150 കോടി രൂപയുടെ ലാഭം ഉണ്ടാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: