കൊച്ചി : സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട പല ചോദ്യങ്ങള്‍ക്കും സര്‍ക്കാരിന്റെ പക്കല്‍ ഉത്തരമില്ല. പോലീസിനെ രംഗത്തിറക്കി ബലം പ്രയോഗിച്ച് സ്വകാര്യ ഭൂമികളിലൂടെ നടത്തുന്ന സര്‍വേകളും കല്ല് സ്ഥാപിക്കലും ആശങ്കാ ജനകമാണെന്ന് രൂക്ഷ വിമര്‍ശനവുമായി കത്തോലിക്ക സഭ. ദീപിക ദിനപത്രത്തില്‍ ഡോയ മൈക്കിള്‍ പുളിക്കല്‍ എഴുതിയ ലേഖനത്തിലാണ് ഇത്തരത്തില്‍ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
സില്‍വര്‍ ലൈന്‍ പദ്ധതിയെ അന്ധമായി പിന്തുണക്കാനില്ല. ജനങ്ങളില്‍ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള ആശങ്ക അകറ്റേണ്ടതാണ് ആവശ്യം. സാമ്പത്തികവും സാമൂഹികവുമായ ഒരുപാട് ചോദ്യങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കിടയിലുണ്ട്. ഇത് ദുരീകരിക്കാനും ആശങ്ക അകറ്റാനും സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കുവാന് കടപ്പെട്ടിരിക്കുന്ന സര്‍ക്കാര്‍ പോലീസിനെ ഇറക്കി ബലം പ്രയോഗിച്ച് സര്‍വ്വേ കല്ല് സ്ഥാപിക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും ലേഖനത്തില്‍ പറയുന്നു.
ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാതെ ബലപ്രയോഗം നടത്തി അടിച്ചമര്‍ത്തുന്ന രീതി അംഗീകരിക്കാനാകില്ല. അത് ആശ്വാസ്യവുമല്ല. സാമ്പത്തികമായി വലിയൊരു തകര്‍ച്ചയിലേക്ക് സംസ്ഥാനം നീങ്ങുന്നുവെന്ന മുന്നറിയിപ്പ് സിഎജിയും നിരവധി സാമ്പത്തിക വിദഗ്ധരും നല്‍കിയിട്ടുണ്ട് . ഈ സാഹചര്യത്തില്‍ അടിസ്ഥാന ആവശ്യങ്ങള്‍ പോലും മാറ്റിവച്ച് ഭീമമായ തുക വായ്പ എടുത്ത് കെ റെയില്‍ പദ്ധതി നടപ്പാക്കാന്‍ ശ്രമിച്ചാല്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.
നിലവിലുള്ള റെയില്‍വേ പാതയും റെയില്‍വേ ഭൂമിയും പരമാവധി ഉപയോഗിച്ചു കൊണ്ട് പദ്ധതി ചെലവ് പരമാവധി കുറച്ച് ഹൈസ്പീഡ് ട്രെയിന്‍ സര്‍വീസുകള്‍ ഉള്‍പ്പെടെയുള്ള ബദല്‍ ഗതാഗത സാധ്യതകളെ കുറിച്ച് പഠിക്കാനും നടപ്പിലാക്കാനും ശ്രമിക്കണം. പൊതുജനത്തിന്റെ സംശയങ്ങള്‍ ദുരീകരിച്ചും ആശങ്കകള്‍ അകറ്റിക്കൊണ്ടും വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ ഭരണാധികാരികള്‍ക്ക് കഴിയണമെന്നും ലേഖനത്തില്‍ പറയു്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: